രചന : അശോകൻ പുത്തൂർ ✍
പിഴച്ചുപോയ
ആത്മാക്കളുടെ
പുനർജ്ജനിയാണ് ഞാൻ.
ശാപജന്മങ്ങളുടെ അവതാരം……………
ഞാൻ
കാലം കുരുപ്പൊളിപ്പിച്ച മച്ചകം.
തൂത്തുകളഞ്ഞ
സൃഷ്ടിയുടെ ഭോഗജലം.
ശ്വാസത്തിൽ ശവംനാറും
ശവുണ്ഡിക്കൊറ്റൻ.
ചെകുത്താന്റെ ആല.
പിശാചിന്റെ മൂശ.
മുറിവുകൾകൊണ്ട് വരഞ്ഞ ചിത്രം.
തൃഷ്ണകളുടെ മഹാഗ്രന്ഥം.
നരകത്തിലെ നോക്കുകുത്തി.
ദുരന്തങ്ങളുടെ പതാക………..
രണ്ടാമൂഴക്കാരന്റെയോ
മൂന്നാമന്റെയോ നിഴൽ
എന്നിലെപ്പോഴും.
എവിടെയും കാലംതെറ്റിയെത്തും
കാഴ്ചപ്പണ്ടാരം……
കാലമേ
ജീവിതത്തിലേക്കയച്ച
തപാലിലൊക്കെയും
ആരാണിങ്ങനെയെന്നും
ചുവന്ന വരയിട്ട് തിരിച്ചയക്കുന്നത്…..