ശവത്തെ പുതപ്പിച്ച രാമച്ചത്തിൽ
കുത്തിവെച്ച ചന്ദനത്തിരിക്കൂട്ടം പോലെ,
ഞാറ്
ഉണങ്ങിയ പുല്ലുകൾക്കടിയിൽ
വയലിൻ്റെ ജഡം
വിണ്ടു പൊട്ടിയ
കണ്ടത്തിൽ നിന്നുള്ള
അഗ്നിയെ
സമരപ്പന്തലിലേക്ക്
കൊടിയായ് പറത്തുമ്പോൾ
ശംഭുവും അംബാലയും
കരിഞ്ഞ കതിരിൻ നിശ്വാസങ്ങളാൽ
കണ്ണീർ വാതകത്തിന്
പ്രതിരോധം തീർക്കുന്നു
ഹൃദയം,
തിരിഞ്ഞു കൊണ്ടേയിരിക്കുന്ന
വലിയൊരു പങ്കയാണ്
ട്രാക്ടറിൻ രക്തക്കുഴലുകളിൽ നിന്ന്
പൊട്ടിയൊഴുകുന്നത്
പ്രതിരോധത്തിൻ്റെ
ബാരിക്കേഡുകളാണ്
തകർക്കപ്പെടുന്ന
പൊലീസ് കവചങ്ങളിൽ
ചുറ്റിക,
പഞ്ചാബിൻ്റെയും ഹരിയാനയുടെയും
ഗോതമ്പുപാടങ്ങളിൽ
പടഹധ്വനികളുയർത്തുന്നുണ്ട്
അരിവാളെന്നത് ,
ഞങ്ങടെ വികാരമാണ്
കൊയ്തും മെതിച്ചും
കുത്തിയും വേവിച്ചും
വിശപ്പു തീർന്ന്
നക്ഷത്രമുദിച്ച വെള്ളപ്പതാക
ഇന്ത്യയെന്ന ആമാശയമാണ്
നോക്കൂ….
ഗോതമ്പു ഞാറുകൾ
തുടിത്താളമിടുന്നത്
ഭാരതമെന്ന ചേറിലാണ്
ഞാറ്റടികൾ
ഞങ്ങളുടെ
പിളർന്ന ഉപ്പൂറ്റികളാണ്
➖➖➖

രാജേഷ് കോടനാട്

By ivayana