രചന : സെഹ്റാൻ✍
ഒരുപാട് ആളുകൾ താമസിക്കുന്ന കെട്ടിടം.
തീർത്തും അപ്രതീക്ഷിതമായാണ് അതെന്റെ
തലയിൽ വന്നുപതിച്ചത്!
ആദ്യം വല്ലാതെയൊന്ന് ഭയന്നുപോയെങ്കിലും
ഒരാത്മധൈര്യത്താൽ ഞാനെഴുന്നേറ്റ്
നിൽക്കുകയുണ്ടായി.
പലതരത്തിലുള്ള ശബ്ദങ്ങൾ കെട്ടിടത്തിനകത്ത് നിന്നുമപ്പോൾ
എന്റെ കാതുകളിലേക്ക് പാഞ്ഞുകയറാൻ തുടങ്ങി.
ഭയവിഹ്വലരായ,
പരിഭ്രാന്തിയിലമർന്ന് പരതിനടക്കുന്ന, രക്ഷാമാർഗം തേടുന്ന
കുഞ്ഞുങ്ങൾ,
സ്ത്രീകൾ,
പുരുഷൻമാർ,
വൃദ്ധൻമാർ,
വൃദ്ധകൾ…
അവരുടെ ഞെരക്കങ്ങൾ,
വിലാപങ്ങൾ…
തകർന്നുവീഴുന്നതോ, വീണുതകരുന്നതോ ആയ ടെലിവിഷനുകൾ,
കമ്പ്യൂട്ടറുകൾ,
മിക്സികൾ,
ഫ്രിഡ്ജുകൾ,
ഓവനുകൾ,
വാഷിംഗ് മെഷീനുകൾ,
വാഷ്ബേസിനുകൾ,
ക്ലോസെറ്റുകൾ,
ലൈറ്റുകൾ, പാത്രങ്ങൾ…
മൂക്കിൻതുമ്പിൽ കണ്ണടവെച്ച ശേഷം അതും തിരഞ്ഞ്
കെട്ടിടമാകെ ഇടറിനടക്കാറുള്ള വൃദ്ധന്റെ നേർത്ത,
ക്ഷീണിതമായ കരച്ചിൽവേറിട്ടു കേട്ടു.
ഇത്തവണ അയാളുടെ കണ്ണട ശരിക്കും നഷ്ടപ്പെട്ടു കാണണം.
മരണഗന്ധത്തിന്റെ ഉറവിടം തിരഞ്ഞെത്തിയ കഴുകൻമാർ
ഒരു കോണിൽ ക്ഷമയോടെയിരുന്ന് തൂവലുകൾ കോതിമിനുക്കുന്നുണ്ട്.
കെട്ടിടത്തിന്റെ പണിതീരാത്ത നിലയിൽ നിന്നും നരിച്ചീറുകൾ
വെയിലിന്റെ അന്ധകാരത്തിലേക്ക് വഴിതെറ്റി പറക്കുന്നുണ്ട്.
ഓ! കഴുത്ത് വല്ലാതെ വേദനിക്കുന്നു.
കെട്ടിടത്തിന്റെ ഭാരം അധികരിക്കുന്നുവോ?
തലയിൽ നിന്നും തൊട്ടടുത്ത പുഴയിലേക്ക് കെട്ടിടത്തെ തള്ളിയിട്ട്
കലക്കവെള്ളത്തിലൊന്ന് മുങ്ങിനിവർന്നു.
നനഞ്ഞു കരപറ്റവേ ഇതുവരെ കാണാത്ത മരമൊന്നുകണ്ടു.
തലയുയർത്തി. പച്ചവിരിച്ച്…
ചില്ലനിറയെ കിളികൾ, അണ്ണാറക്കണ്ണൻമാർ…
തണൽപറ്റിയുറങ്ങുന്ന ഒരു വൃദ്ധൻ.
അമ്മയുടെ ഗർഭപാത്രത്തിലെന്നപോൽ
ശാന്തം!
ക്ഷീണമുണ്ടായിരുന്നു. മയക്കം കണ്ണുകളെ തലോടുന്നുണ്ടായിരുന്നു.
മരത്തണലിന്റെ സ്നേഹാർദ്രമായ ക്ഷണം.
ശാന്തത നനുത്തൊരു പുതപ്പായ് മൂടുന്നു.
ഏതോ കാലത്ത് നിശ്ചലമായിപ്പോയൊരു ഘടികാരം
അനന്തതയിലെവിടെയോ മിടിക്കുന്നു.
പുഴയ്ക്കടിയിലെ നിലവിളികളിലേക്കപ്പോൾ
വിശന്നുവലഞ്ഞ കഴുകൻമാർ ആർത്തിയോടെ ഊളിയിട്ടു തുടങ്ങി.
പകലിൽ അന്ധതയുടെ വിലാപഗാനങ്ങൾ പാടുന്ന നരിച്ചീറുകൾ മാത്രം
പാറിനടന്ന് കാഷ്ഠിച്ചു കൊണ്ടിരുന്നു.
പുഴയിലും, കരയിലുമല്ലാതെ…
🔴