രചന : തോമസ് കാവാലം✍
വിദ്യാർത്ഥിയെന്നുള്ളപേരുകൊണ്ടല്ലയോ
സിദ്ധാർത്ഥനെയവർ കെട്ടിത്തൂക്കി
രാഷ്ട്രീയംവേണ്ടെന്നു ചൊല്ലിയ കാരണം
കഷ്ടത്തിലായവൻ ജീവനേകി.
നാലുനാൾ,തുള്ളിയും നാവിലിറ്റിക്കാതെ
നാൽക്കാലിപോലവർ കൊന്നുതൂക്കി
നാലല്ലനാല്പതുപേരവരൊന്നിച്ചു
ന്യായവിചാരത്തിലാക്രോശിച്ചു.
വിവസ്ത്രനാക്കിയും കണ്ടുരസിച്ചവർ
വിവരം കെട്ടൊരു വിദൂഷകർ
അവമതിയെന്നു,മംബരമാക്കിയോർ
അവനിതന്നിലഴിഞ്ഞാടുന്നു.
മർദ്ദിച്ചു മർദ്ദിച്ചു മൃതപ്രായനാക്കി
ഗർദ്ദഭംപോലെ തുരത്തിയില്ലേ?
ക്രൂരമനസ്സുകൾ നൽകിയപീഡനം
ചോരയൊഴുക്കിൽ കലാശിച്ചില്ലേ?
കലാലയത്തിനെ കുത്തരങ്ങാക്കുമീ
കാപാലികരിവർ കാവൽക്കാരോ?
കാട്ടിലെനീതിയും തൊട്ടുതേയ്ക്കാത്തവർ
കാട്ടുമൃഗങ്ങളാം നാട്ടിലെങ്ങും.
അച്ഛനുമമ്മയും കണ്ടോരാസ്വപ്നങ്ങൾ
തുച്ഛമാനിമിഷം തകർത്തില്ലേ?
മ്ലേച്ഛമാം ചിന്തയാൽ പാവമാജീവനെ
ഉച്ഛിഷ്ടം പോലെ കരുതിയില്ലേ?
എന്തേ നീ കേട്ടില്ല സ്വന്തമീ പുത്രന്റെ
സാന്തപ വാക്കുകൾ അന്ത്യനാളിൻ
എന്തേനീ കേൾക്കിലുമന്തരാത്മാവിനെ
തൊട്ടുണർത്തീടുവാൻ കൂട്ടാക്കിയോ?
വിട്ടുവീഴ്ചയ്ക്കിവരർഹര,ല്ലോർക്കുക
വീട്ടിലും നാട്ടിലും വേണ്ടാത്തവർ
മുട്ടിലിഴഞ്ഞവർ കേഴണം ജീവനായ്
തട്ടിയുണർത്തണം ധർമ്മബോധം.!
മാപ്പുനൽകീടുക,സിദ്ധാർത്ഥ!നിൻ കൊല
മാഞ്ഞുപോയീടുമോ മാനസത്തിൽ?
മാനവഹൃത്തടംതേങ്ങും,നിൻ മാതാവും
മാറത്തടിച്ചു കരയും നേരം.