രചന : കൃഷ്ണമോഹൻ കെ പി ✍
അമ്മയായെന്നുടെ നാവിൽ തുളുമ്പുന്ന
അക്ഷര ദേവീ മലയാളമേ
ആശയങ്ങൾക്കൊരു ആകാരമേകുവാൻ
ആശിപ്പവർക്കൊരു പൊൻമുത്തു നീ
ഇക്കണ്ട ഭൂമിയിലെത്രയോ ഭാഷകൾ
ഇഷ്ടമോടങ്ങു നിരന്നുനില്ക്കേ
ഈ കൊച്ചു കേരളഭൂമിതൻ നാളമായ്
ഈണമായ് നീയോ തുടിച്ചിടുന്നൂ
ഉത്തമമന്ദാരപുഷ്പത്തെപ്പോലവേ
ഉത്തമാംഗത്തിൽ തിലകവുമായ്
ഊഴിയിൽ പുഞ്ചിരി തൂകി നിന്നീടുന്നു
ഊഴങ്ങൾ കാക്കാതെയെന്നുമീ നീ
എൻ കരതാരിൽ ഞാൻ പേറുന്ന തൂലിക
എന്നും ചലിപ്പൂ നിനക്കു വേണ്ടി
ഏതൊരു വാക്യവും ഏതൊരു സ്വപ്നവും
ഏകയാം നിന്നിൽ അലിഞ്ഞിടുന്നു
ഐഹികമാകുന്ന ആശകളൊക്കെയും
അയ്യോ നിൻ മുന്നിൽ കുനിഞ്ഞിടുന്നൂ
ഒട്ടല്ല നിൻ പദ പത്മങ്ങൾ പുൽകുവാൻ
ഓടിയെത്തുന്നൂ ധുരന്ധരന്മാർ
ഔഷധമായി നീ ഭാഷ തൻ ലോകത്തിൽ
അംബുജം പോലെ വിരിഞ്ഞിടുമ്പോൾ
അസ്തമനത്തിൻ്റെ നിസ്തുല മേഘങ്ങൾ
അമ്മേ നിൻ ചാരുതയേറ്റിടുന്നൂ.