ഒടുവിലെൻ്റാത്മാവുതേങ്ങി
അരികെ നീ വന്നു നിന്ന നേരം…
മിഴി നിറഞ്ഞൊരുതുള്ളി
കണ്ണീരടർന്നെൻ്റെ നെറുകയിൽ
ചിതറിത്തെറിച്ച നേരം…
ഒടുവിലെൻ്റാത്മാവുതേങ്ങി…
നിന്നെയോർത്തൊടുവിലെ-
ൻ്റാത്മാവ് തേങ്ങീ…

പ്രിയതേ നീയെത്തുവാനേറെ വൈകി,
കരയാതെ ഇനിയെന്നെ യാത്രയാക്കൂ…
ചിറകറ്റുനിൻ പ്രണയചുഴിയിൽ പതിച്ച,
ഈ ദേശാടനക്കിളിയെ നീമറക്കൂ…

ഭൂതകാലത്തിൻ്റെ തടവറക്കുള്ളിൽ
നീ മൂളിപ്പറക്കുന്ന ഭ്രമരമാണോമലേ…
നീറിപ്പുകയുന്ന ഓർമ്മകൾക്കുള്ളിലും,
നോവുന്ന ഓർമ്മയായ് മാറുന്നു നിൻമുഖം…

ഉടലിൽനിന്നാത്മാവ് പിരിയുന്ന നേരവും
മരണം ഭയന്നല്ല തേങ്ങിയതെൻ മനം
പ്രാണൻ്റെ പ്രാണനാം പ്രണയമേ,
നീ… എന്നെമറന്നതിലാണെൻ്റെ സങ്കടം…

മോക്ഷത്തിലലിയുമെൻ പ്രാണൻ്റെയുള്ളിലും
പ്രണയം നിറക്കുന്ന
പ്രണവസ്വരൂപമേ…
ഒടുവിലെൻ്റാത്മാവുതേങ്ങി
നീയെന്നെമറന്നതോർത്തൊ-
ടുവിലെൻ്റാത്മാവ് തേങ്ങി…

                        
ദീപക് രാമൻ

By ivayana