രചന : ഷാജി പേടികുളം ✍
കടക്കെണി ഒരു
കെണിയാണ്
എലികൾക്കു വേണ്ടി
കെണിവച്ചവർ
കടക്കെണിയിൽ
തൂങ്ങിയാടുന്നു.
വിഷക്കെണിയിൽ
പിടഞ്ഞമരുന്നു.
ജീവിക്കുവാൻ
പോരാട്ടത്തിലത്രെ
എലിയും കർഷകനും.
കർഷകൻ കടമെടുത്ത്
കൃഷിയിറക്കുന്നു.
വിളവുമുഴുവൻ
എലി തിന്നു തീർക്കുന്നു.
കർഷകൻകെണിയൊരുക്കി
കാത്തിരിക്കുന്നു.
ബുദ്ധിമാനായ എലി
കെണി നോക്കി ചിരിക്കുന്നു.
കടം കൊടുത്തവർ
കർഷകന് കെണിയൊരുക്കുന്നു.
ബുദ്ധിയില്ലാത്ത കർഷകൻ
കെണിയിൽ വീഴുന്നു.
പിടിച്ചു നിൽക്കാൻ
വീണ്ടും കടമെടുക്കുന്നു.
കടം പെരുകി പെരുകി
ആത്മഹത്യയെ പ്രാപിക്കുന്നു.
തിന്നു കൊഴുത്ത എലി
മറ്റൊരിരയെ തേടുന്നു.
ഇരകൾ ഒന്നൊന്നായി
ആത്മഹത്യ പ്രാപിക്കുമ്പോൾ
എലി തടിച്ചു കൊഴുക്കുന്നു
സുഖിച്ചു രമിച്ചു വാഴുന്നു.
കാലം കടന്നുപോകവേ
എലി സത്യം തിരിച്ചറിഞ്ഞു :
മാന്തിയിട്ടും മാന്തിയിട്ടും
ഒരു വേരുപോലുമില്ലെന്ന സത്യം
എലി മെലിയാൻ തുടങ്ങി
ഭക്ഷണത്തിനായി
നെട്ടോട്ടമോടി
മാന്തി മാന്തി ക്ഷീണിതനായ
എലി മുമ്പൊരു കർഷകൻ
വച്ച കെണിയിലെ ഉണങ്ങിയ
ഭക്ഷണത്തിൽ കടിച്ച്
കെണിയിൽപ്പെട്ടു.
പ്രാണനുവേണ്ടി പിടയുമ്പോൾ
ബുദ്ധിമാനായ എലിക്ക്
പോംവഴികളൊന്നും
തെളിഞ്ഞില്ല ബുദ്ധിയിൽ .
വിശപ്പിനു മുന്നിൽ
ബുദ്ധിയ്ക്കുമഹന്തയ്ക്കു
മെങ്ങു സ്ഥാനം ?
———