അവനും അവളും
മുഖപുസ്തക
സുഹൃത്തുക്കളായി.
ഉടൻ അവനവൾക്കു
സന്ദേശമയച്ചു.
കൂട്ടായി ചേർത്തതിന്
നന്ദി പറഞ്ഞു.
അവളും സന്തോഷത്തോടെ
പ്രതികരിച്ചു.
അടുത്ത ദിവസം മുതൽ
അവർ സന്ദേശങ്ങൾ
കൈമാറികൊണ്ടിരുന്നു.
ഒരു നാൾ അവൻ അവളോട് പറഞ്ഞു,
നിന്റെ ചിരി എന്ത് ചന്തമാണ്
കണ്ടാൽ കവിത വരുമെന്ന്.
അന്നുമുതൽ അവൾ
മുടങ്ങാതെ
ചിരിക്കുന്ന ചിത്രങ്ങൾ
അയച്ചു കൊണ്ടേ- യിരുന്നു.
പിന്നീട് ഒരു നാൾ അവൻ മൊഴിഞ്ഞു.
നിന്റെ ചിരി എന്റെ ഹൃദയത്തിൽ
പ്രണയം വിതക്കുന്നു എന്ന്.
അവൾ അത് കേട്ട്
ഉൾപുളകമണിഞ്ഞു.
ഒരു സ്നേഹചിഹ്നം കൊടുത്തു.
അവൻ അതിനു പകരമായി
ഒരു ചുംബന ചിഹ്നവും.
പിന്നീടവർ സ്നേഹവും ചുംബനവും
കൈമാറുന്നത് പതിവായി.
അവന്റെ സന്ദേശങ്ങൾക്കായി
ഉറക്കം കളഞ്ഞു കാത്തിരുന്ന രാത്രികളിൽ
ഒരു നാൾ അവൻ പറഞ്ഞു.
പ്രിയേ… എന്റെ ഹൃദയം
നിനക്ക് പണയം വെച്ചിരിക്കുന്നു എന്ന്.
അവൾ അത് കേട്ടു ഒരാളുടെ ഹൃദയം
സ്വന്തമായല്ലോ
എന്നോർത്തു ഹർഷ പുളകിതയായി.
ഉറക്കമില്ലാതെ അവളുടെ
കൺ തടങ്ങൾ
കറുത്തു കരുവാളിച്ചു.
പിന്നീടെപ്പോഴോ സന്ദേശങ്ങൾ കുറഞ്ഞു
അവൻ അവളുടെ ഡൗന്ദര്യം വർണിക്കാതായി.
ചിരിയുടെ ഭംഗി
ആസ്വദിക്കാതായി.
സന്ദേശങ്ങൾ ശുഭദിനത്തിലും
ശുഭരാത്രിയിലും
ഒതുങ്ങി.
പിന്നെ പിന്നെ
അതുമില്ലാതായി
കാരണങ്ങൾ അന്വേഷിച്ചപ്പോൾ
മറുപടി
ഉണ്ടായില്ല.
അവൾ മുഖപുസ്തകമാകെ അലഞ്ഞു തിരിഞ്ഞു..
അവന്റെ അവഗണനക്കുള്ള
കാരണങ്ങൾ തേടി.
അവന്റെ പെൺ സൗഹൃദങ്ങൾ
വർദ്ധിച്ചതായി കണ്ടു.
ഒരു നാൾ അവൾ അറിഞ്ഞു
അവന്റ പാതി ഹൃദയം
എല്ലാ സ്ത്രീസുഹൃത്തുക്കളുടെയും
കൈയിൽ വീതിച്ചു പണയം വെച്ചിരിക്കുന്നു.. എന്ന്.
പാതി ഹൃദയം പാതിക്കും മക്കൾക്കും
മാറ്റിവെച്ചിട്ടുമുണ്ട്.
പിന്നെ പിന്നെ.. അവളും..
ഹൃദയം.. ഒരാൾക്ക് മാത്രം കൊടുക്കുന്നതിലെ വിഡ്ഢിത്തം മനസ്സിലാക്കി.
മുഖ പുസ്തക കാമുകൻ മാരേ പെണ്ണുങ്ങൾ
പഠിച്ചു ട്ടാ…..
നിങ്ങടെ അതിബുദ്ധി 😂😂😂😂
ബിന്ദു വിജയൻ കടവല്ലൂർ.