രചന : ലാലി രംഗനാഥ്✍
ഉത്തരമില്ലാത്ത ചോദ്യമായെന്നുടെ,
ചിത്തത്തെയാകെ മഥിച്ചിടും പ്രാണനെ,
നീയെനിക്കേകിയ നോവിന്നിതൾ പോലും
നെഞ്ചോടു ചേർക്കും മധുരസ്വപ്നങ്ങളായ്.
മലർവാക പൂത്തു കൊഴിഞ്ഞിട്ടുമെന്നിലാ
മധുവൂറും വാക്കുകൾ തേൻ മഴയാകുന്നു..
അകലെ, അകലെയായ് നീ മാഞ്ഞ വീഥിയിൽ,
പദനിസ്വനത്തിനായ് കാതോർത്തിരിപ്പു ഞാൻ..
മിഴിയരികിൽ നിന്നും നീ മാഞ്ഞകലവേ,
കലഹിച്ചിടുന്നെന്റെ കൺകളും മനവുമായ്,
വിരഹത്തിൻ വേനലിൽ പൊള്ളിയടർന്നെന്റെ,
വിജനമാം വീഥിയിൽ നോവിൻ കടലാകൂ..
നാം കോർത്തസ്വപ്നങ്ങളഗ്നിച്ചിറകുമായ്,
പൂവണിഞ്ഞിടാതെ കടലാഴം തേടിലും,
കരളിന്റെയുള്ളിലെ കനലായി മാറിയ,
മധുരസ്വപ്നത്തിന്റെ ശേഷിപ്പാണവയെന്നും.