സാംസ്കാരിക പ്രബുദ്ധരെന്ന് നാഴികക്ക് നാൽപത് വട്ടം വീമ്പ് പറയുന്ന മലയാളിക്കും ദൈവത്തിൻ്റെ സ്വന്തം നാടിനും ഇതെന്ത് പറ്റി? ലോകത്ത് നടക്കുന്ന സകല കാര്യങ്ങളിലും പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഹാഷ് ടാഗുകളുമായി രംഗത്ത് വരുന്ന നമ്മൾക്കെന്തേ മൂക്കിൻ തുമ്പത്ത് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടന്ന സിദ്ധാർതഥ് എന്ന വിദ്യാർത്ഥിയുടെ അറുകൊലക്കെതിരെ നാവ് പൊങ്ങാത്തെ ? റാഗിംഗ് എന്ന വൃത്തികെട്ട ആഭാസത്തിൻ്റെ അടിവേരറുത്ത് സ്നേഹസന്ദേശം പകർന്ന് നൽകാൻ ഇനിയും കഴിയാതെ പോയാൽ കലാലയങ്ങൾ കലാപഭൂമിയാകുന്ന കാലം അതിവിദൂരമല്ല.

അറിവ് നേടാനായ് വന്നൊരു കൂട്ടിനെ
അറവുമാടിനെപ്പോലെ വലിച്ചവർ
അറക്കുന്ന വാക്കിനാൽ കോറിവരച്ചവർ
കൂട്ടതിൻ പൂമേനി കീറിമുറിച്ചവർ
ആർത്തു കരഞ്ഞവൻ അലമുറയിട്ടവൻ
ആരുമേ കേട്ടില്ല ആ ആർത്തനാദങ്ങൾ
കൂട്ടമായട്ട ഹാസങ്ങൾ മുഴക്കീട്ട്
മനുഷ്യപിശാചുക്കളാർത്തു വിളിച്ചപ്പോൾ
ആഞ്ഞുചവിട്ടിയാ ദുഷ്ടരാ
മേനിയിൽ
രാക്ഷസക്കണ്ണിനാൽ രൗദ്രഭാവത്തിനാൽ
സ്വന്തം ചോരയാണെന്ന തോർത്തതില്ലവർ
ചോര
ചിന്താനായ് ചേരി പണിതവർ
ജീവനായ് കേണന്ന് വീണ് കരഞ്ഞിട്ടും
കരളലിഞ്ഞില്ല കണ്ണ് തുറന്നില്ല
ഒരു തുള്ളി കണ്ണുനീരാർക്കും പൊടിഞ്ഞില്ല
ആർത്തു വിളിച്ചപ്പോൾ ആർപ്പുവിളിച്ചവർ
ആർത്തു കരഞ്ഞപ്പോൾ ആർത്തുചിരിച്ചവർ
കലി മൂത്ത കാലത്തെ കലിയുഗപ്പിറവികൾ
കാലികളെക്കാൾ അധപതിച്ചുള്ളവർ
കണ്ണീര് വീഴാത്ത കണ്ണ് തുറക്കാത്ത
കണ്ണിൻ്റെ കണ്ണാണ് കൂട്ടതെന്നറിയാത്ത
ഹൃത്തിൽ കുടിപ്പക പേറി നടന്നിടും
ഹൃത്തടം കഴുകിക്കൊടുക്കുവാനാരുണ്ട്?
വിപ്ലവം വാനോളം പാടി പറഞ്ഞിട്ടും
മാനിഷാദകൾ പാടി പഠിച്ചിട്ടും
തലക്കകം തത്വങ്ങൾ കോരിയൊഴിച്ചവർ
തലയിൽ നിറച്ചത് കറുപ്പും വെറുപ്പു മോ?
അറിവത് മാറ്റിട്ട് നേരറിവ് നൽകാതെ
ഹൃത്തടം കഴുകാതെ കഴുകിക്കളയാതെ
മാറില്ല മായില്ല നേർവഴി പുൽകില്ല
തെല്ലും മുഴങ്ങില്ല മാറ്റത്തിൻ മാറ്റൊലി.

ടി.എം. നവാസ്

By ivayana