ഇടമറിയാതെ വിടവിലൂടെ
നനവു തേടിക്കയറിയതോ,
ഇരുകാലി മൃഗത്തിന്റെ
ജനനഗേഹമിതറിയുമോ
ആൽമരമെന്നൊരു
തണൽ മാത്രമാണു ഞാൻ
നിഷ്കരുണം വെട്ടിയെൻ
ശിഖരങ്ങളാദ്യം.
ഇടവേളയിലെപ്പൊഴോ
വേദനയിലെൻ മിഴിയടയേ
കൂടു തേടിയിണപ്പക്ഷികൾ
ചിലച്ചെത്തിയ മാത്രയിൽ
പാതി വിരിഞ്ഞ കിളിപ്പൈതങ്ങൾ
നിലത്തു വീണു പിടഞ്ഞതും
കാണുന്ന കണ്ണുകൾ
വന്യമായതോ ഇക്കാലം?
തായ്ത്തടിയിലെൻ
ഹൃദയം പിളർന്നതു
കോടാലിമൂർച്ചയോ,
കിളിക്കുരുന്നൊന്നിന്റെ
കരൾ നോവും കരച്ചിലോ?
അറിയില്ല ഞാൻ വെറും
ആൽമരമല്ലയോ…

റഫീഖ്. ചെറുവല്ലൂർ

By ivayana