വിശ്വാസം.. അതു തന്നെ എല്ലാം.
അവൾ വിശ്വസ്തയായിരുന്നു. കുട്ടിക്കാലം മുതലുള്ള പരിചയത്തിൽ അവളുടെ ഗുണഗണങ്ങൾ ഒന്നൊന്നായി ഞാൻ മനസ്സിലാക്കി. സംശയിയ്ക്കാൻ ഒന്നുമില്ലായിരുന്നു. അതിനാൽ അവളെ ഞാൻ ഏറെ വിശ്വസിച്ചു. എന്നാൽ എന്റെ കുറ്റങ്ങൾ അവൾ വേഗം കണ്ടു പിടിയ്ക്കുമായിരുന്നു. പലതും ചൂണ്ടിക്കാണിച്ചു തന്നു. അതൊക്കെ ശരി തന്നെ.. അതുമെനിയ്ക്ക് വിശ്വാസമായിരുന്നു.


എന്തെങ്കിലും ഒരു ഗുണമെന്നിലുണ്ടോയെന്ന് ഞാനും പലപ്പോഴും തേടിയിട്ടുണ്ട്. അവളോടെനിയ്ക്ക് അസൂയ തോന്നി. എതിർക്കുവാനും, കുറ്റപ്പെടുത്താനുമായ് എന്തെങ്കിലും കാരണങ്ങൾ തേടി. ഒന്നും കിട്ടാതെ വഴക്കടിച്ചു. അങ്ങനെയങ്ങനെ പിണങ്ങിപ്പിരിയലിന്റെ ശേഷമുള്ള ശൂന്യതയിൽ പിന്നെയെപ്പഴോ എനിയ്ക്കവളോട് സ്നേഹം തോന്നി.


കൊതി മൂത്ത കുട്ടിയെപ്പോലെ വിട്ടുവീഴ്ചകൾ പ്രഖ്യാപിച്ച് അവളെയെന്റെ ‘പാട്ടിലാക്കാൻ’ ശ്രമിച്ചു. പാട്ടു പാടാനറിയാത്ത ഞാനെങ്ങിനെ..? പാടു പെട്ടു കൊണ്ടിരുന്നു. അടുപ്പുമായുള്ള നിരന്തര സാമീപ്യം ഏതു ചട്ടിയേയും കരി പിടിപ്പിയ്ക്കുമല്ലോ..! എത്ര കഴുകിയാലും അതു പോകില്ല.. അതു തന്നെ അവൾക്കും പറ്റി.. എപ്പഴൊക്കെയോ അവളുടെ കണ്ണുകളിലും ഞാൻ പ്രണയം കണ്ടറിഞ്ഞു.
പ്രണയക്കുരുക്കിൽ മതിമറന്ന് കറങ്ങി നടക്കുമ്പോൾ സൗഹൃദങ്ങളെ ഞാൻ മറന്നു.. അവൾ മറന്നില്ല. അവളുടെ കൂട്ടുകാർ എനിയ്ക്ക് അലോസരം സൃഷ്ടിച്ചു. സ്നേഹം കൈവിട്ടു പോകുമോ എന്നായി. എന്റെ കൂട്ടുകാരൻമാരെയും അവളുടെ കൂട്ടുകാരികളെയുമൊക്കെ ഞാൻ വെറുത്തു. അവളടുത്തില്ലാത്തപ്പോഴൊക്കെ എന്റെ പിരിമുറുക്കം കൂടി.. വിളറി പിടിച്ച് ഒരു വെളിപാടുമില്ലാത്തവനായി. സ്വാർത്ഥത കയറിയ സ്നേഹവുമായി ഞാൻ അവളുടെ ചിന്തയിലലഞ്ഞു. സ്വന്തമായതൊന്നിനോട് ഉള്ള സ്വാതന്ത്ര്യവും അധികാരവും എന്റെ അവകാശമായി അവളിൽ ചെലുത്തി.
സഹനത്തിന്റെ ഒടുവിൽ അവളുടെ ചോദ്യ വർത്തമാനങ്ങൾ എന്നെ തളർത്തി. “നിന്റെ കുറ്റങ്ങൾ പറയാനെനിയ്ക്ക് ഒത്തിരിയുണ്ട്. പക്ഷേ എന്റെ കുറ്റങ്ങൾ നോക്കിയിട്ട് എനിയ്ക്കൊരു കുറ്റമേയുളളൂ. നിന്നെ സ്നേഹിച്ചു എന്നുളളത്. ആ തെറ്റ് തിരുത്താൻ ഞാൻ തയ്യാറാണ്. നിന്റെ തെറ്റുകൾ നീയും തിരുത്തുക.. സമയം വൈകിയിട്ടില്ല.. എനിയ്ക്കറിയാം നീയെന്നെ ഒത്തിരി സ്നേഹിയ്ക്കുന്നു എന്നുള്ളത്. എന്റെ ആത്മാർത്ഥതയും നിന്റെ സ്വാർത്ഥതയും തമ്മിലാണ് പോര്. അത് ആരോഗ്യകരമല്ലെന്നു തോന്നുന്നു. പഴയ കൂട്ടുകാരായി മാത്രം തിരികെ നടക്കുവാൻ നമുക്ക് ശ്രമിയ്ക്കാം. നിനക്കതു കഴിയുമോ..?”


എന്റെ വിശ്വാസമാണ് തെറ്റിയത്. അവൾ എന്നെ പിരിയില്ല എന്ന വിശ്വാസം. ആ വിശ്വാസം നഷ്ടപ്പെടില്ല എന്ന വിശ്വാസമായിരുന്നു എനിയ്ക്ക്.. ഞാനങ്ങിനെയൊക്കെ തെറ്റിദ്ധരിച്ചു. ഇപ്പോൾ അവളോടുള്ള വിശ്വാസവും, അവളുടെ അവിശ്വാസവും തമ്മിലുള്ള പോര് ഉടനേ തീരും എന്ന വിശ്വാസമാണെനിയ്ക്ക്. അവളിനിയുമെന്നോട് പിണങ്ങി പിരിയുമോ..?!
പിണങ്ങാൻ കഴിയുന്നില്ല.. പിരിയാൻ കഴിയുന്നില്ല.. വെറുക്കാനും.
വിശ്വസിയ്ക്കാൻ കഴിയുന്നില്ല..! അവിശ്വസിയ്ക്കാനും..!!
എനിയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ..? ഉണ്ടോ..?
✍️

സന്തോഷ് വിജയൻ

By ivayana