രചന : റെജി എം ജോസഫ് ✍
ജീവന്റെ പാതിയായിരുന്നവൾ നഷ്ടപ്പെട്ട് ചിതയിൽ വെണ്ണീറായെങ്കിലും, എരിഞ്ഞു തീരാത്ത ഓർമ്മകളെത്ര നൽകിയാണവൾ കടന്നുപോയതെന്ന സ്നേഹമാണ് രചനയുടെ ഇതിവൃത്തം!
ചിലതെങ്കിലുമുണ്ട് ഓർത്തിരിക്കാൻ,
ചിതലരിക്കാതിന്നും സൂക്ഷിപ്പത്!
ചില നേരമെങ്കിലും കണ്ണീർക്കണം,
ചിതറുന്നു ഓർമ്മയിൽ നീ വരുമ്പോൾ!
മധുരമുള്ളായിരം സ്വപ്നങ്ങൾ തന്നു,
മതിവരുവോളം എനിക്കായ് ശയിച്ചു|
മക്കളെ തന്നെന്റെ പാതിയായ് നീ,
മറ്റാർക്കുമാകാത്ത സ്നേഹം പകർന്നു!
അവൾക്കായി ഞാനെത്ര കവിത കുറിച്ചു,
അതിലേറെയെത്രയോ ഇനിയുമുണ്ട്!
എഴുതിയതെല്ലാം അവൾക്കായി മാത്രം,
എന്നിലെ വരികളതത്രയും നീയല്ലോ!
ഓർമ്മക്കുറവെന്ന പേരിൽത്തുടങ്ങി,
ഓരോ ദിനവും കഴിയുമ്പോഴും,
തിരിച്ചറിയാത്തൊരാ രോഗങ്ങൾ നിന്നിൽ,
തിരയടിച്ചീടവേ ഞാനും തകർന്നു!
ജീവിച്ചിനിയും കൊതി തീർന്നതില്ലാ,
ജീവച്ഛവം മാത്രമായി ഞാൻ മാറി!
ഇന്നു വെളുപ്പിനവൾ യാത്രയാകവേ,
ഇനിയെന്നിൽ നീ തന്ന ഓർമ്മകൾ മാത്രം!
മഴയിൽ നനഞ്ഞ് കടല് നാം കണ്ടതും,
മധുരനാരങ്ങ തൻ പുളി നാം രുചിച്ചതും,
പണ്ട് നടന്ന വഴികളിലൂടെ,
രണ്ടാളും ചേർന്ന് വീണ്ടും നടന്നതും!
നിനക്കായൊരുങ്ങും ചിതയിലിന്ന്,
നിറയെയെൻ സ്വപ്നങ്ങളും വെന്തിടുന്നു!
അഗ്നിയിൽ വേകാതെയെങ്കിലുമിന്ന്,
അത്രയേറെയുളളിൽ സൂക്ഷിച്ചിടുന്നു…!