രചന : സഫി അലി താഹ.✍
ക്രിമിനലുകളെ വളർത്തുന്ന രാഷ്ട്രീയ പാർട്ടികളും മൗനമായി നിലകൊണ്ട കോളേജ് അധികൃതരും പൊതുജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണ്.? യുക്തവും വ്യക്തവുമായ അന്വേഷണത്തിലൂടെ മുഖം നോക്കാതെ നടപടിയെടിക്കാൻ വിമുഖത കാണിച്ച നീതിപാലകരെ ഓർക്കുമ്പോൾ അതിശയം തോന്നുന്നു. ആ വകുപ്പ് കൈകാര്യം ചെയ്യുന്നവർക്ക് പ്രാപ്തിയില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചുക്കൊണ്ടിരിക്കുന്നു.അതോ SFI പ്രതിസ്ഥാനത്ത് വന്നത് കൊണ്ടുള്ള മൗനമാണോ?
sfi എന്നത് എന്റെ ചുരുക്കപ്പേരായി ഞാൻ ഹൃദയത്തിലേറ്റിയിരുന്നു.ഇന്നും എനിക്കിഷ്ടമാണ്. പക്ഷേ പുറത്തുവരുന്ന വാർത്തകളിൽ മൗനമണിയാൻ എനിക്കാവുന്നില്ല. കാരണം എനിക്കും നിങ്ങൾക്കും മക്കളുണ്ട്, വളർന്നുവരുന്ന തലമുറയ്ക്ക് സഹായവും മാതൃകയും ആകേണ്ടവരാണ് ഓരോ students party യും.
ഇന്ന് സിദ്ധാർദ്, നാളെ വേറൊരു കുട്ടി. അവനവന് അനുഭവം വരുമ്പോൾ മാത്രം കണ്ണുനിറയ്ക്കുന്ന പ്രതികരിക്കുന്ന അണികളും സോഷ്യൽ മീഡിയ തള്ളുകാരും, നിങ്ങൾ ആരെയാണ് പേടിക്കുന്നത്? മുക്കാൽച്ചക്രത്തിന് വിലയില്ലാത്ത ഈ ഐഡി കൾ സൈബർ കൃമികൾ റിപ്പോർട്ട് അടിച്ചാൽ പോട്ടെന്നു വെയ്ക്കണം പുല്ല്…..അതോ കിറ്റ് കിട്ടില്ലെന്ന് കരുതിയിട്ടാണോ? ഇപ്പോൾ സപ്ലൈക്കോ യിൽ അരിപോലും ഇല്ലെന്നറിഞ്ഞില്ലേ?
15ന് വീട്ടിലേക്കുള്ള യാത്രയിൽനിന്നും അവനെ പിന്തിരിപ്പിച്ച് തിരികെ വിളിച്ചുവരുത്തി 16മുതൽ ആൾക്കൂട്ടവിചാരണയും, മർദ്ദനവും റാഗിങ്ങും….. വിലപ്പെട്ടൊരു ജീവൻ ഇല്ലാതാക്കിയത് എന്തിനായിരുന്നു?ആരാണ് നിനക്കൊക്കെ അധികാരം നൽകിയത്?
ഓരോ മനുഷ്യ ജീവനും എത്രയേറെ വലുതാണ് എന്നോ!കൊല്ലുന്ന പാർട്ടിക്കും തള്ളുന്ന അണികൾക്കും വായിൽ പഴം പുഴുങ്ങി വെച്ചിരുന്ന കോളേജ് അധികൃതർക്കും ആ ജീവൻ നിസ്സാരമാകും, അടുത്ത രാഷ്ട്രീയ പറ്റിക്കലിൽ വോട്ട് തെണ്ടാനുള്ള ഒരു രക്തസാക്ഷിയായി കാണുന്നവരും ഉണ്ടാകും, ചുരുങ്ങിയ പക്ഷം അവന്റെ വീട്ടിലുള്ളവരുടെ, നാട്ടിലുള്ളവരുടെ ഹൃദയം നുറുങ്ങുന്നത് കാണുവാനുള്ള, തേങ്ങുന്നത് കേൾക്കുവാനുള്ള മനസ്സില്ലാത്ത, ക്രൂരതയുടെ വാക്താക്കളാണ് പലരും.
സ്വന്തം സഹപാഠിയെ ക്രൂരമായി തല്ലിച്ചതയ്ക്കാൻ മനസ്സിനുറപ്പുകൊടുക്കുന്ന ക്യാമ്പസുകൾ,നോക്കിനിന്ന് മൗനം പേറുന്ന കുട്ടികൾ,അതൊക്കെയും രാഷ്ട്രീയലാഭമാക്കുന്ന അധികാരികൾ.റൂം മേറ്റ്സ്, ക്ലാസ്സ് മേറ്റ്സ് ഒക്കെ ഇതിൽ പങ്കാളികളാണ് എന്നറിയുമ്പോൾ ആരെയാണ് വിശ്വസിക്കുക, എങ്ങനെയാണ് സമാധാനിക്കുക?
ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ എല്ലാവരും തയ്യാറാകണം. ക്രിമിനലുകളെ വളർത്തുകയും പരീക്ഷ എഴുതാതെ പോലും ജയിപ്പിക്കുകയും കേസ് ഉള്ളപ്പോൾ തന്നെ ജോലി കിട്ടുകയും ഒക്കെ ചെയ്യുന്നത് ഇതുപോലുള്ള പാർട്ടികളിലേക്ക് കുട്ടികളെ ആകർഷിക്കുന്നുണ്ട്. അവരവരുടെ സ്വർത്ഥതയ്ക്ക് വേണ്ടി എന്തും ചെയ്യാനുള്ള മനോബലം പിന്നെ ആർജ്ജിച്ചെടുക്കുന്നു. ഈയ്യാംപാറ്റകളെ പോലെ ചെന്നുകയറുന്നവരിൽ പലരും ആരുടെയെങ്കിലും കത്തിയിൽ ഒടുങ്ങും. ഏതെങ്കിലും ഒരു ജംക്ഷനിൽ 1000രൂപ ചെലവിൽ ഒരു സിമെന്റ് സ്മാരകം ഉയരും, കൊടികുത്തും, അതിൽ പക്ഷികൾ കാഷ്ടിക്കും, രാഷ്ട്രീയക്കാർക്ക് അടുത്ത ഇര വരുന്നത് വരെ വോട്ട് പിടിക്കാനുള്ള ഒരു മാർഗ്ഗം മാത്രമാണ് ഈ രക്തസാക്ഷി!!
വിദ്യാർത്ഥി രാഷ്ട്രീയത്തിന് ഒരിക്കലും എതിരല്ല, രാഷ്ട്രീയമായാൽ അവിടെ അക്രമം ഒക്കെ ഉണ്ടാകും എന്ന് പറയുന്ന കുറച്ചുപേരുണ്ട്. അത് അംഗീകരിക്കാൻ ആകുന്നില്ല. കുട്ടികളുടെ അനേകായിരം പ്രശ്നങ്ങളിൽ പരിഹാരം കാണാനാണ് ഓരോ students പാർട്ടിയും ശ്രദ്ധിക്കേണ്ടത് എന്നാണ് അനുഭവം.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഇഞ്ചുറി നമ്പർ 1:തലയുടെ പിറകിലെ മുറിവ്,12:പട്ടിക പോലുള്ള വസ്തു ഉപയോഗിച്ചുള്ള മർദനം,14: ചവിട്ട് ഇടി കൊണ്ടുള്ള ചതവുകൾ, വയർ കൊണ്ടും ബെൽറ്റ്കൊണ്ടും അടിച്ച പാടുകൾ ഒക്കെയും വല്ലാതെ വേദനിപ്പിക്കുന്നു.കുട്ടികളെ ഇല്ലായ്മ ചെയ്യാനും അത് നോക്കി നിൽക്കാനും ചങ്കുറപ്പുള്ള രാഷ്ട്രീയപാർട്ടികൾ എന്നെപോലെയുള്ള ഓരോ രക്ഷകർത്താക്കളുടെയും പേടിസ്വപ്നം തന്നെയാണ്.