രചന : എം പി ശ്രീകുമാർ✍
പണ്ടു പണ്ടു പണ്ട്
എന്റെ സ്വന്തം നാട്ടിൽ
തെക്കു തെക്കേയറ്റം
പുണ്യഭൂമിയൊന്നിൽ
നല്ല നറും നെയ്യ്
തെന്നോളങ്ങൾ തുള്ളി
സ്വപ്നം പോലെ മെല്ലെ
യൊഴുകി നെയ്യാറ്റിൽ !
ഭാരതത്തിൻ പാദ
സ്വരമതു തന്നിൽ
പൊന്നിഴയായന്നു
വിളങ്ങി ‘നെയ്യാറ്’.
നാട് സ്വർഗ്ഗമാക്കി
നാട്ടിലാർക്കുമെന്നും
ഒരു കുടം നെയ്യ്
കോരാമെന്നു ചട്ടം.
ആർത്തി മൂത്തൊരുത്തൻ
രണ്ടു കുടം കോരി
അന്നു മുതൽ നെയ്യാർ
വെള്ളമായി മാറി !
എന്തു കഷ്ടം കട്ടാ
പുണ്യം പോയ് മറഞ്ഞു.
കാര്യമിതുപോലെ
നൻമ നാടിനേകി
മാമലയും കാടും
പുഴകളും നിന്നു.
പാല് കിട്ടാൻ പൊട്ടൻ
അകിടറക്കും പോലെ
പൂമണം നുകരാൻ
ഇതളുരിയും പോലെ
ആർത്തി പൂണ്ട മർത്ത്യർ
ആർത്തിയോടെയെല്ലാം
ആഡംബരം കാട്ടാൻ
ആസക്തികൾ തീർക്കാൻ
തച്ചുടച്ചു വെല്ലാം
വിഷം വമിച്ചെങ്ങും !
നാടുവാഴുന്നോർക്ക്
നൻമയല്ല മുഖ്യം
നാടുമല്ല മുഖ്യം
ധർമ്മമല്ല മുഖ്യം
വോട്ടിലാണ് നോട്ടം
പാർട്ടിയാണ് മുഖ്യം !
മദമടക്കാനായ്
മദം കൊണ്ട ഭ്രാന്തർ
മലരണി നാട്ടിൽ
മരണം വിതച്ചു !!!