രചന : എൻ.കെ.അജിത് ആനാരി✍
പുലരിക്കു കുങ്കുമം പൂശും കതിരോന്റെ
പ്രഭയിൽക്കുളിച്ചു വസുധ നില്ക്കേ,
ഒഴുകി വന്നെത്തിയ മന്ദപവനനെൻ
കാതിൽ മൊഴിഞ്ഞുപോയ് സുപ്രഭാതം
ഒരുതിത്തിരിപ്പക്ഷിയരികത്തെ തെച്ചിയിൽ
ചിലതൊക്കെച്ചൊല്ലിച്ചിലച്ചിരിക്കേ,
കുലവാഴക്കൈയിൽ വടക്കോട്ടു നോക്കി
വിരുന്നു വിളിക്കുന്നു കാക്കപ്പെണ്ണ് !
ഉടനെന്റെയോർമ്മയിൽ പഴയകാലത്തിന്റെ
സ്മൃതിവന്നു കണ്ണിൽ തിളങ്ങിനില്ക്കേ
അറിയാതെയുളളിൽ തിടുക്കമായെന്നുടെ
നേർപെങ്ങൾ വരുമെന്ന ചിന്തയായി
ഒരുപായിൽ ഇടിയും ചവിട്ടും തൊഴിയുമായ്
ഒരു കമ്പളത്തിന്റെ ചൂടു പറ്റി
പതിയെപ്പൊതിഞ്ഞു കിടന്നൊരു പെങ്ങളെ
യറിയാതെ ഞാനിന്നുമോർത്തിടുന്നു
അവളെന്റെ തലയിൽ തിരുമുന്നയെണ്ണയ്ക്ക്
അതിയായ വാത്സല്യമായിരുന്നു
അവൾ ചൊല്ലും കഥകൾക്ക് മിഴിവാണ് കനി –
വിന്റെ മധുരം പുരട്ടിയ വാസനയും
വെറുതേയിരിക്കവേയവൾ പാടും പാട്ടുക-
ളറിയാതെ ഞാനേറ്റു പാടി നോക്കും
അതുതെറ്റി മുറിയുമ്പോൾ മടിയിലിരുത്തിയാ
വരിയൊക്കെച്ചൊല്ലുന്ന പൊന്നു പെങ്ങൾ
വളരെച്ചെറുപ്പത്തിൽ പിരിയേണ്ടിവന്നവർ,
അവളെന്നും പിരിയാതെൻ നെഞ്ചിനുള്ളിൽ
ഉഷസ്സായിയുണരുന്നു അജിയെന്നവിളിയായി
യറിയാതെയിടനെഞ്ഞിൽ വിങ്ങലായി !
കുലവാഴക്കൈയിലെ കാക്കതൻ വിളികേട്ട്
മരണത്തിൽ മറനീക്കിയവളെത്തുമോ
ഒരുവട്ടം കൂടിയെൻ തലയിൽ പുരട്ടുവാൻ
ഒരുകുപ്പിയെണ്ണ ഞാൻ വാങ്ങി വയ്ക്കാം !