അഗ്നിമഴ തുന്നിയ
ജീവിതത്തിന്റെ നെഞ്ചിലേക്ക്
ഇടിവെട്ടി പുണരുന്ന പേറ്റ് നോവിന്റെ
സാക്ഷ്യപത്രങ്ങളാണ് കവിത.
അനുഭവത്തിന്റെ നട്ടുച്ചയിൽ
തീമരക്കാടുകളിലേക്ക് നടന്ന് പോയ
നെഞ്ചിടിപ്പുകൾ .
പട്ടിണി വരച്ച് വച്ച
ചുവരുകൾക്കുള്ളിൽ വിങ്ങിപൊട്ടി
പാതിരാമഴയിലേക്കിറങ്ങി പോയ
മുല്ലപ്പൂ ഉടലുകളുടെ സ്മാരകശിലകൾ
അധികാര ഹുങ്കിന്
വഴങ്ങികൊടുക്കാത്ത ഓരോ
ചുവട് വയ്പ്പിലും പുതുവസന്തത്തിന്
പകിട്ടേകിയ നക്ഷത്ര വെളിച്ചം .
വിവേചനത്തിന്റെ മതിൽക്കെട്ടുകൾ
തല്ലിതകർത്ത് യേശുവിനെയും ,
കൃഷ്ണനെയും , മുഹമ്മദ് നബിയെയും
ഒരു കുടക്കീഴിൽ ഒന്നിച്ചണിനിരത്തുന്ന
സ്നേഹത്തിന്റെ കയ്യൊപ്പ് .
ഒറ്റുകാരുടെ അന്തപുരങ്ങളിൽ
ഉയർത്തെഴുന്നേൽക്കുന്ന
കഴുക ജന്മങ്ങൾക്ക് നേരെ നീട്ടിപ്പിടിച്ച
ചൂണ്ടുവിരൽ .
സത്യത്തിന്റെ തെളിനീരൊഴുക്കിൽ
വിഷം കുടഞ്ഞിട്ട കപടതയുടെ
മസ്തകം വെട്ടിപ്പൊളിച്ച്
വർത്തമാനകാലത്തിന്റെ ഉള്ളറ
പിളർന്ന് പിറവിയെടുക്കുന്ന
വാക്കിൻ പാഞ്ചജന്യം .
സ്വപ്‌നങ്ങൾ വരഞ്ഞ
ഹൃദയപുസ്തകതാളുകൾക്കിടയിൽ
കെട്ടിപ്പൂണർന്ന്
പ്രണയതാഴ്‌വരയിലേക്ക്
ചിറകടിച്ചുയരും ഇന്ദ്രജാലം .
ചരിത്രപുസ്തകത്തിൽ നിന്നും
ഇറങ്ങി വന്ന വീരപുരുഷന്മാരുടെ
തോളത്ത് കയ്യിട്ട് നെറികേടുകളുടെ
വേരറുത്ത് സമത്വരാജ്യം
കെട്ടിപ്പടുക്കും വിപ്ലവ ചിറകുകൾ……

ഷാജു. കെ. കടമേരി

By ivayana