രചന : കെ.ആർ.സുരേന്ദ്രൻ✍
വിദൂരതയിലെ,
ഒറ്റപ്പെട്ട നക്ഷത്രം പോലെ,
ഭൂമിയുടെ
മറ്റൊരു കോണില്‍
തിരക്കിന്റെ,
ശബ്ദങ്ങളുടെ
ശ്വാസം മുട്ടിക്കുന്ന
തൊഴിൽ സമ്മർദ്ദങ്ങളുടെ
നീരാളിപ്പിടുത്തത്തില്‍ നിന്ന്
തെല്ലൊരു നേരത്തേക്ക്
മോചനം നേടുമ്പോൾ
പൊയ്പ്പോയൊരു കാലത്തെ
മുന്നിലേക്കാനയിക്കുന്നത്
അപരാധമാകുമോ?
ഗൃഹാതുരത
നിഷിദ്ധമാകുമോ?
കുഗ്രാമത്തിലെ
പുരാതനമായ,
ഓടുപാകിയ
തറവാടിനെ,
അതുപോലെ
ദേശത്തെ
ഒരു നൂറ് തറവാടുകളെ
ആവാഹിച്ചു വരുത്തുന്നത്
നിഷിദ്ധമാകുമോ?
നടുമുറ്റങ്ങളിലെ തുളസിത്തറകളും
മുറ്റങ്ങളുടെ ഓരങ്ങളിലെ
പൂച്ചെടികളും
മുന്നില്‍ വന്ന് നില്‍ക്കുമ്പോഴുള്ള
ആഹ്ലാദവും
മറവിയുടെ മഞ്ഞുമറയ്ക്കപ്പുറത്തേയ്ക്ക്
തള്ളിവിടാനാവുന്നില്ലല്ലോ ?
തറവാടുകൾക്ക് താഴേക്കൂടി
കാലം പോലെ
കുതിച്ചൊഴുകുന്ന തോടും,
തോട്ടുവക്കത്തെ കൈതച്ചെടികളും
വരിവരിയായി തലയുയർത്തി,
തോട്ടിലേക്ക് ചാഞ്ഞ്
മുഖം കൊടുക്കുന്ന
തെങ്ങുകളും,
നോക്കെത്താ ദൂരത്തോളം
പരന്നുകിടക്കുന്ന
പച്ചച്ച പാടങ്ങളും,
പാടവരമ്പുകളിൽ
തഴച്ചു വളരുന്ന
മുത്തങ്ങാപ്പുല്ലുകളും,
മുക്കൂറ്റിച്ചെടികളുടെ
കുഞ്ഞ് കുഞ്ഞ്
മഞ്ഞക്കണ്ണുകളും,
വരമ്പുകളിൽ പടരുന്ന
കുടക് ചെടികളും,
പാറിപ്പറക്കുന്ന കിളികളും
കണ്ണുകൾക്കിമ്പമാക്കുന്നത്
തെറ്റുകളുടെ പട്ടികയിൽ
പെടുത്താനാവുമോ?
കുഗ്രാമത്തിലെ
ആരാധനാലയങ്ങളും,
പ്രാർത്ഥനകളും,
പ്രദക്ഷിണവഴികളും,
ആൽത്തറകളും,
കിഴക്കൻ കാറ്റിൽ
ആലിലകളിൽ
കാറ്റ് പിടിക്കുന്ന
ചിത്രങ്ങളും
ഗൃഹാതുരതയുടെ പേരിൽ
പടികടത്തിവിടാൻ
ഓർമ്മകളുടെ തടവറയിൽ
കഴിയുന്നൊരാൾക്ക് സുസാധ്യമോ?
കടന്ന് വന്ന നാളുകൾ
ജീവിതവീക്ഷണത്തിൽ
മാറ്റം വരുത്തുന്നു
എന്ന ഒറ്റക്കാരണം കൊണ്ട്
ഓർമ്മകളിൽ കുടിയേറിയ
ചിത്രങ്ങളെ
ബ്ലാക്ക് ബോര്‍ഡിലെ അക്ഷരങ്ങളും,
അക്കങ്ങളും
ഡസ്റ്റര്‍ കൊണ്ട്
മായ്ക്കുന്നത്ര
എളുപ്പമാകുമോ?
കൊഴിഞ്ഞ വസന്തങ്ങളെയോർത്തുള്ള
നിർവൃതിയും,
വിലാപവും
കണ്ണടച്ചങ്ങ് എതിർക്കുന്നത്
ശരിയോ, തെറ്റോ?
സത്യമാണ്
ഇന്നാ പുരാതന
സൗന്ദര്യങ്ങളുടെ
ഗ്രാമക്കാഴ്ചകൾ
തേടിച്ചെല്ലുന്നത് വൃഥാവിലാണ്.
അതുകൊണ്ട് മാത്രം
ഓർമ്മകളിൽ നിന്ന്
അവയൊന്നും
തുടച്ച് മാറ്റപ്പെടുന്നില്ലല്ലോ?
വാർത്തമാനകാലചിത്രങ്ങളിൽ
തരിശുനിലങ്ങളേയുള്ളൂ.
ജീവിതം അത്രമാത്രം
ഊഷരമായിക്കഴിഞ്ഞല്ലോ?
നിരാർദ്രത
ഒരു മഹാമാരിയായി
പടരുന്നല്ലോ?
യുദ്ധഭൂമിയിൽ
കുമിഞ്ഞ് കൂടുന്ന ശവങ്ങളും,
വേദനകളുടെ രോദനങ്ങളും
നമ്മൾ കേട്ട്, കേട്ട് ,
കണ്ട്, കണ്ട്
നമുക്ക് മരവിപ്പായിരിയ്ക്കുന്നു.
അഭയാർത്ഥി
ക്യാമ്പുകളിലെ
വിശപ്പിന്റെ മുറവിളികള്‍
ഇത്തിരി ഭക്ഷണത്തിനായി
കൂട്ടത്തോടെ തള്ളിക്കയറുന്ന
നിസ്സഹായതകളുടെ
നേർക്ക്
നിറയൊഴിക്കുന്നവന്റെ
ക്രൂരവിനോദവും,
അവന്റെ കൊലച്ചിരികളും
വർത്തമാനകാലം
നമുക്ക് കാണിച്ച് തരുന്നു.
അപ്പോൾ അറിയാതെ
ചില ഗൃഹാതുരതകളിലേക്ക്
തെല്ല് നേരത്തേക്കെങ്കിലും
മടങ്ങിപ്പോയാൽ
അത് ക്ഷന്തവ്യമല്ലേ?
അത് പാഴ്ശ്രമങ്ങളാണെങ്കിലും?