രചന : മാർഷാ നൗഫൽ ✍
“ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻനേർക്കു നീട്ടിയില്ല…
എങ്കിലും എങ്ങനെ നീയറിഞ്ഞു…
എന്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്…”
ഈണത്തിലുള്ള പാട്ട് അകമുറിയിൽ എവിടെയോനിന്നു വിടർന്നു വീടുമുഴുവൻ സുഗന്ധം പരത്തുന്നു. വന്നതെന്തിനാണെന്നുപോലും മറന്ന്, ആ പാട്ടിലങ്ങനെ ലയിച്ചുനിന്നുപോയി. വർക്കേരിയയിലൂടെ അകത്തുകടന്നു അടുക്കളയിൽ ഫ്രിഡ്ജിനോടു ചേർന്നു പതുങ്ങിനില്ക്കാൻ തുടങ്ങിയിട്ടു കുറച്ചുനേരമായി. അയാളുടെ മുറിയിൽമാത്രമാണ് വെളിച്ചമുള്ളത്. ഒരു കൊച്ചുകുട്ടിയുടെ ശബ്ദം പാട്ടിനിടയിൽ ഉയർന്നു കേൾക്കുന്നുണ്ട്.
ഒന്നു പാളിയ പണി വീണ്ടും പാളിപ്പോകാതിരിക്കാൻ ജോലി ഏല്പിച്ചവർ വീടിന്റെ മുക്കുംമൂലയുംവരെ അടയാളപ്പെടുത്തി തന്നിട്ടുണ്ട്. ചിലർ അങ്ങനെയാണ് സത്യങ്ങൾ എപ്പോഴും വിളിച്ചുപറയും. അതാകട്ടെ ചിലരുടെ ഉറക്കം കളയുന്നതാവും. ഇയാൾക്കു കുടുംബം നോക്കി ജീവിച്ചാൽ പോരേ, നാടുനന്നാക്കാൻ ഇറങ്ങിയിരിക്കുന്നു. ചത്തുതുലയട്ടെ!
ഒന്നു ചീഞ്ഞാലല്ലേ മറ്റൊന്നിനു വളമാകൂ. തനിക്കു ജീവിക്കാൻ ഇതു ചെയ്തേ മതിയാവൂ. അയാൾ ഉറങ്ങിയാൽ ഉടൻതന്നെ ആരുമറിയാതെ കൃത്യം നടത്തി എസ്‌കേപ്പാകണം.
അയാളുടെ മുറിയുടെ വാതില്ക്കൽ എത്തി, താക്കോൽദ്വാരത്തിലൂടെ കണ്ണുചേർത്തുവച്ചു നോക്കി. തുണി മടക്കിവച്ചുകൊണ്ടു ഒരു സ്ത്രീ കട്ടിലിൽ ഇരിക്കുന്നുണ്ട്. അയാളെ കണ്ടപ്പോൾ ഞെട്ടിപ്പോയി. ചാരുകസേരയിൽ, മകളെ ദേഹത്തുകിടത്തി പാടുന്ന അയാൾക്കു മുട്ടിനുതാഴേ രണ്ടുകൈയും ഉണ്ടായിരുന്നില്ല. ചുവരിൽ ഫ്രെയിംചെയ്തുവച്ച പൂമാലയിട്ട പടത്തിലേക്കു നോട്ടമെത്തിയതും
കണ്ണുകളിലേക്കൊരു നീറ്റൽ പിടഞ്ഞുകേറി. അന്നത്തെ ആ ദിവസത്തെപ്പോലെ!
ബുക്കുകൾ അടുക്കിവച്ച നീളൻചുവരലമാരയുടെ അരികിലേക്കു തളർച്ചയോടെ ചേർന്നിരുന്നു. ഉറക്കംനഷ്ടപ്പെട്ട രാത്രികളുടെ ഓർമ്മകൾക്കുമുന്നിൽ കണ്ണുകൾ ഇറുക്കെയടച്ചു.
“പൈസ ഇച്ചിരെ കൂടുതൽ കിട്ടും. ഒരു പണീണ്ട് പോരുന്നോ?”
കള്ളചാരായം വാറ്റിവില്ക്കുകയും ചില്ലറ മോഷണവുമൊക്കെയായി നടക്കുന്ന സമയം. ചേരിയിൽ പടക്കമെന്നു വിളിക്കുന്ന അങ്കാലന്റെകൂടെ ഇറങ്ങിത്തിരിക്കുമ്പോൾ മനസ്സിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു. ‘കുറച്ചു പണമുണ്ടാക്കണം. ജനിക്കാൻപോണ കുഞ്ഞിനേംകൊണ്ട് വേറെയേതേലും നാട്ടിൽപ്പോയി കൊള്ളേംകൊലയും ഒക്കെ നിർത്തി സമാധാനമായി ജീവിക്കണം. ആശുപത്രിയിൽ ചെക്കപ്പിനു പോവാൻ ഭാനുമതിയുടെ കൈകളിലേക്കു പൈസയെണ്ണി കൊടുക്കുമ്പോ നിറവയറിലേക്കുള്ള എന്റെ അരുമയായ നോട്ടത്തിലേക്കവൾ ചുണ്ടുകൾ ചേർത്തു. മെടഞ്ഞിട്ടമുടിയിൽനിന്നു മല്ലിപ്പൂവിന്റെ ഗന്ധം.
കവലയിലെ വലിയൊരു ആൽമരത്തിനു ചുവട്ടിൽ അയാൾ. തിങ്ങിനില്ക്കുന്ന ആളുകളിലേക്കു മൂർച്ചയുള്ള വാക്കുകൾ ചാട്ടുളിപോലെ വീശിയെറിയുന്നു.
“ജനാധിപത്യത്തിൽ അരികുവത്കരിക്കപ്പെട്ടവർ എവിടെയാണ്? അസമത്വവും അവഗണനയും എന്നാണ് അവസാനിക്കുക. സ്വാതന്ത്ര്യമെന്താണെന്നറിയാതെ തലയ്ക്കകത്തു കളിമണ്ണ് നിറച്ചുവച്ചിരിക്കുകയാണ് നമ്മൾ. വർഗീയതയുടെ രാഷ്ട്രീയതന്ത്രങ്ങളുടെ ഇരകളായി മാറാതിരിക്കുക എന്നതുതന്നെയാണ് ശ്രദ്ധിക്കേണ്ടത്. നമ്മൾ കടന്നുപോകുന്ന ദുരനുഭവങ്ങൾക്ക് ആരാണ് സമാധാനം പറയുക… ചിതറിക്കിടക്കുന്നവരേ, മൗനം പാലിച്ചിരിക്കുന്നവരേ, നാളെ നിങ്ങളുടെ വീട്ടുമുറ്റത്ത് ഈ ദാരുണസംഭവങ്ങൾ വന്നെത്തുംവരെ നിങ്ങൾ ഉണരില്ല…
മൗനം… മൗനം… മൗനംതന്നെയാണ് ഈ നാടിനെ നശിപ്പിക്കുന്ന അടിസ്ഥാന ഘടകം. അദൃശ്യമായൊരു ജയിലഴിക്കുള്ളിലാണ് നാമെല്ലാവരും. മിണ്ടണം മിണ്ടിത്തുടങ്ങണം, ജനങ്ങൾക്ക് ഉപകാരമുള്ളതുതന്നെ വേണമെന്നു വീണ്ടും വീണ്ടും ആവശ്യപ്പെടണം. എന്നാലേ നടപടി ഉണ്ടാകൂ…”
ഭരിക്കുന്നവരുടെ കുറവുകൾ സമ്പദ്വ്യവസ്ഥയുടെ പിഴവുകൾ മനുഷ്യരിലേക്കു മതത്തിന്റെ വെറുപ്പു പടർത്തുന്നവർ, സ്ത്രീകളോടും കുഞ്ഞുങ്ങളോടും ക്രൂരത കാണിക്കുന്നവർ, മണൽമാഫിയക്കാർ അങ്ങനെ പൊതുവായിട്ടുള്ള വിഷയങ്ങളെയൊക്കെയാണ് വിമർശിക്കുന്നത്.
‘ഈ… മോൻ ഇതൊന്നവസാനിപ്പിച്ച് എപ്പോഴാണ് ഇറങ്ങുന്നത്’ എന്ന ഈർഷയിൽ അങ്കാലന്റെ മുഖം മുറുകി മുറുകി വരുന്നുണ്ടായിരുന്നു. തടവിനെ വെല്ലുവിളിച്ചുകൊണ്ട് സ്വാതന്ത്ര്യത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും പിന്നെയും പിന്നെയും അയാൾ പറഞ്ഞുകൊണ്ടിരുന്നു.
സ്കൂൾപ്പടി കഴിഞ്ഞ് മൂന്നാമത്തെ വളവുതിരിഞ്ഞ് അയാളുടെ സ്കൂട്ടർ കുന്നുകേറാൻ തുടങ്ങുമ്പോഴാണ് ബൈക്കിന്റെ പിന്നിലിരുന്ന്, സഞ്ചിയിൽനിന്ന് ഉഗ്രശേഷിയുള്ളൊരു കുഞ്ഞൻബോംബെടുത്ത് അയാളെ ലാക്കാക്കി അങ്കാലൻ വീശിയെറിഞ്ഞത്. അതേ വേഗത്തിൽതന്നെ ഞാൻ ബൈക്ക് ഇടത്തോട്ടു വെട്ടിച്ചു കനാൽബണ്ടിലൂടെ പാഞ്ഞുപോയി. സ്ഫോടനത്തിന്റെ ശബ്ദം കാതിലേപ്പിച്ച പ്രഹരത്തിനുമേലേക്കു കുറെയേറെ നിലവിളികൾ മുഴങ്ങിയപ്പോഴാണ് ഞെട്ടിത്തിരിഞ്ഞു നോക്കിയത്.
പ്രതീക്ഷിക്കാതെ എതിരെ പാഞ്ഞുവന്ന വെള്ളയുംനീലയും പെയിന്റടിച്ച ബസ്സിലേക്കാണ് കുഞ്ഞൻ പൊട്ടിച്ചിതറിയിരിക്കുന്നത്. തെറിച്ചുപോയ സ്കൂട്ടറിൽനിന്നയാൾ ചാടിയെഴുന്നേറ്റ് തലയിൽ കൈവെച്ചുകൊണ്ട് ബസ്സിനടുത്തേക്കോടുന്നു. പൊട്ടിത്തെറിയുടെ കറുത്ത കട്ടിപ്പുകയിൽനിന്ന് ആളുകൾ ജനലിലൂടെയും ചില്ലുകൾ പൊട്ടിപ്പോയയിടങ്ങളിലൂടെയും തെറിച്ചുവീഴുന്നു. കുഞ്ഞുങ്ങളുടെ അലമുറയിടൽ, ഒരാളിൽനിന്നു മറ്റൊരാളിലേക്കു പടർന്നുകേറുന്ന തീനാമ്പുകൾ. വസ്ത്രങ്ങൾ കത്തിക്കരിഞ്ഞ മണം. ഒരുനിമിഷം മനസ്സ് ശൂന്യമായി. പ്രാണനൊപ്പം നിലവിളികളും നിലച്ചുകൊണ്ടിരുന്നു. കണ്ണുകളിലേക്കു കറുത്തപുക കേറിത്തുടങ്ങി. അയാളും ഞാനും ഓടിക്കൂടിയവരും ഓരോരുത്തരെയായി ബസ്സിനുള്ളിൽനിന്നു വലിച്ചിട്ടു. ജീവനവശേഷിക്കുന്നവരെ അയാൾ തൻ്റെ കൈകളിൽത്തൂക്കി ആംബുലൻസിലേക്ക് ഓടി.
“എടാ, പിടിക്കപ്പെട്ടാൽ നമ്മൾ രണ്ടാളും കുടുങ്ങും. മര്യാദക്ക് എങ്ങോട്ടേങ്കിലും കുറച്ചീസം മാറിനിന്നോ ഇല്ലേൽ!” ഭീഷണിയുടെ സ്വരം. അവിടന്നങ്ങോട്ടു മാറിമാറി ഒളിവിൽ താമസിച്ചു. പേപ്പറിൽ വാർത്ത വന്നു. ബസ്സിൽ യാത്രചെയ്ത ഭാനുമതി എന്ന ഗർഭിണിയടക്കം ഏഴുപേർ മരണപെട്ടു. അപകടത്തിൽപ്പെട്ടവരെ രക്ഷിച്ച അയാളുടെ കൈകൾക്കു ഗുരുതരമായ പൊള്ളലേറ്റ് മുറിച്ചു കളയേണ്ടി വന്നു. ഭാനുമതിയെ അനാഥജഡമാക്കാതെ, ബന്ധുവാണെന്നു പറഞ്ഞ് അയാൾ ഏറ്റെടുത്തു ദഹിപ്പിച്ചു.
മാസങ്ങൾ കഴിഞ്ഞു. ബസ്സപകടം ഓയിൽടാങ്ക് പൊട്ടിത്തെറിച്ചതാണെന്നു റിപ്പോർട്ട് വന്നു. അങ്കാലൻ പഴയപോലെ കവലകൾതോറും വീറോടെ നടന്നു. തകർന്നുത്തരിപ്പണമായിപ്പോയ എനിക്കിനി ആ നാട് എന്തിനെന്നു കരുതി അവിടം വിട്ടു. പലനാട്ടിലും അലഞ്ഞുതിരിഞ്ഞു നടന്നു രണ്ടുമൂന്നു വർഷങ്ങൾശേഷമാണ് അങ്കാലനെ വീണ്ടും കാണുന്നത്. അവനിൽനിന്ന് ഒളിക്കാനുള്ള എന്റെ ശ്രമത്തെ പരാജയപ്പെടുത്തിക്കൊണ്ട് അവൻ പറഞ്ഞുതുടങ്ങി.
“നിന്റെ മോളിപ്പോഴും ജീവനോടെ ഉണ്ട്. ഒരു കൊട്ടേഷൻ പൂർത്തീകരിച്ചാൽ നിനക്കവളെ കിട്ടാനുള്ള ഏർപ്പാട് ചെയ്യാം..”
അവനെയാണ് ആദ്യം തീർക്കേണ്ടതെന്ന തികട്ടൽ ഉള്ളിൽ ഉരുണ്ടുകൂടി.
“വേണമെങ്കിൽ ഇപ്പൊ എന്റെകൂടെ വന്നോ…” വീണ്ടും അവന്റെ വിളി..! നിറവയറിൽനിന്നൊരു ജീവന്റെ മിടിപ്പ് എന്റെ ചങ്കിൽ തറഞ്ഞു…!
“അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്കിയില്ല………….”
അയാളുടെ ശബ്ദത്തിനിടയിലൂടെ മുറിക്കുള്ളിലെ കുഞ്ഞുകൊഞ്ചലിന്റെ ചിരിശകലങ്ങൾ എന്റെ കണ്ണുകളിലെ കറുത്തനീറ്റൽ കഴുകിക്കളയാൻ പാകത്തിനു നിറഞ്ഞുകവിയുന്നുണ്ടായിരുന്നു. ചുമർചിത്രത്തിലെ പൂമാലയിൽനിന്നു ഭാനുമതിയുടെ ഗന്ധം വലിച്ചെടുത്തുകൊണ്ട് ഞാൻ അവിടെ വെറുംതറയിൽ ചുരുണ്ടുകൂടിക്കിടന്നു. ഗർഭപാത്രത്തിൽ എന്നപോലെ…