ഞാനും ലൈലയും.
കോളേജിൽ
ഒരേ ബഞ്ചിൽ അടുത്തടുത്തിരുന്നു
പഠിച്ചവരായിരുന്നു..

അവൾക്ക് വല്ലാത്ത മൊഞ്ചായിരുന്നു…
അവളുടെ വെളുവെളുത്ത മുഖവും
തക്കാളി ച്ചുണ്ടും കടൽക്കണ്ണുകളും
അവളിൽ നിലാവു പരത്തുമ്പോൾ
കദനങ്ങൾ സമ്മാനിച്ച കരിവാളിപ്പും
കറുത്ത കൺതടങ്ങളും
എൻ്റെ മുഖത്തിൻ്റെ മാറ്റ് കുറച്ചു കൊണ്ടേയിരുന്നു
കോളേജിലെ ആൺ പിള്ളേരുടെ സ്വപ്നറാണിയായ അവൾക്ക്
പ്രേമലേഖനങ്ങൾ വരുന്നത്
എൻ്റെ കൈയ്യിലേക്കായിരുന്നു…
പെട്ടെന്നൊരു നാൾ
അവളെ ഒരു ഗൾഫുകാരൻ
കെട്ടിക്കൊണ്ടുപോയി…
.
അവളുടെ ഇരിപ്പിടത്തിലെ ശൂന്യതയിൽ നോക്കി
ഞാൻ നെടുവീർപ്പിട്ടു…
വർഷത്തിൽ നാൽപത് നാൾമാത്രം
ലീവ് കിട്ടുന്ന എന്തോ വലിയ ജോലിയായിരുന്നു അവളുടെ പുയ്യാപ്ലക്ക്….
അയാൾ ഗൾഫിൽ നിന്നു വന്നാൽ അവൾ
പൂത്തു നിറഞ്ഞ ചിരിയുമായി
അയാൾക്കൊപ്പം എന്നെ കാണാൻ വരും…
അവർ പോയിക്കഴിഞ്ഞാലും
ആ വഴികളിലേയ്ക്ക് നോക്കി കാരണമില്ലാതെ എൻ്റെ കണ്ണുകൾ നിറയും…
.
അവർ പരത്തിപ്പോയ ഗൾഫ് സ്വഗന്ധം എനിക്ക് ഉള്ളിലൊരു നീറ്റൽ തരുമായിരുന്നു…
ഞാനും എന്നെങ്കിലും അവളെപ്പോലെയാവുമോ എന്നൊരു ചെറിയ വലിയ മോഹം
ആരുമറിയാതെ എൻ്റെയുള്ളിൽ പിടഞ്ഞു മരിക്കും
പിന്നെ ഞാനതങ്ങു മറക്കും
ഇല്ലായ്മയുടെ രുചി നുണഞ്ഞ്
വല്ലായ്മയുടെ കറുപ്പ് ഹൃദയത്തിലൊളിപ്പിച്ചു വച്ച്
എല്ലാവർക്കു മുമ്പിലും ചിരി പരത്തി
ഞാനെങ്ങോട്ടേക്കോ പോയി
വീട്ടിനടുത്തുള്ള പണക്കാരിക്കുട്ടികളുടെ ഉപയോഗിച്ചു കഴിഞ്ഞ പുസ്തകങ്ങൾ പാതി വിലയ്ക്കു വാങ്ങി
ഞാൻ പഠിച്ചു
പിന്നെയും പിന്നെയും പഠിച്ചു…
ഇടയ്ക്കൊക്കെ ലൈലയുടെ പ്രസവ വിവരവും അറിയുന്നുണ്ടായിരുന്നു…
ഞാനൊരു ജോലിക്കാരിയായി…
ഞാനാരൊക്കെയോ ആയി…
സംതൃപ്തിയുടെയും സന്തോഷത്തിൻ്റെയും
നാളുകൾ എന്നെയും തൊട്ടുതലോടി…
ലൈലയുടെ സംതൃപ്ത ജീവിതം പിന്നെ എന്നെ അലോസരപ്പെടുത്തിയില്ല…
വഴിതെറ്റി വന്ന കാലത്തിൻ്റെ ഏതോ തീരത്തു വച്ച്
ഞാൻ ലൈലയെ വീണ്ടും കണ്ടു….
കൺതടങ്ങളിൽ കറുപ്പു പടർന്ന്
തിരിച്ചറിയാനാവാത്ത
ഒരു രൂപമായ്….
വലിയ വീട്… വലിയ മക്കൾ… ഗൾഫുപേക്ഷിച്ച ഭർത്താവ്….
സുഖമല്ലേ…..?
ഞാനവളുടെ കണ്ണുകളിലേയ്ക്കു
നോക്കി…
.
ഒറ്റ വാക്കിൽ അവളുടെ തണുത്ത
മറുപടി…
ഒന്നും വേണ്ടായിരുന്നു…
എനിക്ക് നീ ആയാൽ മതിയായിരുന്നു..
.
അവൾ പോയ വഴികളിൽ നോക്കി
ഇന്നും എൻ്റെ കണ്ണുകൾ നിറഞ്ഞു
എന്തിനോ……
…. .

By ivayana