രചന : ബിനു. ആർ.✍
അക്ഷരങ്ങൾ കൺവെട്ടത്തു
വന്നുനിന്നു ക ച ട ത പ പറയുന്നു,
നുറുങ്ങായുംകഥയായുംകവിതയായും.
മിനക്കെട്ടു കുത്തുമ്പോൾ ഗൂഗിൾ
കീബോർഡുകൾ നമ്മെനോക്കി
കൊഞ്ഞനംകുത്തുന്നു,
കടിച്ചാൽപ്പൊട്ടാത്ത മലയാള അക്ഷരങ്ങൾനിലയ്ക്കു-
നിറുത്താൻകഴിയാത്തതിനാൽ.
കുത്തുമ്പോഴൊക്കെയും
തോന്ന്യാസങ്ങൾ വരച്ചു
ക്ഷമകെടുത്തുന്നു
മംഗ്ളീഷ് കീബോർഡുകൾ
ഠ യും ത്ധ യും ഉണ്ടാക്കിയ
ഭാഷാകാരനെ തിരഞ്ഞിട്ടും
കൺവെട്ടത്തുകിട്ടാത്തതിനാൽ,
കേട്ടെഴുത്തുകൾ കൂട്ടിവരയ്ക്കുമ്പോൾ
ചൊല്പിടിയിൽ നിൽക്കാത്തതിനാൽ,
അക്ഷരങ്ങൾ കൂട്ടിക്കെട്ടുമ്പോൾ
കൂട്ടക്ഷരങ്ങൾ ചേരാത്തതിനാൽ,
ദീർഘങ്ങളും അനുസാരങ്ങളും
ചേരുംപടി ചേരാത്തതിനാൽ,
നമ്മളും കൊഞ്ഞനം കുത്തി-
പ്പോകുന്നു ഗൂഗിൾ മാതാവിനോട്..
അമ്പത്തൊന്നക്ഷരങ്ങളെന്നു
വായ്‌ക്കുരവയിട്ടവർ
ദൈവങ്ങൾക്കിടയിൽകുത്തിത്തിരുകി
മന്ത്രമാക്കിയവർ കൊട്ടിഘോഷിച്ചവർ
അക്ഷരപ്രേമികൾ ഗുരുഭൂതരായവർ.
ഇപ്പോൾചിലരൻപോടുചൊല്ലുന്നു
നാൽപതിയെട്ടക്ഷരങ്ങളെന്ന്
കൂട്ടിഗണിച്ചവർ നാക്കുവടിക്കാത്തവർ
പുതുതലമുറകൾ അധ്യാപഹയന്മാർ
ഭാഷയിൽ ചൊൽക്കളിയാട്ടം
ചൊല്പടിയിൽ കേട്ടുകേൾവിയില്ലാത്തവർ
ഭാഷാ അക്ഷരവിരോധികൾ
പടിഞ്ഞാറിൻ സംസ്കാരവിദ്യ
ആഭാസം നടത്തിയവർ
കിണ്ടർഗാർട്ടൻ തൊട്ടേ
ഉൾക്കൊണ്ടവർ മംഗ്ളീഷ്
അഭ്യാസം നടത്തിപുലമ്പുന്നു…
ഇതിഹാസങ്ങളെതള്ളിപ്പറഞ്ഞവർ
പുരോഗമന ചിന്താഗതിക്കാർ
നാലാംക്ലാസ്സിൽ പുറംതിരിഞ്ഞിരുന്നു
കൊത്തങ്കല്ലുകളിച്ചവർ
ഉപരിപഠനാർത്ഥം ഭാഷയെ
തള്ളിക്കളഞ്ഞവർ
ഭാഷയെ പഠിക്കാൻ അപ്രിയമെന്നു
പറഞ്ഞകെൽപില്ലാ അന്യഭാഷാ
കുതുകികൾ ഇപ്പോൾ മാനംതേടും
മലയാളർ ദ്രാവിഡഭാഷയെ
പലകാലങ്ങളിൽ കൊഞ്ഞനംകുത്തിയവർ
തിരിഞ്ഞിരുന്നു പറയുന്നു,
ലോകപൈതൃകപ്പട്ടികയിൽ
പെട്ടവർ നാം.. നമ്മുടെ ഭാഷയാൽ!