ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ചമയ്ക്കേണ്ടതില്ല ഭംഗിവാക്കുകൾ,
തൊടുക്കേണ്ടതില്ല പ്രേമസല്ലാപശരങ്ങൾ.
വേണ്ടിനിയുമീ കിന്നാരശ്രുതിമീട്ടലുകൾ
ആശ്ലേഷച്ചാന്താട്ടങ്ങൾ.
നിദ്രാവിഹീനസംവത്സരങ്ങൾ കൊഴുപ്പിച്ച പേക്കൂത്തുകൾ,
പേമാരി വർഷിച്ചു കുടികിടപ്പായ കാകോളസന്ധ്യകൾ,
ചുമച്ചു ചോരതുപ്പി മരിച്ചേപോയ പീതമേഘക്കനവുകൾ.
ആരണ്യകാണ്ഡമൂറ്റിക്കുടിച്ചേപോയ ജന്മകുതൂഹലങ്ങൾ.
സഹജീവനത്തിനെത്തിയ പേബാധകളെയെല്ലാമകറ്റി,
ഇനിയൊന്നുറങ്ങട്ടെ ഞാൻ.
ഗർഭകോവിലിൽനിന്നർഘ്യമായ് ഹോമാഗ്നിയിലേക്കു
പകർന്ന മാതാവിനെയോർക്കാതെ,
സനാഥലാവണ്യത്തിന്റെ തിടമ്പേറ്റാനിവളെ
മെരുക്കിവളർത്തിയ പിതാവിനെയോർക്കാതെ,
ഇനിയൊന്നുറങ്ങട്ടെ ഞാൻ.
അടവിയിൽ നിന്നിലേക്കെടുത്തുചാടി
ഉണങ്ങാക്ഷതമേൽപ്പിച്ച വാക്കുകളും
അവയ്ക്കുടമയ്ക്കത്രേ ആലവട്ടം വീശിയതിന്നോളമെന്നതും
ചുടുകാട്ടിലേക്കെടുക്കും വരേക്കെനിക്കു കൂട്ടിരിപ്പുകാർ.
നിനക്കു ഞാൻ വെറും ഭോഗവസ്തു,
നമ്മൾ സ്നേഹച്ചരടിൽ കൊരുക്കപ്പെടാത്തവർ.
കപടലാളനകളേറ്റ് ഉണരാതെ,
സ്വയമൊരുജ്ജീവനത്തിനു മുതിരാതെ
സ്വസ്ഥമായ് ഇനിയൊന്നുറങ്ങട്ടെ ഞാൻ.

ലത അനിൽ

By ivayana