ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ചിന്തകളെന്നെ
വിഴുങ്ങവേ
ഞാനപ്പോഴും
ചിന്തിക്കയാണെങ്ങനെ
ചിന്തയിൽ നിന്നു
രക്ഷനേടാമെന്നിങ്ങനെ !
ചിന്തിച്ചു ചിന്തിച്ചു
ചിന്തകൾക്കിരയായി
ചിന്തകർക്കൊക്കെ
വംശനാശം വന്നു.
ചിന്തകൾ വറ്റിയ
മനസുകളിൽ
ആരോ തള്ളുന്ന
മലിനമാം ചിന്തകൾ
കുമിഞ്ഞുകൂടി
ചീഞ്ഞളിഞ്ഞതിൻ
മണം ശ്വസിച്ചു ശ്വസിച്ചു
ദുർഗന്ധവും കൂടി
അറിയാതെയായി.
ചിന്തതൻ മാലിന്യക്കൂനയിൽ
നുരയ്ക്കും പുഴുക്കളാൽ
എന്റെ കണ്ണുകൾ
ചീഞ്ഞളിഞ്ഞു.
ചീഞ്ഞുനാറും ചിന്തകളിൽ
നുരയ്ക്കുന്ന പുഴുക്കളെ
നിരന്തരം കർണ്ണപുടങ്ങളിൽ
വലിച്ചെറിഞ്ഞവരെന്റെ
കർണപുടത്തെത്തകർത്തു
അവരുടെ ചിന്തകളെന്റെ
വായിൽ കുത്തിത്തിരുകിയെൻ
നാവിന്റെ ചലനം കെടുത്തി
അവരുടെ വിഷം വമിക്കും
ചിന്തകളെന്റെ സിരകളെ
തളർത്തിയെന്റെ ചലനവും
കവർന്നെടുത്തൂ പിന്നെ
വാക്കുകൾ കൊണ്ടവരന്നമൂട്ടി
എനിക്കു വിശക്കുമ്പോൾ
അതു വിശപ്പല്ലെന്ന ചിന്തയാൽ
അവരെന്റ വിശപ്പിനെ കെടുത്തി.
അവർ മൃഷ്ടാന്നഭോജനം
നടത്തുമ്പോൾ ഞാനെൻ
ഉമിനീരിനാൽ വിശപ്പടക്കി
ജീവിതത്തിനും മരണത്തിനു
മിടയിലെന്നെ തളച്ചവർ
പറുദീസകളിൽ സുഖം തേടി.
ഇവിടെ ഞാനോ ചിന്തകളില്ലാതെ
കാഴ്ചപ്പാടില്ലാതെ ശബ്ദമില്ലാതെ
ചലനമില്ലാതെ അവരുടെചിന്താ
മാലിന്യം പേറി കിടപ്പൂ .

By ivayana