ഞായറാഴ്ചയായാലും രാവിലെ എണീക്കും.
അക്കാര്യത്തിൽ പതിവ് തെറ്റിക്കാറില്ല.
വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ
മുറ്റത്തേക്ക് പത്രം നീട്ടിയെറിഞ്ഞിട്ട് പത്രക്കാരൻ നിർത്താതെ പോയി..
കുറച്ച് കാലമായി കടക്കാരൻ മുതലാളി തന്നെയാണ് ബൈക്കിൽ പത്രം എത്തിക്കുന്നത്.
പിള്ളേരൊന്നും പത്രമിടാനില്ലേ…?
ഒരു ദിവസം വെറുതെ ചോദിച്ചു.
കഷ്ടപ്പെടുന്ന കുട്ടികളെയൊന്നും കിട്ടാനില്ലന്നേ. അഥവാ
വന്നാലും രണ്ടോ മൂന്നോ ദിവസം വരും..
വരില്ലന്ന് മുൻകൂട്ടി പറയാതെ പിള്ളേർ മുങ്ങിയാൽ ഇരട്ടിപ്പണിയാവും… അതിനേക്കാൾ
കഴിയുന്ന കാലത്തോളം ഒറ്റക്കാ നല്ലത്…
രവി പത്രവുമെടുത്ത് ചേതിക്ക് കയറിയിരുന്നു. പണ്ടേയുള്ള ശീലമാണ് നിലത്തിരുന്നുള്ള പത്രം വായന.
ഒന്നാം പേജ് ഫുൾ പരസ്യമാണ്. രണ്ടാം പേജിലേക്ക് മറിച്ചു.. പ്രാധാന്യമില്ലാത്ത വെണ്ടക്ക വാർത്തകൾ മൂന്നെണ്ണമുണ്ട്. ബാക്കിയെല്ലാം സ്ഥിരമായുളളവ തന്നെ.
വിവരമില്ലാത്തവരുടെ എഡിറ്റോറിയൽ ബോർഡാവാം..
നല്ല എഡിറ്റോറിയൽ പോലും പത്രത്തിൽ വരാറില്ല.
പ്രദേശിക വാർത്തകൾ ഇന്നലത്തെ . സ്ഥലവും പേരും മാറ്റി എഴുതിയതാണന്ന് തോന്നും. മരണ പേജിലെ വാർത്തകളും തഥൈവ ചിത്രങ്ങളും പേരും മാറ്റിയത്.
ബാക്കിയെല്ലാം ഇന്നലെയും ഇത് പോലെയായിരുന്നു…
8.50 പൈസ വെറുതെ പോയി.
പത്രം മടക്കി വെക്കുമ്പോഴേക്കും ശ്യാമ ചായകൊണ്ടുവന്നു…
ഇന്നെന്താ വായിക്കാനൊന്നും ഇല്ലേ….
പത്രവായന പെട്ടന്ന് മതിയാക്കിയത് കൊണ്ടാകും ചോദ്യം.
അകത്ത് ഫോൺ റിംഗടിക്കുന്നുണ്ടായിരുന്നു.
രാവിലെ ഏഴ് മണിക്കാരാണപ്പാ വിളിക്കാൻ…?
ഒന്നാ ഫോൺ ഇങ്ങെടുത്തേ..!…
ഹലോ… ആരാ..!
എന്താ കാര്യം… ?
ഷോപ്പ് തുറക്കുന്നുണ്ടോന്നറിയാൻ
വിളിച്ചതാണ്…
ഇന്ന് ലീവാണ്.. ഞായറാഴ്ചയല്ലേ…
ഫോൺ കട്ട് ചെയ്തു…
ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ തുറന്നിരുന്നിട്ടും കടം അതുപോലെ തടിച്ചുകൊഴുത്ത് കിടക്കുന്നുണ്ട്.. ഇനി ഇന്നും തുറന്നാലും മാറ്റമെന്നും ഉണ്ടാകാൻ പോകുന്നില്ല.
അതിൻ്റെ നീരസം വിളിച്ചയാൾക്ക് മനസിലായിട്ടുണ്ടാവുമോ ആവോ..!
ഫോൺ എടുത്ത് ഡാറ്റ ഓണാക്കി..
വേറെ ആരും വിളിച്ചിട്ടില്ല..
FB യുണ്ട്, ഇൻസ്റ്റയുണ്ട്, വാട്സപ്പുണ്ട്…
ഒന്നും നോക്കാറില്ല.. നോക്കിയാലും വെറുതെ നോക്കി വിടും..
ഇതൊക്കെ നിലവാരം കുറഞ്ഞവർക്ക് പറഞ്ഞ പണിയാണ് എന്ന് പണ്ടേ ഒരു തോന്നലും ഇല്ലാതില്ല..
ഇതിലൊക്കെ കളിക്കുന്നവർക് വേറെ പണിയും തൊരവും ഉണ്ടാവില്ല.
ഒരുതരം പുച്ഛത്തോടെ മുഖം ചുളിഞ്ഞു.
പതിനഞ്ചോളം ഗ്രൂപ്പും അഞ്ഞൂറോളം വാട്സപ്പ് നമ്പറും ഇതിലും ഉണ്ട്.. ഒന്നിലും കയറി അഭിപ്രായം പറയാറില്ല.
റിപ്ളെ മെസേജും അയക്കാറില്ല..
എന്തോ അതൊക്കെ അലവലാദികളുടെ ജോലി എന്ന ഒരു തരം ഈഗോ മനസിനെ ബാധിച്ചിട്ടുണ്ട്….. രവിയുടെ ഫോണിൽ 5 പേരുടെ മെസേജ് വന്ന് കിടപ്പുണ്ട്.. അതിൽ രണ്ടെണ്ണം ഏതോ കമ്പനിക്കാരുടെ പരസ്യം ആണ്. ബാക്കി മൂന്നെണ്ണം പഴയ കൂട്ടുകാരുടെ ശുഭദിനാശംസകളും…
അതിന് മറുപടിയായ് ഇമോജിയിട്ടു
സാധാരണ അതും ചെയ്യാൻ തോന്നാറില്ല..
ഒരു പണിയുമില്ലാത്തവർക്ക് നേരം കൂടാൻ ഓരോ കുന്ത്രാണ്ടങ്ങൾ.
എല്ലാ ഗ്രൂപ്പിലും രണ്ട് മൂന്നെണ്ണം ചറപറാന്ന് ചിലച്ചോണ്ട് എല്ലാ സമയവും ഉണ്ടാകും.മറ്റുള്ളവർക്ക് ശല്യമായാലും
എന്ത് പറഞ്ഞാലും നന്നാവാത്തവർ ദിവസവും ഗുഡ് മോർണിങ്ങും, ഗുഡ് നൈറ്റ് പറയാൻ വരുന്ന മറ്റ് ചിലർ…
ഫോൺ ഓഫാക്കി വെക്കാൻ നേരം എന്തോ ഒരു തോന്നൽ
ആർക്കെങ്കിലും ഇന്നൊരു മെസേജ് അയച്ചാലോന്ന് …. വേറെ കാര്യമായ പണിയൊന്നും ഇന്നില്ലല്ലോ
ഒരു മാറ്റം ആയിക്കോട്ടേന്ന്…
വീണ്ടും ഫോൺ എടുത്ത് സ്ക്രോൾ ചെയ്തു..
ഒന്ന് ….രണ്ട് ….മൂന്ന്… നാല്.. അഞ്ച്
പത്തിരുപത്തഞ്ച് പേരുകൾ മറിഞ്ഞു.
ഇവർക്കൊന്നും അയക്കണ്ട..
ജാഢക്കാരാണ്…
എന്നോട് പണ്ടേ മതിപ്പില്ലാത്തവർ..
വേണ്ട..
ശുഭദിനമാകട്ടെയെന്ന് പറയാൻ പോലും പറ്റുന്നവർ കോൺടാക്ട് ലിസ്റ്റിലില്ല
എന്നത് നിസ്സഹായതയാണ്.
പരാജയമാണ്.
സത്യമാണ്.
മുഖചിത്രങ്ങളും പേരും മേലോട്ട് പോയിക്കൊണ്ടിരുന്നു.. ഇത്രയും പേരുണ്ടായിട്ടും ഒരാൾക്ക് പോലും മെസേജ് അയക്കാൻ തോന്നുന്നില്ല.
അവൾക്ക് വേണ്ട… മറുപടി കിട്ടില്ല..
ഇങ്ങോട്ട് ഒരു മെസേജ് പോലും അയക്കാത്തവരാണ് കൂടുതലും..
വലിയ തിരക്ക് അഭിനയിക്കുന്നവർ.
പതിവില്ലാതെ അങ്ങോട്ട് അയച്ചാൽ അവരും എന്തെങ്കിലും വിചാരിക്കും…
കുറെ മുന്നെ ഒരു മെസേജ് അയച്ചിട്ട് മറുപടി പോലും തരാത്തവർക് വീണ്ടും….!.
നേരിൽ കണ്ടാലും ഒന്ന് മിണ്ടാൻ പോലും സമയമില്ലാത്തവരുടെ പേരുകൾ നിരന്ന് വന്നു. ഒരു ശുഭദിനാശംസ പറയാൻ ഒരാളുപോലുമില്ലാത്ത നുറ് കണക്കിന് സേവ് ചെയ്ത സൗഹൃദങ്ങൾ, ബന്ധങ്ങൾ
പകുതിയിലധികം പേരുകൾ
മറഞ്ഞുപോയിട്ടും പറ്റിയ ഒരാളെയും കിട്ടിയില്ല.
കുറെക്കാലമായി നേരിട്ട് കാണാത്തവർ ഫോണിൽ സംസാരിച്ചിട്ടും കാലമേറെയായവർ ഒരു പാട് പേരുണ്ട് ..
എന്തിനാണാവോ ഇവരുടെ പേരും നമ്പറും സേവ് ചെയ്തത്…?
ബന്ധുക്കളോട് എന്ത് ശുഭദിനം പറയാനാണ്.. വിവാഹവും മരണവും പോലും വിശേഷങ്ങളല്ലാതായിട്ട് എത്രയോ കാലമായില്ലേ.. സ്വന്തം വീട്ടിലേക്ക് താമസം മാറിയപ്പോൾ കൂടുബത്തിലെ വിവാഹത്തിന് പോലും വിളിക്കാത്തവരാണ്.,
തറവാട് ഗ്രൂപ്പിലുള്ളത്.
സ്വത്ത് തർക്കവും കുടുബ പ്രശ്നവും തമ്മിൽ തമ്മിൽ തീർക്കാത്തവർ എങ്ങിനെ ഗ്രൂപ്പിൽ മിണ്ടിപ്പറയും. അമ്മയുടെ അമ്മാവൻ്റെ നവതിക്ക് ഒരു ദിവസം പോലും തറവാട്ടിൽ എത്താൻ സമയമില്ലാത്തവരാണ് ..
ആര് ആരോട് ശുഭദിനം പറയും…
അഥവാ വല്ല രാഷ്ട്രീയവും പറഞ്ഞു പോയാൽ ശരിയും തെറ്റു മെന്തെന്നറിയാത്തവർ തമ്മിൽ കക്ഷിരാഷ്ട്രീയത്തെറികളായ് മാറ്റും.
തവളലോകത്തിലെ വിവിധ ഒച്ചകൾ മാത്രമാകും കുറെ നേരത്തേക്ക്.
ഭാര്യയുടെ തറവാട് ഗ്രൂപ്പിൽ ബലം പിടുത്തമാണ്. ആരാണ് കേമൻ എന്ന മത്സരം നടക്കുന്നത് പോലെ.. ഒന്നും മിണ്ടാത്തവർ ‘ഉള്ള ‘വരും ബാക്കിയുള്ളവർ ഇല്ലാത്തവരുമാണെന്ന് വിചാരിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാക്കിയ അന്ന് തന്നെ വാദരോഗം വന്നത് പോലെയാണ്. അവിടെ വേദം കൂടിയവർക്കും തോറ്റു കൊടുക്കാനാവില്ലല്ലോ..
വേറെയും രണ്ട് മൂന്ന് ഗ്രൂപ്പുണ്ട് അതിലൊന്നും കയറാറില്ല.. പെരുമാറാനും സംസാരിക്കാനുമറിയാത്ത കുറെയെണ്ണം..
നിലവാരമില്ലാത്തത്.
റസിഡൻസ് ഗ്രൂപ്പിൽ ബഹുമാനിക്കാനറിയാത്തവരാണ്. കുറ്റവും കുറവും പരദൂഷണവും തൊഴിലാക്കിയവർ. ഒന്നും രണ്ട് പറഞ്ഞ് തെറ്റി. അത് തുറക്കാറെയില്ല.
സ്കൂൾ ഗ്രൂപ്പ് തുടങ്ങിയ കൊല്ലം തന്നെ
കിടപ്പിലായിരുന്നു. പക്വതയെത്താത്ത കുട്ടികൾ വേദവാക്യങ്ങൾ പറയും. ജീവിതം തമ്മിലടിച്ച് കുട്ടിച്ചോറാക്കിയവർ കുടുന്നതിൻ്റെ മഹിമ പറയും. ഇത്രയും കാലം ഒന്നും ഉണ്ടാക്കാത്തവർ താനാണ് കേമൻ എന്നത് കാണിക്കാൻ വെറുതെ ശ്രമിച്ച് പരാജയപ്പെടുമ്പോൾ കണ്ടവനെ കുറ്റം പറയും. കുശുമ്പും കൂന്നായ്മയും.
കുട്ടികളല്ലേ രണ്ടും നാലും കൂടിയാൽ അടിയില്ലാതെ പിരിയില്ലല്ലോ..
കോളേജ് ഗ്രൂപ്പ് തുടങ്ങിയവർ രണ്ട് തവണ ഒത്തുകൂടി. സന്തോഷം ആവേശമായി നല്ല രീതിയിൽ പോയപ്പോൾ മുഴുവൻ പേരെയും കണ്ടെത്തി ഗ്രൂപ്പിൽ ചേർക്കണം എന്ന് ഗാന്ധിജിയുടെ അഭിപ്രായം വന്നു. വിശാലമായ ദർശനങ്ങൾ കേൾക്കാൻ നല്ലതാണ്.’ വേണ്ടന്ന് പറയാൻ പറ്റില്ലല്ലോ. നടക്കട്ടെയെന്ന് നെഹ്റുവും തലയാട്ടി…
വിവിധ ജാതിയും മതവും രാഷ്ട്രീയ സ്വഭാവമുള്ളവരുമായാൽ ഇപ്പോൾ ഉള്ളവർക്കു പോലും ഒത്തുപോകാനാവില്ലന്ന് അംബേദ്കർ സൂചന നൽകി..
നല്ല കാര്യത്തിന് പുറപ്പെടുമ്പോൾ നെഗറ്റീവ് പറയല്ലേന്ന് വല്ലഭായ് പട്ടേൽ ഇടപ്പെട്ടു. വിശാലമായ ഏകത ബോധവും ചിന്തയും വേണം. അതൊന്നും പ്രശ്നമാക്കണ്ട എല്ലാവരെയും കണ്ടെത്തി ഗ്രൂപ്പിൽ ചേർക്കണം..
വിഭാഗീയത പാടില്ലല്ലോ.. പല വഴികൾ ഒന്നായി കടലിലെത്തി.. തെളിവെള്ളവും ഉപ്പ് വെള്ളവും ന്യൂനമർദ്ദത്തിൽ തിരമാലയായ്..
പിന്നെയെല്ലാം പതയായത് പെട്ടന്നായിരുന്നു.
വിശാല സംഗമത്തിന് മുന്നെ പുതുതായി വന്നവർ പ്രത്യേക ഗ്രൂപ്പായി ഗ്രൂപ്പ് പാർലമെൻ്റിൽ ഇരുന്നു. ഒറ്റുകാരായി മാറിയെന്ന് ബാക്കിയുള്ളവർ തെളിവ് നിരത്തി. ചർച്ചകൾ വാദപ്രതിവാദമായി.
ബാക്കി ഉള്ളവരെയെല്ലാം നാല് ഗ്രൂപ്പായി നാല് വഴിക്കാക്കിയെടുത്തു. പഠിക്കുന്ന കാലത്തിൽ നിന്നും ഒരു പടി പോലും പഠിച്ചു കയറാത്തവർ ജയഭേരിയിൽ ഊറിച്ചിരിച്ചു.
പലരും രാജിവെച്ച് പോയി.
ഇന്ന് തറവാട് പോലെ പൊളിക്കാനും നന്നാക്കാനുമാവാതെ ആളനക്കമില്ലാതെ കാട്കയറിക്കിടക്കുന്നു..
എല്ലാ നമുക്ക് വട്ടമേശയിൽ കൂടെണ്ടേ..!
ഒന്നുമില്ലങ്കിലും ഉപ്പ് കുറുക്കിയാലോ…?
ഗാന്ധിജി ഇന്നും ഹേ റാം. ഹേ റാം. എന്ന് ആത്മഗതം ചെയ്യുന്നു…
വിത്യസ്ത വിഭാഗങ്ങളായി ജീവിക്കുന്നവരുടെ വീക്ഷണത്തിൽ
വരാനിരിക്കുന്ന സത്യം മുൻകൂട്ടി പറഞ്ഞ അംബേദ്കർ ജാതി പറഞ്ഞവനായി മാറി.
ക്ഷത്രിയൻ്റെ മുഖം ചുളിഞ്ഞു.
ഒന്നും നടക്കാതെ വന്നപ്പോൾ സമവായ ചർച്ചകൾമാത്രം നടന്നു. ചിലതിൽ വാക്കേറ്റവും നടന്നു. പട്ടേലിൻ്റെ ശൗര്യം കിട്ടേണ്ടത് കിട്ടിയപ്പോൾ തണുത്തു ..
ദേശീയതയും സൗഹൃദവും സ്നേഹവും ഒന്നല്ലന്ന് ചരിത്രം തിരിച്ചറിഞ്ഞു.
ലോകം എത്ര ചുകന്നു തുടുത്താലും ജാതീയതയും വിഭാഗീയതയും ഇല്ലാത്ത ഇന്ത്യയെപ്പറ്റി ഓർക്കാൻ പോലും പറ്റില്ലന്ന അംബേദ്ക്കറുടെ കമൻ്റ് ഗ്രൂപ്പിൽ അന്ന് ഉച്ചത്തിൽ പറഞ്ഞത് രവിയാണ്..
ഇന്ന് രവിയുടെ ശുഭദിനമാവാൻ ഡാറ്റ ഓഫാക്കി.. ഫോൺ പത്രത്തിൻമേൽ വെച്ച് വളപ്പിലേക്ക് നടന്നു.
തേങ്ങ കനല് വാടി വീണിട്ടുണ്ടാവും.

മധു മാവില

By ivayana