ഉമ്മവച്ചാലുയിർക്കും
പറവകൾ
ചില്ലതോറുമുറങ്ങി
യിരിക്കയാൽ
തെല്ലു നേരം പൊറുക്കുക
കൈമഴു രാകിരാകിമിനുക്കിയിരിക്കുക.
വേടനില്ലാത്ത കാടകത്തൂറുന്ന
കണ്ണനില്ലാത്ത കാളിന്ദിയാണിത്
തെല്ലു നേരം ക്ഷമിക്കൂ
കലങ്ങലിൽ നിന്നൊരു
മീനിറങ്ങി വരും വരെ
നേരമേറെയില്ലെന്നൊരു പൂവിനെ
വണ്ടൊരുമ്മയാൽ
കോർത്തടുത്തീടുന്നു
ദൂരെ ദേവാലയത്തിലെ ദേവത
ചോരയിറ്റിച്ചുവക്കുന്നു ലജ്ജയിൽ
രണ്ടു വാക്കിൽ കുടുങ്ങിക്കിടക്കുന്നൊ
രൊറ്റയർത്ഥമാകുന്നുണ്ടു
ജീവിതം
ഉമ്മകൾ കൊണ്ടുയിർപ്പിച്ചെടുക്കുക
കണ്ണുനീരിൽ കഴുകിയെടുക്കുക

ബിജു കാരമൂട്

By ivayana