രചന : മംഗളൻ. എസ് ✍
കാണാൻ ചേലില്ലാതൊരുവൻ
കാർവർണ്ണമുള്ളൊര് പുലയൻ
കാലാകെ ചേറു പുരണ്ടോൻ
കാലത്തേ പാടത്തണയോൻ
തൊഴിലോ ചേറിന്മേലുള്ളോൻ
തൊലിയോ കറുത്തിരുണ്ടോൻ
തൊണ്ണൂറുതികഞ്ഞോരുവൻ
തൊഴിലു നിർത്താത്തോരുവൻ..
കണ്ടം ഉഴുതു മറിപ്പോൻ
കണ്ടത്തില് വിത്തുവിതപ്പോൻ
ഞാറുകൾ പാടത്ത് നിറപ്പോൻ
ഞാറ്റടി പാത തെളിപ്പോൻ..
മുണ്ടുമുറുക്കിയുടുത്തോൻ
മുണ്ടകം പാടം നനയ്ക്കാൻ
പാടത്തെ ജലചക്രത്തിൻ
പാദം ചവിട്ടും കൃഷകൻ..
മണ്ണിനെ പ്രണയിക്കുന്നോൻ
മണ്ണീന്നന്നം വിളയിപ്പോൻ
അന്നം നാടാകെ നിറപ്പോൻ
അന്നം ലഘുവായ് ഭുജിപ്പോൻ..
മണ്ണിൽ വിയർപ്പു നനപ്പോൻ
മണ്ണിൽ പൊന്നു വിളയിപ്പോൻ
മണ്ണിൽ മരിച്ചു ലയിപ്പോൻ
മണ്ണിൻ മകനാം കൃഷകൻ!