1952 ഫെബ്രുവരി 21-ന് ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ സമരത്തിൽ പൊലീസ് വെടിവയ്പ്പിൽ രക്ത സാക്ഷിയായവരുടെ ഓർമ്മക്കായി ബംഗ്ലാദേശിൽ ആണ് ഭാഷാ ദിനം ആദ്യമായി ആചരിക്കുന്നത്.പിന്നീട് 1999 നവംബർ 17 നു യുനെസ്കോ ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃ ഭാഷാ ദിനമായി പ്രഖ്യാപിച്ചു . ലോക ഭാഷാ വർഷമായ 2008-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക മാനവും നൽകി.


ഇന്ന് ലോകത്തു സംസാരിക്കപ്പെടുന്നതിൽ ഏറ്റവും പഴയ ഭാഷകൾ ഗ്രീക്ക്, തമിഴ് , ഹീബ്രു , ചൈനീസ് , അറബിക് തുടങ്ങിയവയാണ്. ലോകത്ത് ദൃശ്യമാകുന്ന ആദ്യ ഭാഷ ഗ്രീക്ക് ആണെന്ന് കണക്കാക്കപ്പെടുന്നു .ഇന്ത്യയിലെ ഏറ്റവും പ്രാചീന ദ്രാവിഡ ഭാഷയായ തമിഴ് തമിഴ്‌നാട്ടിലും , ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും സംസാരിക്കുന്നുണ്ട് . മറ്റു പല രാജ്യങ്ങളിലും ഈ ഭാഷ സംസാരിക്കുന്നുണ്ട്. 8 കോടിയോളം ആളുകൾ സംസാരിക്കുന്ന തമിഴിന് സംസാരിക്കുന്നവരുടെ എണ്ണത്തിൽ 18-ആം സ്ഥാനമുണ്ട്.


മനുഷ്യപിതാവായ ആദം സംസാരിച്ചിരുന്നത് ഹീബ്രൂവാണെന്ന് ക്രൈസ്തവ – ജൂത മതഗ്രന്ഥങ്ങൾ സൂചിപ്പിക്കുന്നു ,ഹീബ്രു ഭാഷ ശതാബ്ദങ്ങൾക്കു മുൻപേ സംസാര ഭാഷയല്ലാതായെങ്കിലും ഇസ്രായേൽ എന്ന രാജ്യം രൂപീകരിച്ചപ്പോൾ ഈ ഭാഷയെ തിരികെ കൊണ്ടുവന്നു .ഇത് മൃതഭാഷകളെ പുനർ പ്രതിഷ്ഠിച്ചതിൽ ചരിത്രപരമായ തീരുമാനമായി അംഗീകരിച്ചിട്ടുണ്ട്. സംസ്‌കൃതം പ്രാചീനമായ ഒരു ഇൻഡോ യൂറോപ്യൻ ഭാഷയാണ് ,അത് ഒരു സംസാര ഭാഷയായിരുന്നോ എന്നതിൽ ചരിത്ര രേഖകളില്ല. എന്നാൽ ഇന്ന് ഇന്ത്യയിലും നേപ്പാളിലും ചിലയിടങ്ങളിലെങ്കിലും സംസ്കൃത ഭാഷ സംസാര ഭാഷയായി മാറിയിട്ടുണ്ട് .കൂടാതെ വേദ ഗ്രന്ഥങ്ങളും ഉപനിഷത്തുകളുമെല്ലാം എഴുതിയിരിക്കുന്ന സംസ്‌കൃത ഭാഷ നമ്മുടേതാണെന്നതിൽ നമുക്കഭിമാനിക്കാം. സാരമായ താരതമ്യമുള്ള ഹിന്ദി ഉറുദു തെലുങ്കു ഭാഷകൾ ഇന്ത്യയിൽ ധാരാളം സംസാരിക്കുന്നവരുണ്ട്. ഈ ഭാഷകൾക്കൊക്കെ എത്രയോ മുൻപേ നിലനിന്നിരുന്ന , സുമേറിയൻ, അക്കാഡിയൻ , ഹർറിയാൻ , ഇലമൈറ്റ്
ഭാഷകളുടെ ചരിത്ര ശേഷിപ്പുകൾ ഇന്നുമുണ്ട് .


ഹിന്ദിയും ജർമ്മനും സ്പാനിഷുംപേർഷ്യനുമുൾപ്പടെയുള്ള ഭാഷകൾ ഉടലെടുത്തത് പ്രോട്ടോ ഇൻഡോ യുറോപിയൻ എന്ന 3400 ബി .
സി .യിൽ മൺമറഞ്ഞുപോയ ഭാഷാ കുടുംബത്തിൽ നിന്നുമാണെന്നു ഒരു പക്ഷമുണ്ട് .
പരസ്പരം ആശയ വിനിമയത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഭാഷ .ഭാഷകൾക്ക് മനുഷ്യ രാശിയോളം പഴക്കമുണ്ട് .കാലാകാലങ്ങളിൽ
ഭാഷകളിൽ പുതിയ പദങ്ങളും ചിഹ്നങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട് .ലോകത്തിലുള്ള ഇരുനൂറോളം രാജ്യങ്ങളിൽ വിവിധ ഭാഷകൾ പ്രചാരത്തിലുണ്ട് .പാശ്ചാത്യർ ഇംഗ്ലീഷ് ഭാഷയും അതിന്റെ ഉപ ഭാഷകളും ഉപയോഗിക്കുമ്പോൾ മധ്യേഷ്യയിൽ അറബി ഭാഷക്കാണ് മുൻ‌തൂക്കം .നമ്മുടെ രാജ്യത്തു എറ്റവും കൂടുതൽ ഭാഷ ഉപയോഗിക്കുന്നു എന്ന പ്രത്യേകത എടുത്തു പറയേണ്ടിയിരിക്കുന്നു . ലോകത്തിലെ ആദ്യത്തെ സംസ്കാരമായ മെസൊപൊട്ടോമിയൻ സംസ്കാരം ഉടലെടുത്തത് യൂഫ്രട്ടിസ് ടൈഗ്രീസ് നദീ തീരങ്ങളിൽ നിന്നുമാണ് .അറബി ഭാഷയിൽ നിന്നുളള നിരവധി പുസ്തകങ്ങൾ ഈ സംസ്കാരത്തിന്റെ ഭാഗമായിട്ട് ഉണ്ട് . അതു മാത്രമല്ല ഇന്ത്യ മഹാരാജ്യത്തു നിന്നും ഉടലെടുത്ത സിന്ധു നദീതട സംസ്കാരം അഥവാ ഹാരപ്പ മോഹന്ജതരോ സംസ്കാരത്തിൽ നളന്ദയും തക്ഷശിലയും എന്ന സർവകലാശാലകൾ തന്നെ ഉണ്ടായിരുന്നു .സംസ്കൃത ഭാഷയിലെഴുതിയ വിവിധ ഗ്രന്ഥങ്ങൾ ഇവിടെയും ഉണ്ടായിരുന്നു .ഏതായാലും ഒരു ജനതയുടെ സാംസ്കാരിക മുന്നേറ്റം എന്നത് കലയും സാഹിത്യവും അവർ ജീവിക്കുന്ന ചുറ്റുപാടുകളെ കുറിച്ചുള്ള വ്യക്തമായ ധാരണയുമാണ് .ഇതിൽ കലയും സാഹിത്യവും നില കൊള്ളുന്നത് ഭാഷയുടെ അടിസ്ഥാനത്തിലാണ് .


മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛൻ മുതൽ നാടകാചാര്യൻ വില്യം ഷേക്സ്പിയർ വരെയുള്ളവരെ നാം കലാകാലങ്ങളിൽ വായിച്ചെടുത്തത് അവരെഴുതിയ വിവിധ ഭാഷയിലെ ഗ്രന്ഥങ്ങളിൽ നിന്നു തന്നെയാണ് .മാത്രമല്ല ഭാഷയുടെ അനന്ത സാധ്യതകൾ നമുക്ക് മുന്പിൽ തുറന്നിട്ട ആയിര കണക്കിന് മഹാരഥന്മാർ ജീവിച്ചു മരിച്ച ഈ ഭൂമിയുള്ളടത്തോളം അവരുടെ രചനകളോ ഭാഷ പ്രയോഗങ്ങളോ ഏതു ഭാഷയിലായാലും നിലനിൽക്കുന്നത് നമമുടെ സംസ്കാരവുമായി ഭാഷക്കുള്ള ഇഴയടുപ്പം കൊണ്ടു തന്നെയാണ്‌ .


ഭാഷകൾ എവിടെ നിന്നുണ്ടായി എങ്ങനെ ഉണ്ടായി എന്നതിനൊന്നും വ്യക്തമായ ഉത്തരം പറയാൻ കഴിയില്ല .ശബ്ദങ്ങളിലൂടെ തുടങ്ങി ലിപികളും വ്യാകരണങ്ങളും കടന്നു ഭാഷകൾ ഇന്ന് ലോകോത്തര സാഹിത്യത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും നിരവധി തദ്ദേശീയമായ ഭാഷകൾ ദിനം പ്രതി കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നു .”ഗ്രേറ്റ്‌ ആന്റമിക് “ഭാഷാ കുലത്തിലെ നിരവധി ഭാഷകൾ സംസാരിക്കാനാളില്ലാതെ മൃതിയടഞ്ഞതിന്റെ വാർത്തകൾ പുറത്തു വന്നിട്ട് അധികം നാളുകളായിട്ടില്ല .


നമ്മുടെ മാതൃ ഭാഷയായ മലയാളത്തോട് നമുക്ക് എത്രമാത്രം
താത്പര്യമുണ്ടെന്ന് നമ്മുടെ നാട്ടിൽകച്ചവട താല്പര്യത്തോടെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ എണ്ണം നോക്കിയാൽ മതി. മലയാളം എന്റെ കുട്ടി പറയേണ്ടതില്ല എന്ന മനോഭാവമുള്ള നൂറു കണക്കിന് ന്യൂ ജെൻ അമ്മമാർ നമ്മുടെ നാട്ടിലുണ്ടെന്നുള്ളത് അപമാനമാണ് .


ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തോ ലോകത്തെ മറ്റൊരു രാജ്യത്തോ ഇല്ലാത്ത ഈ മാതൃഭാഷ വിരുദ്ധ സമീപനം മലയാളികൾക്കിടയിൽ എങ്ങനെ കടന്നു കൂടി എന്നത് ഈ മാതൃഭാഷദിനത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടണം.
ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലുംമലയാളി സാന്നിധ്യമുണ്ട്.അത് കൊണ്ട്
തന്നെ നമ്മുടെ മാതൃ ഭാഷ ലോകംമുഴുവൻ പരന്നു കിടക്കുന്നു.
കേരളത്തിന് പുറത്തു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലും അമേരിക്ക ഉൾപ്പടെപാശ്ചാത്യ രാജ്യങ്ങളിലും കേരളാ സർക്കാർ ഏർപ്പെടുത്തിയ “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം “എന്ന പ്രമേയത്തോടെ പ്രവർത്തിക്കുന്ന മലയാളം മിഷൻ പ്രവർത്തനങ്ങളെഈ ദിനത്തിൽ പ്രത്യേകം അഭിനന്ദിക്കേണ്ടിയിരിക്കുന്നു .

നമ്മുടെ നാടും നാട്ടറിവും നാട്ടു ഭാഷയും നമുക്കന്യം നിന്ന് പോകാതിരിക്കാൻ ഒരുമിച്ചു കൈകോർക്കാം .ഏവർക്കും അന്താരാഷ്ട്ര മാതൃ ഭാഷാ ദിനാശംസകൾ ..

അഫ്സൽ ബഷീർ

By ivayana