അമേരിക്കയില്‍ വെച്ച് മലയാളി നഴ്‌സിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. കുട്ടിയെയും കൊല്ലപ്പെട്ട മെറിനെയും ഭര്‍ത്താവ് ഫിലിപ്പ് മാത്യു കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയതായി സുഹൃത്ത് പറയുന്നു.
മെറിനെയും കുഞ്ഞിനെയും കൊന്ന് ജീവനൊടുക്കുമെന്ന് ഭര്‍ത്താവായ ഫിലിപ്പ് മാത്യു നിരന്തരം പറഞ്ഞിരുന്നു. ഭീഷണിയുടെ സ്വരത്തിലായിരുന്നു സംസാരം. മെറിന്റെ സഹപ്രവര്‍ത്തകയും സുഹൃത്തുമായ മിനിമോളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് മെറിന് നേരിടേണ്ടി വന്നത്. ഫിലിപ്പ് അപായപ്പെടുത്തുമെന്ന് നിരന്തരം പറഞ്ഞതോടെ വലിയ ഭയത്തിലായിരുന്നു മെറിന്‍. കൊല്ലാനുള്ള ശ്രമം അവള്‍ക്ക് നേരെ മുമ്പും ഉണ്ടായിരുന്നുവെന്നും മിനിമോള്‍ പറഞ്ഞു.
ഫിലിപ്പിന്റെ തന്നെ സഹോദരിയുടെ കുഞ്ഞുങ്ങളെ ആക്രമിക്കാനായി കത്തിയെടുത്ത് ഇയാള്‍ ചാടിയ കേസ് ഇപ്പോള്‍ യുഎസ്സിലുണ്ട്. മെറിനെ പലതവണ ശാരീരികമായി ആക്രമിക്കുകയും പോലീസിന്റെ സഹായം തേടുകയും ചെയ്തിരുന്നു. കോറല്‍ സ്പ്രിംഗ്‌സില്‍ ജോലിക്കെത്തിയത് മുതല്‍ മെറിനുമായി മിനിമോള്‍ക്ക് സൗഹൃദമുണ്ട്. യുഎസ്സിലേക്ക് മടങ്ങിയെത്തിയത് മുതല്‍ മിനിമോള്‍ക്കും കുടുംബത്തിനുമൊപ്പമാണ് മെറിന്‍ താമസിച്ചിരുന്നത്.
മരിക്കും മുമ്പ് ആംബുലന്‍സില്‍ വെച്ച് ഫിലിപ്പിനെതിരെ മെറിന്‍ മൊഴി നല്‍കിയിരുന്നു. 45 മിനുട്ടാണ് ആശുപത്രിക്ക് പുറത്ത് ഇയാള്‍ മെറിനെ കൊല്ലാനായി കാത്തിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. മെറിന്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിവാഹ മോചനത്തിനായി ശ്രമിച്ചതാണ് ഫിലിപ്പിനെ ചൊടിപ്പിച്ചത്. 17 തവണ മെറിന് കുത്തേറ്റിട്ടുണ്ട്. വണ്ടി ശരീരത്തില്‍ കൂടി കയറ്റി ഇറക്കി. ഫിലിപ്പ് സഹപ്രവര്‍ത്തകരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കരുതി കൂട്ടിയുള്ള കൊലയല്ല എന്ന ന്യായമാണ് ഉന്നയിക്കുന്നത്. മെറിന്‍ വിശ്വാസ വഞ്ചന കാണിച്ചതാണ് കൊലയ്ക്ക് കാരണമായി ഫിലിപ്പ് മൊഴി നല്‍കിയിരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഫിലിപ്പിനെ രണ്ട് കൈയ്യും ബാന്‍ഡേജ് ഇട്ട നിലയിലാണ് കോടതിയില്‍ ഹാജരാക്കിയത്.മുമ്പ് ഭാര്യയെ ഭീഷണിപ്പെടുത്തിയതിന് മാനസിക പ്രശ്‌നം മൂലം മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്നവരെ തടയാനുള്ള നിയമപ്രകാരം ഫിലിപ്പിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. വിവാഹ മോചന ആവശ്യവും ഭര്‍ത്താവ് തിരികെ ചെല്ലാന്‍ നിര്‍ബന്ധിക്കുന്നതും നേരത്തെ തന്നെ അമേരിക്കന്‍ പോലീസിനെ മെറിന്‍ അറിയിച്ചിരുന്നു.ഫിലിപ്പിനെ ഒരിക്കല്‍ കൂടി സമീപിക്കണമെന്നും, കുട്ടിയുടെ പിതാവിനെ നഷ്ടപ്പെടാന്‍ മെറിന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സുഹൃത്തായ മിനിമോള്‍ പറയുന്നു. 2019 ഡിസംബറില്‍ ഫിലിപ്പ് മാത്യുവുമായി മുന്നോട്ട് പോകാനാവില്ലെന്ന് മെറിന്‍ പറഞ്ഞിരുന്നു. അന്ന് കുടുംബവും ഇടപെട്ടു. പോലീസിലും പരാതി നല്‍കിയിരുന്നു.
മെറിനുമായി എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കണമെന്ന് പറഞ്ഞായിരുന്നു ഫിലിപ്പ് പോയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എന്നാല്‍ കൊലപാതകം ഞെട്ടിച്ചെന്നും കാര്യമറിയില്ലെന്നും ഇവര്‍ പറയുന്നു. ഫിലിപ്പ് ദേഷ്യക്കാരനും ഭാര്യം മെറിന്‍ വാശിക്കാരിയുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.