രചന : അസീം ആനന്ദ്✍
🏡വീട് ഏതൊരു മനുഷ്യൻ്റെയും സ്വപ്നമാണ്. അവർ സ്വരുക്കൂട്ടി ഒരുക്കിയ സ്വർഗ്ഗമാണ് വീട്. അത് ഒരുവൻ്റെ അടയാളവുമാണ്.
👷തൊഴിലിടത്തിൽ നിന്നും കയറിവരുമ്പോൾ ഉള്ളിൽ ഘനീഭവിച്ചു കിടക്കുന്ന ജോലിഭാരം മുറ്റത്തിറക്കി വച്ച് വീട്ടിനുള്ളിൽ കയറി അഴുക്കിനെ കഴുകികളഞ്ഞ് സ്വസ്ഥമായിരുന്ന് പാട്ടുകേട്ട് ഒരു ചൂട് കാപ്പി നുകരാൻ കൊതിക്കാത്തത് ആരാണ് ?.
🙊എന്നാൽ കേരളത്തിൽ നിത്യ വരുമാനമുള്ള സർക്കാർ ഉദ്യോഗസ്ഥർ അടക്കം പലർക്കും വീട് ശ്വാസം മുട്ടിക്കുന്ന കാരാഗൃഹമാണ്. എന്തെന്നാൽ പെൻഷൻ പ്രായം കഴിഞ്ഞാലും അടഞ്ഞു തീരാത്ത ലോൺ ബാധ്യത തന്നെ.
🏠ഇന്ത്യയിലെ വിവിധയിടങ്ങളിൽ സഞ്ചരിച്ചപ്പോഴും അവിടെയൊക്കെ ജീവിക്കാൻ ആവശ്യമായ ആയിരം സ്ക്വയർ ഫീറ്റിന് താഴെ നിൽക്കുന്ന വീടുകളാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.
🙀മലയാളികൾക്ക് വീട് എന്നത് ആഢംബരത്തിൻ്റെയും അഭിമാനത്തിൻ്റേയും പ്രതീകമാണ് . കടം വാങ്ങിയും ലോൺ എടുത്തും വൻ വീടുകൾ വച്ചിട്ടുള്ള പ്രവാസികൾ അടക്കമുള്ളവർ; പെയ്ൻ്റടിക്കാനും മെയിൻ്റനൻസ് നടത്താനുമാകാതെ മാറാല കെട്ടിയ വീടുകളിൽ ;ഭിക്ഷ യാചിച്ച് വരുന്നവർ കതകിൽ മുട്ടുമ്പോൾ വീട്ടിൽ ആളില്ല എന്ന അർത്ഥത്തിൽ മിണ്ടാതിരിക്കുമത്രെ . ഭിക്ഷ നൽകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. കയ്യിൽ ചില്ലറ തുട്ട് പോലും ഇല്ലാഞ്ഞിട്ടു തന്നെ.
😭മാർച്ച് മാസം ആകുമ്പോൾ olx ലും മറ്റും 2500 മുതൽ 4500 സ്ക്വയർ ഫീറ്റുള്ള വീടുകൾ കിട്ടുന്ന വിലയ്ക്ക് വിൽക്കുന്ന എന്ന പരസ്യം കാണാം. പണി തീരാത്ത വീടുകളും അക്കൂട്ടത്തിൽ ഏറെയുണ്ട് എന്നത് സങ്കടകരം.
💤 ലോൺ എടുത്ത് വീട് വയ്ക്കുന്നവർ അതടച്ച് തീരുമ്പോൾ പലിശയടക്കം വീടിനുണ്ടാകുന്ന വൻ തുക പലരും കണക്കു കൂട്ടാറില്ലത്രെ.
💀 ഭവനം, വീട് തുടങ്ങിയ മാസികകളും ടീവിയിൽ വരുന്ന വമ്പൻ വീടുകളുടെ കൊതിപ്പിക്കുന്ന പരസ്യങ്ങളും കണ്ട് വീണു പോകുന്ന സ്ത്രീകൾ അത്യാവശ്യം വീട് പണിയും മുൻപ് മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾ പാർക്കുന്ന വീടുകൾ കാണുകയും ജീവിതത്തെ വിലയിരുത്തേണ്ടതു മുണ്ട്.
🏠 സുന്ദരമായ ബഡ്ജറ്റു വീടുകൾ നിർമ്മിച്ച് ഉള്ളകാലം ടെൻഷനില്ലാതെ രോഗങ്ങൾ വലിച്ച് വെയ്ക്കാതെ തൂത്തുവാരി വെട്ടിപ്പോടെ ഇട്ട് സ്നേഹത്തോടെ പാർക്കാൻ ആവണം വീടുകൾ. കാരണം വരും തലമുറ നമ്മുടെ വീട് കാത്ത് കിടക്കാതെ പറന്നു പറന്നു ജീവിതം തേടി പോകും എന്നുള്ളത് കൊണ്ട് തന്നെ .
😡 വീട് വയ്ക്കുമ്പോൾ വർഷാ വർഷം എണ്ണിക്കൊടുക്കേണ്ടത് ഭീമാകാരമായ പഞ്ചായത്ത് നികുതി കൂടിയാണ്. നടുവൊടിക്കുന്ന കറണ്ട് ബില്ലു വേറെയും.
🌺 നാടിനെയും പ്രകൃതിയേയും മനുഷ്യനേയും സ്നേഹിക്കുന്ന ആർക്കിടെക്കുകൾ ഉണ്ടാകണം. അവർ വീട് എന്ന സ്വപ്നവുമായി വരുന്നവനെ അറിയണം. കടക്കെണിയിൽ വീഴാതെ ആ വീട് ആത്മഹ്യത്യയ്ക്ക് വേണ്ടിയുള്ള മുനമ്പാകാതെ ക്ലൈൻ്റിനെ ബോധവൽക്കരിക്കണം. ചിത്രത്തിൽ കൊടുത്തിരിക്കുന്ന പോലത്തെ കുഞ്ഞു വീടുകൾ സജസ്റ്റ് ചെയ്യണം.
💐 ചെറുതും ലാളിത്യവുമുള്ള വീടുകൾ സ്വപ്നം കാണാം. സാക്ഷാത്ക്കരിക്കാം. ബാങ്കുകാരനും പലിശക്കാരനും കയറി വരില്ല എന്ന ആശ്വാസത്തോട് കൂടി ഇരുന്ന് മുറ്റത്തെ പൂക്കളിൽ നോക്കിയിരുന്ന് പാടാം;
“ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മം കൂടി …,
എനിക്കിനിയൊരു ജന്മം കൂടി …