വാർമുടിയിളകുന്ന
വാർതിങ്കൾക്കല വാനിൻ
വാതിൽപ്പടിയിൽ
ചിരിച്ചു നിന്നു.
പൂനിലാവൊഴുകുന്ന
അമ്പലവഴിയിലു –
മമ്പിളിയൊന്നു
തെളിഞ്ഞുനിന്നു .
കരിനീലനാഗ-
ക്കവിതകൾ പോലെ
കാർകൂന്തലലക-
ളിളകിയാടി.
ഇമചിമ്മി വിളങ്ങും
താരാഗണങ്ങളായ്
തങ്കക്കിനാവുകൾ
തെളിഞ്ഞു നിന്നു.
പാലൊളി തൂകുന്ന
വെൺമേഘങ്ങളായ്
കുടമുല്ലപ്പൂമണ-
മൊഴുകി വന്നു.
ചന്ദനം ചാർത്തിയാ
ചാരുമുഖാംബുജം
അമ്പിളി പോലെ
വിളങ്ങി നില്ക്കെ
ആകാശത്തോള-
മകലത്തിലെങ്കിലും
കവിതയൊന്നവിടെ
കവിഞ്ഞു വന്നു !

എം പി ശ്രീകുമാർ

By ivayana