രചന : കെ.ആർ.സുരേന്ദ്രൻ ✍
പഴങ്കഞ്ഞി
മീങ്കൂട്ടാനും കൂട്ടി മോന്തി
കൈകഴുകി
ഇണ്ണൂലി മുറ്റത്തിറങ്ങുമ്പോൾ
കിഴക്ക് വെള്ള കീറിയിട്ടില്ല.
ആങ്ങളമാരായ
കറുത്ത മാത്തുവും
വെളുത്ത മാക്കോതയും
നട്ടപ്പെലാലക്ക്
പണിക്ക് പോയതാണ്.
കറുത്ത മാത്തുവിന്റേയും
വെളുത്ത മാക്കോതയുടേം
ഒരേയൊരു അനിയത്തിപ്പെൺതരിയാണ്
കറുപ്പും, വെളുപ്പുമല്ലാത്ത,
ഇരുനിറക്കാരി ഇണ്ണൂലി.
മുറ്റം കടന്ന്
കൈയ്യാല കയറി
ഇണ്ണൂലി പതിവുപോലെ
തൊണ്ടിലേക്കൊരു ചാട്ടം.
പട്ടാപ്പകലും
ഇരുട്ടൊളിച്ചിരിക്കുന്ന തൊണ്ടിൽക്കൂടി
ഇണ്ണൂലി കിഴക്കോട്ടൊഴുകി.
ഉമ്മാപ്പാടത്തിന്റെ കരേൽ
ജോഷി കൺട്രാക്
പണിയിക്കുന്ന വില്ലയിലേക്ക്
നടക്കുമ്പോഴും
ഇണ്ണൂലിക്ക് വട്ടില്ല.
നെനച്ചിരിക്കാത്ത നേരത്താണ്
വട്ടില്ലാത്ത ഇണ്ണൂലിയെ
ഏതോ ഒരു വട്ട്
പിന്നാലെ ഓടിയെത്തി
പിന്നിൽ നിന്ന്
പൂവന്‍കോഴി പിടയെ
എന്ന പോലെ
വട്ടം കെട്ടിപ്പിടിച്ച്
ഇണ്ണൂലിയുടെ
ഒഴിഞ്ഞ കഴുത്തിൽ
മാരകമായി ചുംബിച്ചതും
ഇണ്ണൂലിക്ക് ഇക്കിളിയായതും
മേലാകെ കുളിരായതും.
തൊണ്ടവസാനിച്ച് പാടത്തേക്കുള്ള
കുത്തനിറക്കത്തിൽ നിന്ന്
വരമ്പിലേക്ക് ചാടിയ
ഇണ്ണൂലിക്ക് ഇരട്ടി ശക്തി.
പാട്ട് ഉറക്കനെ പാടി
കൈവീശി അസ്ത്രവേഗത്തിൽ
ആരേയും കൂസാതെ
ഒറ്റ നടത്തമാരുന്നു ഇണ്ണൂലി.
കൺട്രാക്കും വില്ലയും
ഇണ്ണൂലിയെ തൊട്ടില്ല.
പണിയോർത്തില്ല.
വട്ടിനെ പ്രണയിച്ച ഇണ്ണൂലി
വട്ടുമായി കൈകോർത്ത്
കിഴക്കോട്ടുള്ള ഇടവഴി
ഓടിക്കയറി,
കാടും പടലും പറിച്ച് തിന്ന്
വട്ടിന്റെ വെശപ്പടക്കിക്കൊടുത്തു.
പരിചയക്കാർ ഇണ്ണൂലിയുടെ
മട്ടും ഭാവോം കണ്ട് അന്തിച്ച്
മൂക്കത്ത് വിരൽ വെച്ചു.
”ഇണ്ണൂലീ,ഇണ്ണൂലീ
എന്താടീ നെനക്ക് പറ്റീതെന്ന”
ചോദ്യമെറിഞ്ഞ്
മിഴിച്ച് നിന്നു.
കണ്ണുപൊട്ടുന്ന തെറി
വഴി നീളെ വെളമ്പി
ഇണ്ണൂലി കൈവീശി.
വായിൽവന്നത്
വഴിയിലേക്ക് തുപ്പി
അങ്ങ് രായമംഗലം കടന്ന്
കുറുപ്പംപടിയേം പിന്നിലാക്കി
കോതമംഗലം റൂട്ടിൽ കേറി
ആൾത്തിരക്കും, വാഹനങ്ങളും
വകവെക്കാതെ
അങ്ങനെ നടന്ന് പോയീന്ന്.
കാറ്റ് പറഞ്ഞ് ,നാട്ടാര് പറഞ്ഞ്,
മാടം പറഞ്ഞ്
കറുത്ത മാത്തുവും,
വെളുത്ത മാക്കോതേം
അനിയത്തിപ്പേണ്ണിനെത്തേടി
നാലുപാടും തിരക്കിത്തിരക്കി
ഊണും, ഉറക്കോം,
വെശപ്പും മറന്നല്ലോ….