അങ്ങുയരങ്ങളിൽ,
അനന്തതയിലെങ്ങോ,
ഇലകൊഴിഞ്ഞൊരു മരത്തിലെന്ന പോലെ,
ചിലപ്പോൾ വരണ്ടപർവ്വത മുകളിലായ്,
അവിടെയാണ് ദൈവത്തെ കാണാറുള്ളത്
അവൻ സ്തുതി-
കേൾക്കാനിരിക്കുകയാണ്
ഞാനവനോടായി ഏറെ പ്രാർത്ഥിച്ചു,
ഏറെ യാചിച്ചു
നിൻ്റെ പ്രാർത്ഥനകൾ,
അതളവിലും കുറഞ്ഞുപോയി!
അവനരുളിചെയ്തു.
ഞാനവൻ്റെ മഹത്വങ്ങൾ
പിന്നെയുമൊത്തിരി വാഴ്ത്തി.
ഇനിയും… ഇനിയും…
പ്രാർത്ഥനകളിൽ ,
കാണിക്കയിടുന്നതിൽ….
നീ പിശുക്കുനാണ്
ദൈവം കണക്കു പറഞ്ഞു.
എന്തിനാണ് ഇത്രയും പ്രാർത്ഥന,
പുഴുങ്ങി തിന്നാനോ?
ക്ഷമ തീർന്നപ്പോഴറയാതെൻ്റെ
വായിൽ നിന്നുതിർന്നുപോയി.
ദൈവം കോപിഷ്ടനായി,
നൊടിയിടയിൽ, അവൻ്റെ
കരങ്ങൾ താഴെയെത്തി,
എന്നെയെടുത്തൊരേറ്…
ചെന്നു വീണത് നരകത്തിലാണ്!
എല്ലാം കണ്ടുകൊണ്ടു സാത്താൻ
ഉറക്കെ ചിരിക്കുന്നുണ്ട്
അവനൊന്നും ചോദിച്ചുമില്ല,
പരിഭവങ്ങൾ പറഞ്ഞുമില്ല.
അനന്തരം എന്നെയവൻ,
തൻ്റെ കരങ്ങളാൽ ചേർത്തുപിടിച്ചു.

ജോയ് പാലക്കമൂല

By ivayana