രചന : ഷാജി പേടികുളം✍
ജീവിതം ആഗ്രഹങ്ങൾക്കും
പ്രതീക്ഷകൾക്കും
വശംവദമായൊഴുകുന്ന
ശാന്തമായ പുഴയല്ല.
പുറം ശാന്തതയും
അകം പ്രക്ഷുബ്ധവുമാണ്.
പുഴയുടെ ശാന്തതയി
ലാകൃഷ്ടരായിറങ്ങുന്നവർ
പുഴയുടെയുള്ളിലെ
പ്രക്ഷുബ്ധതയിൽ
അടിതെറ്റി വെള്ളം കുടിക്കും.
ജീവിതത്തിൽ മുൻവിധി
അബദ്ധവും അപ്രാപ്യവുമാണ്.
ചിന്തകൾക്കും ബുദ്ധിയ്ക്കു
മപ്പുറം ജീവിതത്തെ
സ്വാധീനിക്കുന്ന അദൃശ്യ
ശക്തികളുണ്ട്.
ആ ശക്തിയ്ക്കു മുന്നിൽ
വലിയ മനുഷ്യനും
ചെറിയ മനുഷ്യനും
പകച്ചു നിൽക്കുന്നതും
നിലവിളിക്കുന്നതും
പശ്ചാത്തപിക്കുന്നതും കാണാം.
ബുദ്ധിയോ ശക്തിയോ
പണമോ അധികാരമോ
ഒന്നിനുമാശക്തിയെ
വരുതിയിലാക്കാനാവില്ല.
മറിച്ച് അവയെല്ലാം
ആ ശക്തിക്കു വരുതിയിലാണ്.
കാണുന്നതിനും
കേൾക്കുന്നതിനും
അറിയുന്നതിനുമപ്പുറം
നാം നേരിടുന്ന ചില സത്യങ്ങൾ
ആ സത്യങ്ങളിലേയ്ക്ക്
നാമറിയാതെ നമ്മെ നയിക്കുന്ന
ശക്തിയ്ക്കു മുന്നിൽ
നമ്മളെത്ര നിസ്സഹായർ
നിരാലംബർ !!!