രചന : പ്രിയബിജൂ ശിവകൃപ .✍
ആ കണ്ണുകളാണ് ആദ്യം നിരഞ്ജന്റെ ശ്രദ്ധയിൽ പെട്ടത്… കാട്ടുപെണ്ണിന്റെ നിഷ്കളങ്കതയും ശാലീനതയും വേണ്ടുവോളം ഒത്തുചേരുന്ന അഴകിന്റെ നിറകുടം…. ആ വിടർന്ന മിഴികളിൽ ഭയം കലർന്നിരുന്നു…
അധികമാരും കടന്നുചെല്ലാത്ത കരിമ്പൻ കാട്
അവിടുത്തെ കാട്ടുപെണ്ണ് നീലി …
“നിലാവ് ” മാഗസിനിനു വേണ്ടി റിപ്പോർട്ടർ കിരണിനൊപ്പം ചിത്രങ്ങൾ എടുക്കാൻ പോയതാണ് ഫോട്ടോഗ്രാഫർ ആയ നിരഞ്ജൻ …..
പ്രകൃതി ഭംഗി ഒപ്പിയെടുക്കുന്നതിനിടയിലാണ് ആദ്യമായി നീലി അവന്റെ ഫ്രെയിമിൽ പതിയുന്നത്… അവളറിയാതെ അവളുടെ ചലനങ്ങളെല്ലാം അവൻ ക്യാമറയിൽ ഒപ്പിയെടുത്തു……
“എന്തു സുന്ദരിയാണീ പെൺകുട്ടി… സിനിമക്കാരെങ്ങാനും കണ്ടാൽ കൊത്തിയെടുത്തോണ്ട് പോകും “
നിരഞ്ജൻ കിരണിനോട് പറഞ്ഞു…
കാട്ടിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ഒരു പഴയ കെട്ടിടം ഉണ്ട്… അത്യാവശ്യം താമസയോഗ്യമാണ്.. അവിടെയിരുന്നു റിപ്പോർട്ടുകൾ തയ്യാറാക്കുകയായിരുന്നു കിരൺ…
” കൊത്തിഎടുക്കാൻ അങ്ങോട്ട് ചെല്ല്… കൊത്തി പൊഴയിലെറിയും കീരി “
കേട്ടുകൊണ്ടുവന്ന ചന്ദ്രൻ പറഞ്ഞു… അടുക്കളയിൽ സഹായിയായി കൂടിയിരിക്കുന്ന ആളാണ്.. അയാൾ ആലപ്പുഴക്കാരനാണ്.. വർഷങ്ങളായി ഇവിടെയെത്തിയിട്ട്…. ഇതുപോലെ വരുന്ന ആരുടെയെങ്കിലും പിറകെ കൂടി അങ്ങനെ ജീവിച്ചുപോകുന്നു… ഒറ്റത്തടിയാണ്.. പെണ്ണൊന്നും കെട്ടിയിട്ടില്ല….
” കീരിയോ,,. അതാരാ…. ഞാനൊരു നല്ല കാര്യമല്ലേ പറഞ്ഞത്… “
“അതൊക്കെ തന്നെ പക്ഷെ ആ പെൺകൊച്ചു ഒരു പാവമാണ്. മൂപ്പന്റെ മകളാണ് നീലി…..പാവം അതൊരു ഊമയാണ്…..
ഒരു കശ്മലൻ വില പറഞ്ഞു നിർത്തിയിരിക്കുവാ അതിനെ……”
” അതാരാ”
… അത് ഇടയ്ക്കിടെ നാട്ടിൽ നിന്നും കാടിളക്കി ഒരു ദുഷ്ടൻ വരും…അവന്റെ വരുതിയിലാണ് മൂപ്പൻ… ഈ നീലിയെ കണ്ടിട്ടാണ്… മൂപ്പനെ കയ്യിലെടുത്തിരിക്കുന്നെ… ആ മൂപ്പന് ആവശ്യത്തിന് കള്ളും കാഴ്ച ദ്രവ്യങ്ങളും ഒക്കെ കൊണ്ടുപോയി കൊടുക്കും
അയാൾക്ക് ഇവളെ കല്യാണം കഴിക്കാനൊന്നുമല്ല… അങ്ങനെ വിശ്വസിപ്പിച്ചിരിക്കുവാ ഈ പാവങ്ങളെ..ഇവന് ചെല്ലുന്നിടത്തെല്ലാം പെണ്ണുങ്ങളുള്ള കാര്യം ഈ പാവങ്ങൾക്കറിയില്ല “
“അവൻ എങ്ങനെ ഇവിടെ വന്നെത്തി “
അത് അവനൊരു ക്രിമിനൽ ആണ്…പേര് കരുണൻ… കീരി എന്നാ വിളിപ്പേര്…
“കീരി കരുണനോ.. അവനിവിടെയെന്താ കാര്യം..”
ഇടയ്ക്കിടെ ഏതെങ്കിലും കേസിൽപ്പെടും… ഇവിടെ വന്നൊളിച്ചു താമസിക്കും… ഇവൻ എന്റെ നാട്ടുകാരനാണ്…. ഇടയ്ക്ക് വന്നെയും ഭീഷണിപ്പെടുത്താറുണ്ട്… അവനിവിടുള്ള കാര്യം പുറത്തറിയിക്കരുതെന്നും പറഞ്ഞ്..
ഇപ്പോൾ വന്നിട്ടുണ്ട്..
രണ്ടു നാൾ കഴിഞ്ഞു ചെമ്പകവുമായിട്ടുള്ള വിവാഹം തീരുമാനിച്ചിരിക്കുവാ….
പാവം പെൺകൊച്ചു… കീരിയുടെ വായിൽ പ്പെടാനാണല്ലോ അതിന്റെ യോഗം
” ങ്ങാ അതാ കീരി…. “
പുഴയുടെ തീരത്ത് രണ്ടു കൂട്ടാളികളുമായി വന്നു നിൽക്കുന്ന ഒരു ആജാനബാഹുവിനെ ചന്ദ്രൻ കാണിച്ച് കൊടുത്തു…
കറുത്ത് തടിച്ചു പർവ്വതം പോലെ ഒരുത്തൻ
” ദൈവമേ… ഈ മറുതയുടെ കയ്യിലാണോ ആ മാൻപേട അകപ്പെട്ടിരിക്കുന്നെ… കഷ്ടം.. “
“നീ അതൊക്കെ വിട്.. അതൊക്കെ അവർ നോക്കിക്കൊള്ളും.. ഇന്നുവൈകിട്ട് നമുക്ക് ആഘോഷങ്ങളുടെ ഒരുപാട് ഫോട്ടോസ് എടുക്കണം……നമ്മൾ നമ്മുടെ ജോലി ചെയ്യാനല്ലേ വന്നത് നമുക്ക് അത് നോക്കിയാൽ പോരെ…”
കിരൺ ചോദിച്ചു…
” ഉം “
നിരഞ്ജൻ ചിന്താ ഭാരത്തോടെ തലയാട്ടി…..
അവന്റെ മനസ്സിൽ അവളുടെ നിഷ്കളങ്കമായ കണ്ണുകൾ ആയിരുന്നു……
സന്ധ്യാനേരം…
കരിമ്പൻ കാട്ടിലെ ആദിവാസി ഊരുകളുടെ പ്രത്യേക ഉത്സവമായ ‘അമ്മനാട്ടം ‘ നടക്കുകയാണ്….
ദീപങ്ങളാൽ അവിടമാകെ അലങ്കരിച്ചിരിക്കുന്നു…
അടുത്തടുത്തുള്ള പല പല സമുദായക്കാരായ ആദിവാസികൾ ഒത്തുകൂടുന്ന ഉത്സവം ആണ് ‘ അമ്മനാട്ടം ‘
അവിടത്തുകാർക്ക് ഒരുപാട് സന്തോഷം ഉള്ള ദിവസമാണ്…
നിരഞ്ജന്റെ കണ്ണുകൾ നീലിയെ തിരഞ്ഞു…
ഒടുവിൽ കണ്ടു…
ദീപങ്ങൾ പുഴയിലൊഴുക്കി വിടുന്നു..
ഏതെങ്കിലും ആഗ്രഹം മനസ്സിലോർത്തു ദീപം ഒഴുക്കി വിട്ടാൽ അത് നടക്കുമെന്നാണ് അവരുടെ വിശ്വാസം…
നീലി എന്തായിരിക്കും ആഗ്രഹിച്ചിട്ടുണ്ടാകുക..
ഒരു പക്ഷെ അവൾ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടാകുമോ..
പാവം രണ്ടുദിവസം കഴിഞ്ഞാൽ വാടിക്കരിഞ്ഞുപോകാനുള്ള കാട്ടുപൂവ്……
സ്വന്തം ഇഷ്ടവും ഇഷ്ടക്കേടും തുറന്നു പറയാൻ പോലും അതിനു കഴിയില്ലല്ലോ
അറിയാതെ അവന്റെ ഉള്ളിൽ നൊമ്പരം നിറഞ്ഞു…
ഇടയ്ക്കെപ്പോഴോ അവളുടെ നോട്ടം അവന്റെ മേൽപ്പതിഞ്ഞു….
അവൻ അവളെ നോക്കി പുഞ്ചിരിച്ചു…
ആ പുഞ്ചിരിയിലെ ആത്മാർത്ഥത തൊട്ടറിഞ്ഞിട്ടെന്നപോലെ അവളും പുഞ്ചിരിച്ചു…
അന്ന് നൃത്തവും പാട്ടുകളുമായി ആ രാവ് കടന്നുപോയി…
പിറ്റേന്ന് ഉണർന്നെഴുന്നേറ്റപ്പോൾ നിരഞ്ജന് ഒരുത്സാഹവും ഉണ്ടായിരുന്നില്ല… മനസ്സിൽ നീലിയുടെ മുഖം നിറഞ്ഞു നിൽക്കുന്നു…
തൊട്ടടുത്ത നിമിഷം അറക്കപ്പെടാൻ പോകുന്ന മൃഗത്തിന്റെ ദൈന്യത…
അവൻ മെല്ലെ എഴുന്നേറ്റു നടന്നു…
മുന്നിൽ സുന്ദരിയായ ഭവാനിപ്പുഴ….
.
അതിന്റെ തീരത്ത് കൂടി അവൻ നടന്നു…
അപ്പോൾ കണ്ടു എതിരെ അവളും കുറച്ചു
കുട്ടികളും നടന്നു വരുന്നു… ഒരു ചെറിയ കുട്ടിയെപ്പോലെ തോന്നിച്ചു അവളുടെ മുഖം…
അവനെ കണ്ടു അവൾ പുഞ്ചിരിച്ചു….. കുട്ടികളൊക്കെ കലപില കൂട്ടികൊണ്ട് ഓടിപ്പോയി…
” കുട്ടി എവിടെപ്പോയിട്ട് വരുന്നു… അവൾ ദൂരേക്കു കൈ ചൂണ്ടിക്കാട്ടി..
അവിടെ ചെറിയ ഒരു കോവിൽ ഉണ്ടായിരുന്നു.. അവിടെ പോയിട്ട് വന്നതാണെന്ന് അവനു മനസ്സിലായി…
ഇളം പച്ച നിറത്തിലുള്ള അവളുടെ ചേല അവൾക്കു നന്നായി ഇണങ്ങുന്നുണ്ടായിരുന്നു… നെറ്റിയിലെ ചുവന്ന കുങ്കുമപ്പൊട്ട് അവളുടെ മുഖത്തെ ശോഭ കൂട്ടി….
” തന്റെ കല്യാണം ആയി അല്ലെ “
പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു…
മുഖം കുനിച്ചു നിന്നു അവൾ…
” താൻ ഇന്നലെ ദീപം തെളിയിച്ചപ്പോൾ ഈ വിവാഹം നടക്കരുത് എന്നല്ലേ ആഗ്രഹിച്ചത്,.. “
അവൾ ഞെട്ടലോടെ അവനെ നോക്കി….
പെട്ടെന്ന് അവിടെ നിന്നും ഓടിപ്പോയി…
അവൻ വിഷമത്തോടെ അത് നോക്കി നിന്നു…
ബ്രേക്ഫാസ്റ് കഴിച്ചുകൊണ്ടിരുന്നപ്പോൾ
ദീപ്തിയുടെ വീഡിയോ കാൾ വന്നു…
” എന്താടാ നിന്റെ മുഖത്തൊരു വാട്ടം “
കണ്ടപ്പോഴേ അവൾ ചോദിച്ചു….
” ഓഹ് അതൊന്നും പറയേണ്ടടി., ഇവിടെ ചെറിയൊരു പ്രശ്നം ഉണ്ട് “
അവൻ നീലിയുടെ വിവരങ്ങൾ എല്ലാം ദീപ്തിയോടു പറഞ്ഞു…
” ഇക്കാര്യത്തിൽ നമുക്കെന്തു ചെയ്യാൻ കഴിയും…. നീ ആവശ്യമില്ലാത്ത പുലിവാലിലൊന്നും പോയി തലയിടരുത്… “.
അവൾ ഉപദേശിച്ചു…
നിരഞ്ജന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ദീപ്തി… അവൾ നവനീതം മാസികയിൽ ആണ് വർക്ക് ചെയ്യുന്നത്…
അവളോട് കുറച്ചു നേരം സംസാരിച്ചിട്ട് അവൻ എഴുനേറ്റു..
ഇന്നു തിരികെ കാടിറങ്ങുകയാണ്….
ഇനി അടുത്ത വർഷം വീണ്ടും വരണം…
മൂപ്പനോട് യാത്ര പറയാനായി പോയി കിരണും നിരഞ്ജനും…
യാത്ര പറഞ്ഞിറങ്ങിയപ്പോൾ അയാൾ പ്രതീക്ഷയോടെ നോക്കുന്നത് കണ്ടു. കിരൺ വലിയ ഒരു ബോട്ടിൽ കയ്യിൽ കൊടുത്തു അതുകണ്ടു അയാളുടെ മുഖം തെളിഞ്ഞു….
ആ ചെറിയ കുടിലിന്റെ ഒരു ഓരത്തു നിന്നും രണ്ടു കണ്ണുകൾ തന്നെ നോക്കി നിൽക്കുന്നത് നിരഞ്ജൻ അറിഞ്ഞു…
പ്രതീക്ഷയുടെ അവസാന വെട്ടം അസ്തമിക്കുന്നു എന്നൊരു വ്യഥ അവളുടെ മുഖത്തു കണ്ടു.. അവൻ വേദനയോടെ മുഖം തിരിച്ചു………..
തിരികെ കാടിറങ്ങുമ്പോൾ അവന്റെ യുള്ളിൽ പേരറിയാത്ത ഏതൊക്കെയോ നൊമ്പരങ്ങൾ വന്നു കുത്തി നോവിച്ചുകൊണ്ടിരുന്നു…..
പിറ്റേന്ന് ഉച്ചയായി എറണാകുളം എത്തിയപ്പോൾ…. ഓഫീസിൽ കയറിയിട്ട് അവൻ വീട്ടിലേക്ക് പോയി……
നല്ല ക്ഷീണം ഉണ്ടായിരുന്നു അവന്.. അമ്മ നല്ല രുചികരമായ ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടായിരുന്നു…
അമ്മയോട് നീലിയുടെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ അമ്മയ്ക്കും സങ്കടം ആയി…
“നിനക്ക് ഇക്കാര്യത്തിൽ ആദ്യമേ തന്നെ ആ പെൺകുട്ടിയെ സഹായിക്കാൻ കഴിയുമായിരുന്നു മോനെ….മീഡിയ അല്ലെ നിന്റെ കയ്യിൽ ഉള്ളത്… ക്രിമിനൽ ആയ കരുണനെ കുറിച്ച് പൊലീസിൽ ഇൻഫോം ചെയ്യാമായിരുന്നില്ലേ…..
..
ഇനിയിപ്പോൾ അതിനുള്ള സമയം ഉണ്ടാവുമോ… നാളെ അവളുടെ വിവാഹം അല്ലെ… വിവരമറിഞ്ഞു പോലീസ് ചെല്ലുമ്പോഴേക്കും അവൻ അവളെയും കൊണ്ട് കടന്നു കളയില്ലേ…”
നിരഞ്ജന് വല്ലാത്ത നിരാശ തോന്നി…. ഇങ്ങനെ ഒരു ബുദ്ധി തനിക്കു തോന്നിയില്ലല്ലോ…
” ഇനിയിപ്പോൾ പറഞ്ഞിട്ടെന്താ ആ പെങ്കൊച്ചിന്റെ വിധി അല്ലാതെന്താ… നീ പോയി റസ്റ്റ് എടുക്ക്… യാത്ര കഴിഞ്ഞു വന്നതല്ലേ…. “
അവൻ പോയി കിടന്നു… ഓരോന്ന് ചിന്തിച്ചു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു…
അതിരാവിലെ അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടാണ് അവൻ ഉണർന്നത്…
അവൻ പരിഭ്രാന്തിയോടെ ഓടിച്ചെന്നു…
ടീവി യിൽ ന്യൂസ് കാണുകയായിരുന്നു അമ്മ….
” മോനെ.. നീയിതു നോക്കിയേ “
അവൻ ടീവിയിലേയ്ക്ക് കണ്ണുകൾ പായിച്ചു…
ഫ്ലാഷ് ന്യൂസിൽ എഴുതിക്കാണിക്കുന്നു….
കൊടും കുറ്റവാളിയായ കീരി കരുണൻ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചു…!!!
നിരഞ്ജന്റെ ഉള്ളിൽ ഭവാനിപ്പുഴയിലെ ഓളങ്ങളിൽ ഒഴുകിയകന്ന ദീപങ്ങൾ തെളിഞ്ഞു വന്നു… ഒപ്പം നിറഞ്ഞ രണ്ടു വലിയ മിഴികളും…
PBSK