പുതിയ ദേശീയ വിദ്യാഭ്യാസനയം( NEP) വിദ്യാഭ്യാസ രംഗത്ത് സമൂലവും വിപ്ലവാത്മകവുമായ പരിവർത്തനങ്ങൾ ഉണ്ടാക്കുന്നതാണ്. ഒന്നാമത്തെ കാര്യം പ്രി സ്കൂൾ വിദ്യാഭ്യാസം പൊതു സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. അതായത് ഒന്നാം ക്ലാസ്സിൽ ചേരുന്നതിനു മുൻപ് സ്വകാര്യ മേഖലയിൽ പഠിപ്പിച്ചിരുന്ന നഴ്സറി, എൽ.കെ.ജി., യു.കെ.ജി എന്നിവ ഇനി സർക്കാർ/എയിഡഡ് സ്കൂളുകളിൽ പഠിപ്പിക്കും. അപ്പോൾ മൂന്ന് വയസ്സാകുമ്പോൾ സ്കൂളിൽ ചേർക്കണം. ഇത് വരെ 10+2 എന്നിങ്ങനെ 12 വർഷം ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. അതിനി പ്രിപ്രൈമറി 3 വർഷം കൂടി ചേർത്ത് 15 വർഷമാകും.
ഹയർ സെക്കന്ററി ഇനി ഉണ്ടാവില്ല. 9 മുതൽ 12 വരെ ഇനി സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം ആണ്. അതായത് മൂന്ന് വയസ്സിൽ സ്കൂളിൽ ചേരുന്ന കുട്ടി പതിനെട്ടാമത്തെ വയസ്സിൽ 12 ക്ലാസ്സ് വരെ പഠിച്ച് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നു. പിന്നീട് കോളേജിൽ ഡിഗ്രി ക്ലാസ്സിനു ചേരുന്നു. അത് മൂന്ന് വർഷമോ നാല് വർഷമോ ആകാം. നാലാമത്തെ ഡിഗ്രി കോഴ്സിനു റിസർച്ച് പേപ്പർ ഉണ്ടാകും. ഡിഗ്രി കോഴ്സിനു മൂന്നോ നാലോ വർഷം എന്നത് കോളേജുകൾക്ക് തീരുമാനിക്കാം. നാലാമത്തെ വർഷം ഡിഗ്രി കോഴ്സ് റിസർച്ചോട് കൂടി പാസാകുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് PhD ക്ക് ചേരാം. ഡിഗ്രി മൂന്ന് വർഷം ആണെങ്കിൽ PhD ക്ക് ചേരാൻ 3 വർഷത്തെ MSc ബിരുദം വേണ്ടി വരും.
MSc ക്ക് ശേഷം MPhil എന്ന രണ്ട് വർഷ കോഴ്സ് ഇല്ലാതാവുകയാണ്. ശരിക്ക് പറഞ്ഞാൽ ആ രണ്ട് വർഷം വേസ്റ്റ് ആക്കലായിരുന്നു. PhD ക്ക് ചേരാൻ MPhil പാസ്സായവർക്ക് പ്രവേശന പരീക്ഷ വേണ്ട എന്ന ഒരു സൗകര്യത്തിനു വേണ്ടി ആയിരുന്നു MPhil പഠിച്ചിരുന്നത്. അപ്പോഴും MSc പാസ്സായവർക്ക് എൻട്രൻസ് പരീക്ഷ പാസ്സായാൽ PhD ക്ക് ചേരാമായിരുന്നു. അതിനിയും അങ്ങനെ തന്നെ ആയിരിക്കും. അനാവശ്യമായിരുന്ന MPhil എടുത്തു കളയുന്നു. അതേ സമയം മിടുക്കരായ വിദ്യാർത്ഥികൾക്ക് നാല് വർഷ ഡിഗ്രിക്ക് ശേഷം നേരിട്ട് PhD ക്ക് ചേരാനും കഴിയും.
അഞ്ചാം ക്ലാസ്സ് വരെ വിദ്യാഭ്യാസം മാതൃഭാഷ അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ ആയിരിക്കണം എന്നതാണ് എടുത്ത് പറയേണ്ട ഒരു പ്രത്യേകത. ഇത് വരെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ തള്ളിക്കയറ്റത്തിൽ മാതൃ / പ്രാദേശിക ഭാഷകൾ മരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിനി മാറ്റം വരും. മൂന്ന് അദ്ധ്യയന ഭാാഷകളിൽ രണ്ട് ഭാഷ ഇന്ത്യൻ ഭാഷ ആയിരിക്കണം എന്നും വ്യവസ്ഥ ചെയ്യുന്നു.
ഹയർ സെക്കന്ററി ഇല്ലാതാകുമ്പോൾ ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്ന ഗ്രൂപ്പ് വ്യത്യാസവും ഇല്ലാതാവുകയാണ്. 11,12 ക്ലാസ്സുകളിൽ സയൻസ് പഠിക്കുന്നവർക്ക് മാനവിക വിഷയങ്ങളും പഠിക്കാം. അത് പോലെ മാനവിക വിഷയങ്ങൾ പഠിക്കുന്നവർക്ക് സയൻസ് വിഷയങ്ങളും പഠിക്കാം.
ഡിഗ്രി കോഴ്സിനു കോളേജിൽ ചേർന്നാൽ മൂന്ന് വർഷം പഠിച്ച് ഡിഗ്രി നേടാം. നാലാമത്തെ വർഷത്തെ റിസർച്ച് പഠനത്തോടെ നാല് വർഷം പഠിച്ചും ഡിഗ്രി നേടാം. അങ്ങനെ നാല് വർഷത്തെ ഡിഗ്രി പാസ്സായാൽ MSc ക്ക് ചേരാതെ നേരിട്ട് PhD ക്ക് ചേരാം. ഇനി ഡിഗ്രിക്ക് ചേർന്നാൽ കോഴ്സ് പൂർത്തിയാക്കാൻ ഇപ്പോൾ ഉള്ളത് പോലെ മൂന്ന് വർഷം തുടർച്ചയായി പഠിക്കണം എന്നില്ല. ഒരു വർഷം പഠിച്ചിട്ട് നിർത്താം. അപ്പോൾ ഒരു വർഷം പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് തരും. അത് വെച്ചിട്ട് എപ്പോൾ വേണമെങ്കിലും രണ്ടാം വർഷ ഡിഗ്രിക്ക് വീണ്ടും ചേരാം. രണ്ടാം വർഷം പൂർത്തിയാക്കിയാൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് തരും. മൂന്ന് വർഷം പൂർത്തിയാക്കിയാൽ ഡിഗ്രി സർട്ടിഫിക്കറ്റ് തരും. രണ്ട് വർഷം പഠിച്ച് ഡിപ്ലോമ കരസ്ഥമാക്കിയിട്ട് നിർത്തിയാലും പിന്നീട് എപ്പോഴെങ്കിലും മൂന്നാം വർഷ ഡിഗ്രിക്കും ചേരാം. ചുരുക്കി പറഞ്ഞാൽ നിർത്താതെ മൂന്നും നാലും വർഷം പഠിച്ചും നിർത്തി നിർത്തി പഠിച്ചും ഒരാൾക്ക് ഡിഗ്രിയോ പി.എച്ച്.ഡി.യോ നേടാം.
മറ്റൊരു പ്രത്യേകത ആറാം ക്ലാസ്സ് മുതൽ ഇന്റേൺഷിപ്പോടെ എന്തെങ്കിലും തൊഴിലിലും പരിശീലനം നേടാം എന്നതാണ്. എന്നാൽ ഏറ്റവും വലിയ മാറ്റം വരാൻ പോകുന്നത് നിലവിലെ ബൈഹാർട്ട് പഠിച്ച് പരീക്ഷ പാസ്സാവുക എന്ന സിസ്റ്റം ഇനി ഉണ്ടാവില്ല എന്നതാണ്. ഇനി മേലിൽ വിദ്യാർത്ഥിയുടെ ഓർമ്മശക്തിയല്ല പരീക്ഷിക്കപ്പെടുക. അറിവും കഴിവും വിശകലന ശേഷിയും ആയിരിക്കും. അതുകൊണ്ട് പുതിയ ദേശീയ വിദ്യാഭ്യാസ നയത്താൽ നമ്മുടെ വിദ്യാഭ്യാസ മേഖല അടിമുടി ഉടച്ചു വാർക്കപ്പെടുകയാണ്. അതിനനുസൃതമായി അദ്ധ്യാപക സമൂഹവും മാറേണ്ടി വരും. കഴിവുള്ളവർ മാത്രം വിദ്യാഭ്യാസത്തിൽ ഉയർന്നു പോകും. കുറുക്കുവഴികൾ അടയ്ക്കപ്പെടും.
KP Sukumaran (Sudev Vasudevan)