രാത്രി ഒരു മുറിയിൽ ഒരേ കട്ടിലിൽ കിടന്നിട്ടും രണ്ടു പേരും ഒന്നും മിണ്ടിയതേയില്ല. നനഞ്ഞ നിശബ്ദതയുടെ കനത്ത ഇരുട്ടായിരുന്നു മുറിയിൽ നിറഞ്ഞത്. രണ്ട് പേർ ഗുഹയിൽ നിന്നെന്ന പോലെ ശ്വാസം വലിച്ചെടുക്കുകയാണ്. നാലു കണ്ണുകളിൽ നോട്ടങ്ങൾ വലിഞ്ഞ് മുറുകി കാഴ്ചകൾ നനയുന്നു.
നാളെ കോടതിയിൽ പോകേണ്ട ദിവസമാണ്. ഇതിന് മുന്നെയും കേസ്സിൻ്റെ കാര്യം പറഞ്ഞിട്ട് എത്രയോ തവണ രണ്ടു പേരും വഴക്കടിച്ചിട്ടുണ്ട്.
കടയുടെമുന്നിലെ റോഡിൽ വെച്ചുണ്ടാകുന്ന തർക്കങ്ങളിലൊന്നും കടക്കാരൻ കക്ഷി ചേരാറില്ലല്ലോ…
അടി കൊണ്ടയാൾ മരണപ്പെടും എന്നായപ്പോളാണ് കുട്ടിയെ പീഡിപ്പിച്ചിട്ടാണ് അടിച്ചത് എന്ന് കഥയുണ്ടാക്കിയതും പീഡനക്കേസ്സാക്കി അവർ മാറ്റിയതും.. കൊലപാതക കേസ്സിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവർ പീഡന കഥയുണ്ടാക്കി ആ ഗ്രാമത്തിന് കാവൽ നിന്നു..
സത്യം പുറത്ത് പോവാതിരിക്കാൻ കൊള്ളസംഘങ്ങൾ ആഴ്ചകളോളം പരുന്തിനെപ്പോലെ എല്ലായിടത്തും കറങ്ങി നടന്നു. കൊള്ളക്കാരുടെ കറുത്ത മുഖങ്ങൾ കൂടുതൽ കറുത്തു.. കണ്ണുകളിൽ പേടിയും ഭയവും ചുവന്ന് തുടങ്ങി. ആരെ കുരുതി കൊടുത്തിട്ടിയാലും
രക്ഷപ്പെടാനുള്ള കുതന്ത്രങ്ങൾ..
ജിനേന്ദ്ര ബഹ്റയോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ ചിലർ കരുതിക്കൂട്ടി ഉണ്ടാക്കിയ പ്രശ്നമയിരുന്നു , അത് അടിപിടിയായി പിന്നെ കണ്ടു നിന്ന ആൾക്കുട്ടവും ഭീകരമായി മർദ്ദിച്ചു.
തിരിച്ചു കടിക്കാത്ത നായയെ ആർക്കും കല്ലെറിയാമല്ലോ..
എല്ലാമറിയുന്ന നിങ്ങൾ എന്തിനാ അവർ പറയുന്നത് വിശ്വസിച്ചത്.
ഭാര്യയുടെ ചോദ്യം…. നിസ്സഹായതയാണ് ഉത്തരം..
ഇതൊന്നുമറിയാത്ത എൻ്റെ കുഞ്ഞിമോളും ഞാനും കേസ്സിൽ ബലിയാടാക്കപ്പെട്ടു.
അവരുടെ വീട്ടിലെ കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചിട്ടാണ് അടിച്ചത് എന്നാക്കാമായിരുന്നല്ലോ ..
നിങ്ങൾക്കതെങ്കിലും ചോദിക്കാമായിരുന്നില്ലേ..?
പരാതിക്കാരിയായ് തന്നെക്കൊണ്ട് ഒപ്പിടുവിച്ചത് നിങ്ങളാണ്. ഇക്കാര്യം മനസിലായതിന് ശേഷം എത്രയോ തവണ ഞാൻ പറഞ്ഞതാണ്.. ആ കുടുംബത്തോടെങ്കിലും സത്യം തുറന്ന് പറഞ്ഞ് കേസ്സിൽ നിന്നും ഒഴിവാകാൻ. മോള് വളർന്ന് വലുതായാലും ഈ പാപക്കറ മാറുമോ..?
നിരപരാധിയായ ഒരു മനുഷ്യൻ്റെ ജീവിതം നശിപ്പിച്ചിട്ട്, അയൽക്കാരായ ആ കുടുബത്തിൻ്റെ ശാപം ഏൽക്കാൻ എൻ്റെ മോളും ഞാനുമൊരുക്കമല്ല..
ഇത്രയും കാലം കൂടെനിന്നവരെല്ലാവരും അയൽക്കാരും കൂടി നമ്മളെ ചതിക്കുകയായിരുന്നു..
ഇരുട്ടിലും അവളുടെ കണ്ണുകൾ അയാൾ കണ്ടു… കണ്ണകിയുടെ കത്തുന്ന രൂപം
പക്ഷെ അവളുടെ വാക്കുകൾ നനഞ്ഞിരുന്നു.. കണ്ണീരിൻ്റ ഉപ്പ് രസം അയാൾ മണത്തു. പിരാക്കലും ശാപവാക്കുകളും ഗദ്ഗദവും നെഞ്ചിനുള്ളിലെ വേദനയിൽ ദഹിക്കാതെ കിടക്കുകയായിരുന്നു.. എത്ര നേരം അങ്ങിനെ കിടന്നു എന്നറിയില്ല. കിടന്നിടത്ത് നിന്ന് എണീറ്റിരിക്കുമ്പോയും
ഭാര്യ തേങ്ങിത്തേങ്ങി കരയുകയായിരുന്നു.
ഇതല്ലാം കേട്ടിട്ടും മറുപടി പറയാനറിയാതെ മനസ്സ് മരവിച്ചു പോയവൻ്റെ നിസ്സഹായതയിൽ കണ്ണുനീരുണങ്ങി .
അശോക്സാഹു തളർന്ന് പോയിരുന്നു.
ചുട്ടുപൊള്ളുന്ന ഏതോ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയവൻ്റെ നിരാശയും വേദനയും അയാളെയും വേവിക്കുന്നുണ്ടായിരുന്നു’.
കോടതിയിൽ സത്യം പറഞ്ഞാൽ സംഭവിക്കാൻ പോകുന്നത് അയാൾ കാണാൻ തുടങ്ങി. ഇരുട്ട് മുറിച്ച് കടന്ന് കടയിലേക്ക് ജാഥയായ് വരുന്ന തീപ്പന്തങ്ങൾ.. വേഷം മാറി മുഖം മൂടിയിട്ട
അയൽക്കാരുടെ തിളങ്ങുന്ന കണ്ണുകൾ
ഒളിക്കാൻ ശ്രമിക്കുമ്പോഴും അടക്കിപ്പിടിച്ച സംസാരങ്ങൾ അടുത്തു വരുന്നുണ്ട്.
കൊള്ളക്കാരുടെ കുതിര കുളമ്പടിയും വെടിയൊച്ചയും അടുത്തടുത്ത് വരുന്നുണ്ടെന്ന് അയാൾക്ക് തോന്നി.
ജനൽ തുറന്ന് അയാൾ ഇരുട്ടിലേക്ക് നോക്കി.. ദീകരതയുടെ നിഴലുകൾ.
അശോക് സാഹുവിന് ഉറക്കം വരുന്നില്ല
ചമ്പൽ കൊള്ളക്കാർ കിഴടങ്ങിയിട്ടും ഇന്നും ബേനി ബാദിലെ ഗ്രാമീണർക്കും അതേ ചോരയുള്ള മനസ്സ് തന്നെയായിരുന്നു. ഇരയാക്കപ്പെടുന്നവനോടുള്ള ക്രൂരതയിൽ രമിക്കുക… തിരിച്ചടിക്കാത്തവരെ പീഡിപ്പിക്കുന്ന തൃഷ്ണയിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഗ്രാമം മുഴുവൻ..
തന്നെക്കാൾ ചെറിയവരെ കീഴ്പ്പെടുത്തി ഭരിക്കാനുള്ള ‘ വേട്ടക്കാരുടെ മനസ്സുള്ള ഇരുകാലി മൃഗങ്ങൾ.
പക്ഷെ വളർത്തുമൃഗങ്ങളെപ്പോലെയേ തോന്നുള്ളൂ..
നടന്നതെല്ലാം ഞാൻ കോടതിയിൽ
വിളിച്ചു പറയും.. ഇനിയും തെറ്റിന് കൂട്ടുനിൽക്കാൻ എനിക്കാവില്ല.
തടഞ്ഞാൽ ഞാൻ ഇവിടെ നിന്ന് പോകും. എങ്ങോട്ടെങ്കിലും പോകും
ഇങ്ങിനെ ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് ഭേദം…
വാക്കുകളിൽ ഒരു തീരുമാനത്തിൻ്റെ ഉറപ്പ്‌.
വാക്കുകൾ രണ്ട് കാതിലും പ്രതിധ്വനിച്ചു.
അയാൾ ഏതോ കടലിൽ വീണിരിക്കുന്നു.
തൻ്റെ കുടുബം, മകളും ഭാര്യയും മഹാപ്രളയത്തിൽ പെട്ടിരിക്കുകയാണ്. ചമ്പലിലൂടെ കുത്തി ഒഴുകുന്ന വെള്ളത്തിൽ ശ്വാസം കിട്ടാതെ മുങ്ങിത്താഴുകയാണന്നയാൾക് തോന്നി… ജീവശ്വാസത്തിനായ് പിടയുന്ന എൻ്റെ കുടുബത്തെ രക്ഷിക്കാൻ ആൾക്കൂട്ടമില്ല.. തൻ്റെ കടയിൽ വന്നിരുന്നു മുഖംമൂടിയിട്ട് ചിരിക്കുന്ന കൊള്ളക്കാരുമില്ല..
സഹായിക്കാൻ അയൽക്കാരുമില്ല.
ഒരോ ദിവസവും കച്ചോടം കുറഞ്ഞ് വരുന്നു. കടം വാങ്ങിയവർ പണം തരുന്നുമില്ല…
ജീവിതം ആത്മഹത്യക്കും മരണത്തിനും
ഇടയിലുടെയുള്ള പാലത്തിലാണ്.
പരാതിയില്ലന്ന് നട്ടെല്ലോട് കൂടി പറഞ്ഞിരുന്നങ്കിൽ, നിരപരാധിയായ എൻ്റെ മകൾക്ക് ജീവിതാവസാനം വരെ ഈ പാപക്കറ പേറേണ്ടി വരില്ലായിരുന്നു.
നിങ്ങളുടെ പേടിയാണ്, ഭീരുത്വമാണ് ആണത്തമില്ലായ്മയാണ് എല്ലാത്തിനും കാരണം… ഒന്നിനും കൊള്ളാത്തവനെന്ന്
എല്ലാവരെക്കൊണ്ടും പറയിപ്പിച്ചില്ലേ,..
കഴിവ് കെട്ടവൻ്റെ കൂടെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്…
ശാപവാക്കുകൾ….
അയാൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
തൊണ്ട വരണ്ടുപോയിരിക്കുന്നു..
ഇതേ ശാപവാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട് നാലഞ്ച് വർഷമായിരിക്കുന്നു
അവൾ പിന്നെയും എന്തൊക്കയോ പറയുന്നുണ്ടായിരുന്നു….
ഒന്നും കേൾക്കാത്ത, ജീവനുള്ള പ്രതിമ പോലെ കട്ടിലിൽ അയാൾ ഇരുന്നു.
ബേനിബാദിലെ ഭയം നിറച്ച രാത്രികൾ ഇന്നും ആര് വേണമെങ്കിലും ചതിക്കപ്പെടാവുന്ന, ആക്രമിക്കപ്പെടാവുന്ന ഇരുട്ട് കൊണ്ട് മൂടിയ വലിയ കെണിയാണ്. ഇരയാക്കപ്പെടുന്നവർ ആരായാലും ഒരു ഭാഗത്ത് കൊള്ളക്കാരുണ്ടാവും…
ഒരോ കാലത്തും കൊള്ളസംഘത്തിൽ ഏതോ നാട്ടിൽ നിന്നും പുതിയ ആൾക്കാരെത്തുന്നു.. കുറച്ച് കാലം കഴിഞ്ഞാൽ അവരും ഒറ്റപ്പെടുകയോ നാട് വിടുകയോ ചെയ്യുന്നു. അവരെപ്പറ്റി പിന്നീടാരും പറയാറില്ല. ചിലർ മനോനില തെറ്റി ഗ്രാമത്തിൽ കറങ്ങി നടക്കുന്നുണ്ട്
ദാഹിക്കുമ്പോൾ ചമ്പൽ നദിയിലെ ചുവന്ന വെള്ളം കുടിച്ച് അവരുടെ കുടൽ വിർത്തുവന്നു.. കൊള്ളക്കാരുടെ അടിയും വെടിയും കൊണ്ടവരുടെ വായിലൂടെയും മൂക്കിലൂടെയും വന്ന ചോര ചമ്പൽ നദിയിലൂടെ എത്രയോ കാലമായ് ഒഴുകുന്നു.
ബേനിബാദിൻ്റെ ആ പ്രളയത്തിൽ അയാൾ ശ്വാസത്തിനായ് കൈകാലിട്ടടിച്ച് മേലോട്ട് പൊങ്ങി വരുമ്പോൾ ആരൊക്കെയോ ചവുട്ടി താഴ്തുന്നു. പാതിരാത്രി കഴിഞ്ഞിട്ടും ഉറങ്ങാൻ പറ്റാത്തവൻ്റെ നിസ്സഹായത ഭാര്യയോട് പോലും പറയാനാവാതെ അശോക്സാഹു കിടക്കയിൽ തല പൂഴ്തി കരയുകയായിരുന്നു. ഇത്രയും കാലം പോറ്റി വളർത്തിയ ഭാര്യയും മക്കളും തള്ളിപ്പറയുന്ന ദയനീയതയിൽ പൊള്ളുന്ന ചിന്തകൾ.
പലരുടെയും കുടുബം പോലും ഇല്ലാതാക്കിയ ബേനിബാദിൻ്റെ ചരിത്രം അവൾക്കറിയില്ലല്ലോ .. ഈ ഗ്രാമത്തിൽ നിന്ന് പാലായനം ചെയ്തവരുടെ എണ്ണം
വളരെയധികമാണ്. എതിർത്താൽ കൊള്ളക്കാർ വെറുതെ വിടില്ല.
മിണ്ടാതിരുന്നതിനാൽ കുടുബവും വിടുന്നില്ല.
നാലു ചുമരുകൾക്കുള്ളിൽ അടക്കപ്പെട്ട സാധാരണക്കാരൻ്റെ പേടി, ജീവഭയം.
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു സാധാരണക്കാരെൻ്റെ രാത്രികൾ.
നക്ഷത്രങ്ങളില്ലാത്ത കറുത്ത ആകാശം.
കൊള്ളക്കാർ പറയുന്നത് അനുസരിച്ചില്ലങ്കിൽ പല വഴിയിലൂടെ അവർ ആക്രമിക്കും. ചമ്പലിൻ്റെ ചരിത്രം തന്നെയാണ് ബേനിബാദിലും.. എത്രയോ ആൾക്കാരെ ഒറ്റപ്പെടുത്തി കൃഷിയും കടകളും പൂട്ടിച്ചിട്ടുണ്ട്… മാരീചനെപ്പോലെ പല രൂപത്തിലും അവർ വരും. കുടുബം തന്നെ ഇല്ലാതാക്കും. ഏതെങ്കിലും കേസിൽ പ്രതിയാക്കും പിന്നെ ഈ നാട്ടിൽ ജീവിക്കാനാവില്ല മക്കളെയും ജീവിക്കാനവർ സമ്മതിക്കില്ല.
പകൽ ചിരിക്കുന്നവരിൽ ആരാണ് രാത്രി ഉപദ്രവിക്കുക എന്ന് പറയാൻ പറ്റില്ല.
കൂടെ നിന്ന് ചതിക്കുകയാണ് ബേനിബാദിൻ്റെ രീതികൾ. എത്ര കാലം കഴിഞ്ഞാലും അവർ പ്രതികാരം ചെയ്യും’. മാറിപ്പോകാൻ വേറെ ഇടമില്ല. കൂട്ടികളുടെ പഠിത്തം. കച്ചവടം.. വരുമാനമില്ലാതെ എങ്ങിനെ ജീവിക്കും… നിരവധി പ്രശ്നങ്ങൾ മുന്നിൽ വന്ന് ഭയപ്പെടുത്തുമ്പോൾ
എതിർത്ത് നിൽക്കുന്നതെങ്ങിനെയാണ്.
വേഷം മാറിയപുതിയ സംഘങ്ങളെ എതിർത്തവരുടെയും വിമർശിച്ചവരുടെയും ദുരിത കഥകൾ കേട്ട് വളർന്നവനാണ് അശോക് സാഹു.
ഈ നിസ്സഹായത ഭാര്യക്ക് പോലും പറഞ്ഞിട്ടു മനസിലാവുന്നില്ല.. അവളും തന്നെ ഉപേക്ഷിക്കും എന്ന് പറയാൻ തുടങ്ങിയിരിക്കുന്നു.
എതിർത്താൽ സഹായിക്കാനും കൂടെ നിൽക്കാനും സാധ്യതയുള്ളവരെയെല്ലാം ബേനിബാദിൽ നിന്ന് ഇതിന് മുന്നെ അവർ ഓടിച്ചുകളഞ്ഞിരുന്നു.അത്തരത്തിൽ നാടുവിട്ടു പോയ ഒരാൾ പിറ്റേ ദിവസം വീട്ടിൽ വന്നിരുന്നു… പിന്നീടയാൾക്കെതിരെയും അപവാദ കഥകൾ പറഞ്ഞുണ്ടാക്കി. പല വഴിക്കും വീണ്ടും ഭീഷണിപ്പെടുത്തിയെന്ന് പിന്നീട് പറഞ്ഞു കേട്ടിരുന്നു.
താനൊറ്റക്ക് എന്തു ചെയ്യാൻ.. അവർ പറഞ്ഞതൊന്നും ഞാൻ സമ്മതിച്ചിട്ടല്ല..
ആൾക്കൂട്ടം ഒപ്പിടാൻ ഭീഷണി മുഴക്കിപ്പറഞ്ഞു. ആ പരാതിയിൽ അവർ എന്തൊക്കയോ എഴുതിച്ചേർത്തു.
കേസ്സ് വന്നപ്പോളാണ് തൻ്റെ കുട്ടിയെ പിഡിപ്പിച്ചതിനാണ് കേസ്സെന്ന് ഞാനും അറിയുന്നത്.
അന്നു മുതൽ തുടങ്ങിയതാണ് വഴക്ക്. എതിർക്കാൻ പറ്റാത്തവരുടെ വേദനയും സങ്കടവും ആരോട് പറയും. എലിയുടെ ജീവൻമരണപ്പോരാട്ടം പൂച്ചക്ക് നായാട്ടിൻ്റെ ലഹരിയാണ്. നിസ്സഹായരുടെ
വേദനയിൽ സുഖം കണ്ടത്തുന്ന ഒരു കൂട്ടം മനുഷ്യ രൂപങ്ങളുടെ കാട്.
മറ്റുള്ളവർ സഹായിക്കാനും അന്വേഷിക്കാനും തൻ്റെ വീട്ടിലേക്ക് വരാതിരിക്കാനും . വരുന്നവരെ ഭീഷണിപ്പെടുത്താനും ചമ്പലിൻ്റെ
ജീവനുള്ള പ്രേതങ്ങൾ ഒരു മാസത്തോളം ബേനിബാദിന് കാവൽ നില്കുന്നുണ്ടായിരുന്നു.
സത്യാവസ്ഥ പുറംലോകം അറിയാതിരിക്കാൻ നമ്മുടെ വീടും പരിസരവും ഇരുപത്തിനാലു മണിക്കൂറും;
മറ്റൊരാൾക്ക് ബദ്ധപ്പെടാൻ പറ്റാത്ത വിധത്തിൽ പലരും കാവൽ നിന്നു…
മനുഷ്യാവകാശവും ദളിത് സംരക്ഷണവും പറഞ്ഞ് ജിനേന്ദ്ര ബഹ്റയെ സഹായിക്കാൻ വരുന്നവർക്കെതിരെ ബേനിബാദ് അപവാദ കഥകളുണ്ടാക്കി ,ഭീഷണി മുഴക്കി പ്രതിരോധം തീർത്തു. കൊള്ളക്കാരുടെ തന്ത്രങ്ങൾ
ബേനിബാദിൻ്റെ തലയിലെഴുത്ത് മാറ്റാനാവാതെ ചരിത്രം ആവർത്തിക്കുകയാണ്.
അയാളെ ഹോസ്പിറ്റലിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോയെന്നറിഞ്ഞ ദിവസമാണ് വീട്ടിൽ
ആദ്യത്തെ വഴക്ക് ഉണ്ടായത്.
പിന്നീട് നിസ്സാരമായ ഒരോ വഴക്കും ജിനേന്ദ്ര ബഹ്റയിലെത്തും..
ഒരു വീട്ടിലാണങ്കിലും കുറെ മാസങ്ങളായി അശോക് സാഹുവും ഭാര്യയും മകളും തമ്മിൽ അപരിചിതരെപ്പോലെയായിരുന്നു. വഴക്ക് മൂത്ത ദിവസങ്ങളിൽ വീട്ടിൽ നിന്ന് അവൾ എങ്ങോട്ടോ ഇറങ്ങിപ്പോകും.. രാത്രിയായാൽ വരും
പിന്നെ രാത്രിയും തിരിച്ചെത്താതായി –
അന്വേഷിച്ചപ്പോൾ അവളുടെ വീട്ടിലാണന്ന് പറയും. തുപ്പാനും ഇറക്കാനും പറ്റാതായലേ
വാക്കുകളുടെ വില അറിയൂ..
അയാൾ ജനാലയിലൂടെ കറുത്ത ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടന്നു…
ജിനേന്ദ്ര ബഹ്റയെ കേസ്സിൽ കുടുക്കിയവരും, തല്ലിക്കൊല്ലാനാക്കിയ കൊള്ളക്കാരും കോടതിയിൽ വരില്ല.
കണ്ടു നിന്നവരും എരിതീയ്യിൽ എണ്ണ ഒഴിച്ചവരും കോടതിയിൽ വരില്ല.
കള്ളക്കഥകൾ പാടി നടന്നവരും
വിടരുതെന്ന് പറഞ്ഞ് വാശികേറ്റിയ കുടുബക്കാരും അയൽക്കാരും കോടതിയിൽ വരില്ല.. വാദികളും പ്രതികളും നിയമ നൂലുകളും.
അതാണ് കോടതിയുടെ ലോകം.
നാളെ കേസ് വിചാരണക്ക് എടുക്കുന്ന ദിവസം കേസ്സിലെ പരാതിക്കാരും കോടതിയിൽ ഹാജരാകണം. പ്രതിയായ ജിനേന്ദ്ര ബഹ്റയെ ജയിലിൽ നിന്ന് പോലിസുകാർ കോടതിയിലേക്ക് കൊണ്ടുവരും..
കോടതി സമയം മുതൽ കാത്തിരിക്കണം. കേസ്സ് നമ്പർ വിളിക്കുമ്പോൾ ഒരു ഭാഗത്ത് പ്രതിക്കൂട്ടിൽ നിരപരാധിയായ അയാളുണ്ടാവും. നീളം കുറഞ്ഞ് മെല്ലിച്ച് ഒരു ചെറിയ മനുഷ്യൻ.. തിളങ്ങുന്ന ചെറിയ കണ്ണുള്ള ദളിതൻ..
തല്ലിയവരും തല്ലിച്ചവരും കാണികളായ് പോലും അഭിനയിക്കാത്ത നാടകമാണ് കോടതി മുറിയിൽ നടക്കുക.
വാദിഭാഗത്തെ കൂട്ടിൽ പരാതിക്കാരായ നമ്മളും പേര് വിളിക്കുന്ന ക്രമത്തിൽ കയറി നിൽക്കണം..
ഈ കേസ്സിൽ രഹസ്യ വിചാരണയൊന്നുമല്ല പിഡനത്തിരയായ് എന്നു പറയുന്ന കുട്ടിയും അമ്മയും നിസ്സഹായനായ അച്ഛനും.
ആൾക്കൂട്ടമില്ല.. ആർപ്പുവിളിയില്ല
തികഞ്ഞ നിശബ്ദത
ചേമ്പറിൽ ജഡ്ജി വന്നിരുന്നു.
ഗുമസ്തൻ ഒരോ കേസ്സു നമ്പറും പ്രതികളുടെ പേരും വിളിക്കാൻ തുടങ്ങി..
കോടതിയിലെ രംഗങ്ങൾ സിനിമയിലേത് പോലെയല്ല.. വക്കീലൻമാരും ജഡ്ജും പറയുന്നത് ഒന്നും കേൾക്കില്ല
അശോക് സാഹുവിന് ഒന്നും മനസിലാവുന്നില്ല.
വാദിഭാഗം കേസ്സ് പബ്ലിക് പ്രോസിക്യൂട്ടറാണ്
വാദിക്കുന്നത്‌. പ്രോസിക്യൂട്ടർ അഞ്ച് മിനിട്ട് മുന്നെയാണ് കോടതിയിലേക്ക് തിരക്കിട്ട് വന്നത്.
കോടതിയുടെ ചോദ്യം ..
സാക്ഷികളെ ഇനിയാരങ്കിലും വിസ്തരിക്കാൻ ഉണ്ടോ..
വെളുത്ത മുണ്ടും ഷർട്ടും ധരിച്ച ഒരാൾ കൂട്ടിലേക്ക് കയറി.. നിയമ പുസ്തകം തൊട്ട് സത്യം ചെയ്ത് പറയാൻ തുടങ്ങി.
ഞാൻ ബേനിബാദിലെ മാഷായിരുന്നു.
വർഷങ്ങൾക്ക് മുന്നെ ഇതുപോലെ ഒരു പിഡനക്കേസ്സിൽ എന്നെയും കുടുക്കിയ നാടാണിത്.
അതിന് ശേഷം ബേനിബാദിൽ എല്ലാ സമയത്തും ഞാനുണ്ടാകും.
അന്ന് തന്നെ കുടുക്കിയവരിൽ ചിലരും അവരുടെ പിൻഗാമികളായ കൊള്ളക്കാരും ഈ കേസ്സിലും പ്രതികളാണ്…
സംഭവ ദിവസം അഞ്ച് മണി മുതൽ നടന്ന എല്ലാ സംഭവത്തിനും ഞാൻ ദൃക്സാക്ഷിയാണ്. ആൾക്കൂട്ടത്തിൻ്റെ ആക്രമത്തിൽ പരിക്കേറ്റ ഇയാൾ ആശൂപത്രിയിൽ കൊല്ലപ്പെടും എന്ന് തോന്നിയപ്പോൾ ചിലർ ഉണ്ടാക്കിയ തിരക്കഥയാണ് ഈ പീഡനക്കേസ്സ്..
കുട്ടിയും മാതാപിതാക്കളും ഈ സംഭവം പോലും അറിഞ്ഞിട്ടില്ല… കുട്ടിയെ ജിനേന്ദ്ര ഒന്നും ചെയ്തിട്ടില്ല.. കണ്ടിട്ടുപോലുമില്ല.
ഇവരെക്കൊണ്ട് കുറ്റവാളികൾ ഭീഷണിപ്പെടുത്തി പരാതിയിൽ ഒപ്പിടുവിച്ചതാണ്..
ഞാൻ എല്ലാത്തിനും സാക്ഷിയാണ്.
മാഷിൻ്റെ ഉറച്ച ശബ്ദം കോടതിയിൽ മുഴച്ച് നിന്നു..
കനത്ത നിശബ്ദത..
മുണ്ടും ഷർട്ടും ധരിച്ച ചെറിയ മനുഷ്യൻ
ഒരു കുലുക്കമില്ലാത്ത സ്വരം. ദൃഢത.
അയാൾ കോടതിയിൽ നിന്നിറങ്ങിപ്പോകുമ്പോൾ കാലുകൾ നിലത്ത് മുട്ടുന്നുണ്ടായിരുന്നില്ല.
രണ്ട് കാലുമില്ലാത്ത ഒരാൾ പുറത്തേക്ക് നടന്നു പോയി….
അശോക് സാഹു ഞെട്ടിയെണീറ്റു…

മധു മാവില

By ivayana