ദേവദത്തൻ പതിവ് പോലെ അന്നും രാത്രിയിൽ പൗർണമിയുടെ മുറിയുടെ ജനലിൽ തട്ടി വിളിച്ചു.. അവൾ പതുക്കെ ഒരു ജനൽ പാളി തുറന്നു..
ദേവദത്തനെ കണ്ടപ്പോൾ അവളുടെ ചുണ്ടുകളിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു..
ഇന്നെന്തേ വൈകിയത്..
അവൾ ചോദിച്ചു..
ഒരു മനസമാധാനവുമില്ല മോളു.. ജീവിച്ചിരിക്കുന്ന ഒരാളും മരിച്ചഒരാളും തമ്മിൽ വിവാഹം കഴിയ്ക്കാൻ ഇവിടെ ആരും സമ്മതിക്കില്ല.. ആ മന്ത്രവാദി നാളെ ഇങ്ങോട്ട് വരുന്നുണ്ട്..
ദേവദത്തൻ സങ്കടത്തോടെ പറഞ്ഞു..
അയ്യോ.. ദേവേട്ടാ ഇനി എന്ത് ചെയ്യും..
എനിക്കൊന്നും അറിഞ്ഞുകൂടാ പൗർണ്ണമിക്കുട്ടി..
നമ്മുടെ പ്രണയം ഇന്നത്തെ ഈ രാത്രി കൊണ്ട് അവസാനിക്കാൻ പോകുവാ..
അയ്യോ ദേവേട്ടൻ അങ്ങനെ പറയല്ലേ.. ദേവേട്ടനില്ലാതെ എനിയ്ക്ക് പറ്റില്ല..
എനിയ്ക്കും നി ഇല്ലാതെ പറ്റില്ല പൗർണമിക്കുട്ട്യേ.. ഞാൻ ജീവിച്ചിരുന്ന കാലത്ത് പൗർണമി കുട്ടി.. നി എന്തേ ജനിച്ചില്ല.. ഉണ്ണിമായയെന്ന ആ മൂദേവിയെ കെട്ടേണ്ടി വന്നത് കൊണ്ടല്ലേ ഈ ദേവേട്ടന് പൊട്ടക്കിണറ്റിൽ ചാടി ചാകേണ്ടി വന്നത്.. ഉം പിന്നെ എത്രയോ വർഷം ദേവേട്ടന് ആ പൊട്ടാക്കിണറ്റിൽ കിടക്കേണ്ടി വന്നു.. കിണറ്റിൻ കരയിലെ തൊണ്ടി പഴം പറിയ്ക്കാൻ എന്റെ പൗർണമി കുട്ടി വന്നതും പൗർണ്ണമികുട്ടിയുടെ പാദസരം പൊട്ടി കിണറ്റിൽ വീണതും ഈ ദേവേട്ടൻ ആ പാദസരം എടുത്തു തന്നതുമെല്ലാം ഒരു നിയോഗമാണ് പൗർണ്ണമിക്കുട്ടി..നമ്മൾ തമ്മിൽ കണ്ട് മുട്ടാനുള്ള ഒരു നിയോഗം..
ദേവേട്ടൻ അന്നാ പൊട്ടക്കിണറ്റിൽ ചാടി ചത്തത് എന്റെ ഭാഗ്യം… ഇല്ലെങ്കിൽ നമ്മൾ തമ്മിൽ കാണില്ലായിരുന്നു.. ഇത്രമേൽ പ്രണയിക്കില്ലായിരുന്നു.. അതെ നമ്മൾ ഒരുമിക്കേണ്ടവരാണ് ദേവേട്ടാ..
പൗർണമി പറഞ്ഞു..
പക്ഷെ നമ്മൾ ഒന്നാകാൻ ആരും സമ്മതിക്കില്ല..
ദേവദത്തൻ സങ്കടപ്പെട്ടു..
ഞാനാ മന്ത്രവാദിയെ കൊല്ലും ദേവേട്ടാ.. അയാൾ ഇങ്ങ് വരട്ടെ.. ബാധകേറിയതാണെന്നും വട്ടാണെന്നുമൊക്കെ പറഞ്ഞ് ഇവരെല്ലാം എന്നെയീ മുറിയിലിട്ട് പൂട്ടിയത് അയാളുടെ നിർദ്ദേശപ്രകാരമാ.. ദേവേട്ടൻ പ്രേതമാണെങ്കിൽ ഇവർക്കെന്താ.. ഞാൻ അല്ലേ ദേവേട്ടന്റെ കൂടെ ജീവിക്കുന്നത്.. ഞാൻ സഹിച്ചോളാം..
കൊല്ലണം അയാളെ…ആ മന്ത്രവാദിയെ..
ദേവദത്തൻ ദേഷ്യത്തോടെ പറഞ്ഞു..
പിറ്റേന്ന് മന്ത്രവാദി പൗർണമിയുടെ തറവാട്ടിൽ എത്തിയിരുന്നു..
വാതിലിന്റെ താക്കോൽ പഴുതിലൂടെ കാതോർത്ത് അയാൾ പറയുന്നത് കേൾക്കാൻ ശ്രമിക്കുകയായിരുന്നു പൗർണമി..
ഇവിടുത്തെ കുട്ടിയെ ശല്യം ചെയ്തിരുന്ന ദുരാത്മാവിനെ നോം ബന്ധിച്ചു കഴിഞ്ഞിരിക്കുന്നു.. ഇനിയാ കുട്ടീടെ അസുഖം ഭേദമാകും പേടി വേണ്ടാ..
മന്ത്രവാദി പറഞ്ഞത് കേട്ട് അവൾ ഭിത്തിയിൽ നെറ്റി ഇടിച്ച് കൊണ്ട് പൊട്ടി കരയാൻ തുടങ്ങി..
ദേവേട്ടാ…
കരച്ചിലിനിടയിൽ അവൾ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു..
അവളുടെ നെറ്റി പൊട്ടി രക്തം ഒഴുകി..
കുറച്ചു കഴിഞ്ഞപ്പോൾ അവൾ തറയിയിലേയ്ക്ക് കുഴഞ്ഞു വീണു..
ആ കുട്ടിയെ ഇങ്ങട് കൊണ്ട് വരിക..
മന്ത്രവാദി ആവശ്യപ്പെട്ടു..
പൗർണമിയുടെ അച്ഛനും ആങ്ങളമാരും അവളെ പൂട്ടിയിട്ടിരുന്ന മുറിയുടെ അടുത്തേയ്ക്ക് ചെന്നു.. പെട്ടന്ന് അവൾ വാതിൽ വലിച്ചു തുറന്ന് ഇറങ്ങി വന്നു.. അവളുടെ മുഖത്താകെ രക്തം കണ്ട് അവർ ഭയന്നു..
അയ്യോ എന്റെ കുട്ടിയ്ക്ക് ഇതെന്താ പറ്റ്യേ..
അവളുടെ അച്ഛൻ അങ്കലാപ്പോടെ ചോദിച്ചു..
ചത്തു… അത്ര തന്നെ..
പൗർണ്ണമി പറഞ്ഞു..
അച്ഛാ ഇവൾക്ക് വട്ട് മൂത്തന്നാ തോന്നുന്നത്..
അവളുടെ വലിയാങ്ങള പറഞ്ഞു..
കേശു വൈദ്യരെ വിളിക്കട്ടെ അച്ഛാ..
അവളുടെ ഇളയാങ്ങള ചോദിച്ചു..
ആദ്യം ആ മന്ത്രവാദിയെ ഇങ്ങ് വിളിയ്ക്ക്.. പൂട്ടിയിട്ട മുറി ഇവളെങ്ങാ തുറന്നത് താക്കോൽ ദാ എന്റെ കയ്യിലാ.. പ്രേതം ഇവൾടെ ദേഹത്ത് കേറിയടാ മക്കളേ..
പെട്ടന്ന് പൗർണ്ണമി പൊട്ടിച്ചിരിച്ചു..
അവളുടെ അച്ഛനും
ആങ്ങളമാരും ഭയന്നോടി പോയി..
അവർ പോയി മന്ത്രവാദിയോട് വിവരം അറിയിച്ചു..
അയാൾ ഒരു ഞെട്ടളോടെ ചാടി എഴുന്നേറ്റതും കയ്യിലിരുന്ന മരപ്പാവ തറയിൽ വീണ് രണ്ടായി ഒടിഞ്ഞു പോയി..
അയ്യോ..
മന്ത്രവാദി നിലവിളിച്ചുപോയി..
അപ്പോൾ ആ മരപ്പാവക്കുള്ളിൽ ബന്ധിക്കപ്പെട്ട ദേവദത്തന്റെ പ്രേതാത്മാവ് പുറത്തു കടന്നു…
എന്റെ ഭഗവതി.. ഇനി അവനെ ബന്ധിയ്ക്കണമെങ്കിൽ നൂറു വർഷം കഴിയണം.. അവനീ തറവാട് മുടിക്കും.. ഇവിടെ ഉള്ളവരുടെയൊക്കെ ചോര കുടിച്ചു വറ്റിയ്ക്കും..
മന്ത്രവാദി പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി വിറച്ചു..
അപ്പോൾ ദേവദത്തൻ എവിടുന്നോ അവരുടെ ഇടയിലേയ്ക്ക് വന്നു..
എനിയ്ക്ക് ഇവിടുത്തെ പൗർണമിയെ വിവാഹം കഴിയ്ക്കാൻ ആഗ്രഹമുണ്ട്..
ങേ.. പ്രേതം എല്ലാവരെയും കൊല്ലാൻ പോകുവാ അതിനിടയ്ക്ക് ആണോടാ വിവാഹക്കാര്യം.. നി ഏതാടാ..
പൗർണമിയുടെ അച്ഛൻ ദേവദത്തനോട് ദേഷ്യപ്പെട്ടു..
അയ്യോ ഇവൻ പ്രേതമാ.. ഇവനെയാ ഞാനാ മരപ്പാവയിൽ ബന്ധിച്ചത്..
മന്ത്രവാദി പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി വിറച്ചു..
പെട്ടന്ന് കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.. ആകാശം ഇരുണ്ട് പെരുമഴയ്ക്ക് തയ്യാറായി…
അച്ഛ.. അമ്മേ… ഞാൻ ദേവേട്ടന്റെ കൂടെ പോകുവാ.. നിങ്ങൾ രണ്ടാളും എന്നെ അനുഗ്രഹിക്കണം..
അങ്ങോട്ട് വന്ന പൗർണമി പറഞ്ഞു..
എടാ ഈ ഭ്രാന്തിയെ പിടിച്ച് മുറിയിലിട്ട് പൂട്ട്.. ഈ തെണ്ടിയുടെ കാല് തല്ലി ഒടിയ്ക്ക്..
പൗർണമിയുടെ വലിയാങ്ങള ഇളയവനെ നോക്കി അലറി..
അയ്യോ എല്ലാവരും ഇങ്ങോട്ട് ഓടി വായോ.. പൗർണ്ണമി മോള് ഇവിടെ മരിച്ചു കിടക്കുന്നു…
പെട്ടന്ന് പൗർണമിയുടെ നാത്തൂന്മാരുടെ കരച്ചിൽ കേട്ട് എല്ലാവരും അങ്ങോട്ട് ഓടി..
നോക്കിക്കോ നിന്നെയൊക്കെ ഞാൻ ബന്ധിയ്ക്കും..
മന്ത്രവാദി പറഞ്ഞത് കേട്ട് ദേവദത്തനും പൗർണ്ണമിയും അയാളെ ജ്വലിക്കുന്ന കണ്ണുകളോടെ നോക്കി..
എന്നിട്ട് അവർ രണ്ട് പേരും കൂടി ചേർന്ന് മന്ത്രവാദിയെ പൊക്കി എടുത്ത് കൊണ്ട് പോയി മുറ്റത്തെ കിണറ്റിലേയ്ക്കിട്ടു..
ഇനി നമുക്ക് പോകാം വാ..
ദേവദത്തൻ പൗർണമിയോട് പറഞ്ഞു.. അവൾ തലകുലുക്കി..
അപ്പോഴേക്കും മഴ പെയ്തു..
ആ മഴ നനഞ്ഞ് കൈ കോർത്ത് പിടിച്ച് ഇരുട്ടിലേയ്ക്കവർ നടന്നുപോയി..
ശുഭം

By ivayana