രചന : സിന്ധു മനോജ് ✍
എന്റെ പ്രിയപ്പെട്ടവന് .
അത് വേണ്ട
എന്റെ ഉണ്ണി ഏട്ടന് ,,
അതുമതി എനിക്കങ്ങനെ വിളിക്കാനാ ഏറെ.ഇഷ്ടം..
ഉണ്ണി ഏട്ടാ.. അങ്ങിനെ വിളിക്കട്ടെ ഞാൻ..
എനിക്ക് എങ്ങിനെ എഴുതി തുടങ്ങണം എന്നറിയില്ല .. ആദ്യമായിട്ടാ ഇങ്ങനെ ഒരു എഴുത്ത്…ആകെ ഒരു വെപ്രാളം … വല്ലാത്ത നാണമോ.. പേടിയോ.. എന്തൊക്കെയോ..
ഇന്ന് സ്ക്കൂൾ വിട്ട് വരുമ്പോൾ അമ്മുവിന്റെ വീടിന്റെവിടത്തെ വളവ് തിരിഞ്ഞ്പാടത്തിന്ററ്റത്ത് എത്തിയപ്പഴേ ഞാൻ കണ്ടു. ദൂരേന്ന് നടന്നു വരുന്ന ഉണ്ണി ഏട്ടനെ.. കൂട്ടുകാരെ എല്ലാം മുന്നിലാക്കി ഞാൻ മന:പൂർവ്വം പിന്നിലായത് ഉണ്ണി ഏട്ടനെ ഒന്ന് നേരിൽ കാണാൻ വേണ്ടി തന്നെയാ.
ആ പാടവരമ്പിൽ എന്റ മുന്നിലൂടെ നടന്ന് ആ കടലാസു തുണ്ട് താഴെയിട്ടപ്പോൾ ചുറ്റും നോക്കി എത്ര പണിപ്പെട്ടാ ആരും കാണാതെ ഞാനത് എടുത്തത് എന്നറിയോ.. എവിടെ ഒളുപ്പിക്കണമെന്നറിയാതെ… വല്ലാത്തൊരു അവസ്ഥയായിരുന്നു . ഒരു ബോംബ് കൈയിൽ കൊണ്ടു നടക്കും പോലെ .. തുറന്നു നോക്കാതെ എത്ര നേരം ഞാനത് കൊണ്ടു നടന്നു എന്നറിയോ?ആദ്യം പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചു.. പിന്നെ ചേച്ചി കാണുമോ .. വീട്ടിലറിയുമോ എന്ന് പേടിച്ച് ഒടുവിൽ എന്റെ കുപ്പായത്തിനുള്ളിൽ തന്നെ ഒപ്പിച്ചു വച്ച് തട്ടിൻെറ മുകളിൽ കയറി ആർത്തിയോടെ ഒറ്റ ശ്വാസത്തിൽവായിച്ചു തീർത്തു. പിന്നെ… ഒന്നല്ല നാലു തവണ വായിച്ചു. കയ്യും കാലുമൊക്കെ വല്ലാത്തൊരു വിറയായിരുന്നു .. സന്തോഷവും പേടിയും എല്ലാം കൂടെ ..
എന്റെഉണ്ണിഏട്ടാ …ഇനി ഇങ്ങനെ ഒന്നും വേണ്ടാട്ടൊ .. എനിക്ക് പേടിയാ.. . ഏട്ടൻമാരും,വല്യമ്മയും അമ്മയും അറിഞ്ഞാൽ പിന്നെ അവര് എന്നെതല്ലി കൊല്ലും. ഏട്ടൻമാർ ചിലപ്പോൾ ഉണ്ണി ഏട്ടനേയും .
. ഉണ്ണി ഏട്ടനെഎനിക്കിഷ്ടാണ് ഒരുപാട് ഒരു പാട്.. ഉണ്ണി ഏട്ടൻ വൈകീട്ട് സൊറ പറയാൻ ആ പാലത്തിന്റെ മോളില് വന്നിരിക്കുമ്പോൾ ഞാനെന്നും തട്ടിൻപുറത്തെ ജനലഴിയിലൂടെ നോക്കി നില്ക്കാറുണ്ട്.
നമ്മളിതൊന്നുമില്ലാതെ തന്നെ കണ്ണിലൂടെ നമ്മുടെ പ്രണയം പറയുന്നതല്ലേ .. എത്ര നാളായി നമ്മൾ മനസു കൊണ്ട് ഹൃദയം കൈമാറി നടക്കുന്നു… കുട്ടിക്കാലം തൊട്ടേ..കളി പറഞ്ഞും തല്ലുകൂടിയും ചിരിച്ചും കളിച്ചും എത്ര നടന്നതാ.. പിന്നെ ചില നോട്ടങ്ങളിലൂടെ അമ്പലത്തിലേക്കു പോവുമ്പോൾ ആലിന്റെ ചോട്ടിൽ കാത്തിരിപ്പ്.. എല്ലാംഞാൻഅറിഞ്ഞിരുന്നു.
അന്ന് ‘ഒരിക്കൽ സ്ക്കൂള് വിട്ടു വരുമ്പോൾപെട്ടെന്നുള്ള മഴയിൽ കുടയില്ലാതെ ഓടി വരുമ്പോൾ ആ നടുപ്പാടത്ത് വച്ച് ഉണ്ണി ഏട്ടന്റെ കുടയുടെ കീഴിൽഎത്രമുട്ടിയുരുമ്മി നമ്മൾ നടന്നു. പിന്നീട് എത്രയോ തവണ.ഈ നാട്ടിടവഴികളിലൂടെ നമ്മൾ ചേർന്നുനടന്നു.. അന്നൊന്നുമില്ലാത്ത വല്ലാത്ത ഒരു കുളിര് ഇന്ന് ഈ കത്ത് വായിച്ചപ്പോൾ .
. എന്തിനാ എന്നെ ഇത്രയും സ്നേഹിക്കുന്നത്? ഞാനാരാ ഉണ്യേട്ടന്റെ?പറ്റിക്കോ .. എന്നെ..? നൂറു ചോദ്യങ്ങളാ മനസു നിറയെ.. എന്നാലും കണ്ണടക്കുമ്പോൾ ഉള്ളിൽ നിറഞ്ഞു നില്ക്കാണ് എന്റെ ഉണ്ണി ഏട്ടൻ…
ആമ്പൽ പൂക്കൾനിറഞ്ഞു നിലക്കുന്ന കുളത്തിനരികിലൂടെ പൂത്തു നില്ക്കുന്ന പാടത്തെ വിളഞ്ഞ നെൽകതിർ തലോടി…ഉണ്ണി ഏട്ടന്റെ കൈയും പിടിച്ച് അങ്ങ്ദൂരെ കാണുന്ന ആ മാഞ്ചേരി മലയിലേക്ക് .. ഓടിക്കേറാൻ തോന്നുന്നു…അവിടെ നിന്നും താഴേക്ക് ഒരു മഴവെള്ളപ്പാച്ചിൽ പോലെ കുത്തി ഒലിച്ച് മുങ്ങാംകുഴിയിട്ട് ഊർന്നിറങ്ങാൻ മനസ് പെരുമ്പറ കൊട്ടുന്ന പോലെ. പക്ഷെ … പേടിയാണ് .. ഒന്നും നടക്കില്ല. ചെക്കൻമാരോട്മിണ്ടാൻ പാടില്ല ചിരിക്കാൻ പാടില്ല.. നോക്കാൻ പാടില്ല. വല്യമ്മ എപ്പഴും ഉപദേശം തന്നെയാ. അച്ഛനില്ലാത്ത കുട്ട്യോളല്ലെ ഞങ്ങള് . അതിന്റെ പേടിയാ..
എനിക്കും അത്ര ധൈര്യമൊന്നുമില്ലാട്ടോ..
എന്നാലും ആരു കാണാതെഎഴുതി വച്ചതാ.. ഞാൻ . തരാൻ പറ്റുമോ എന്നു പോലും എന്നറിയാതെ…
എനിക്ക് .. എനിക്ക് അറിയില്ല .. എന്റെ ഉണ്ണ്യേട്ടനെ എനിക്ക് സ്വന്തമാക്കാൻ പറ്റുമോ എന്ന് .. എന്നാലും..ഈ ജൻമം മുഴുവനും കാത്തിരിക്കും ഞാൻ .. ഉറപ്പാണ്..
എന്ന്
ഉണ്ണ്യേട്ടന്റെ ശ്രീക്കുട്ടി.
🙏🏻 സിന്ധുഭദ്ര🌧️