രചന : ശിവരാജൻ കോവിലഴികം,മയ്യനാട്✍
മന്ത്രം ചുമക്കുന്ന കാറ്റിന്റെ കൈകളിൽ
ചുംബനം ചാർത്തുന്ന ഗംഗ
പാപമാലിന്യങ്ങളേറ്റുവാങ്ങിക്കറുത്തുടൽ-
നീറിയൊഴുകുന്ന ഗംഗ
ആർദ്രമായ് തേങ്ങിയും അലറിച്ചിരിച്ചും
സങ്കടച്ചുമടുമായ് ഗംഗ
മോഹഭംഗത്തിന്റെ ശംഖാരവം പേറി,
പ്രേമകല്ലോലിനി ഗംഗ .
പുലരിതൻ ചുണ്ടിലെ പുല്ലാങ്കുഴലിൽ
മന്ത്രം തിരഞ്ഞവൾ ഗംഗ
കണ്മിഴിച്ചെത്തുംയുഗങ്ങളിലൊക്കെയും
മുത്തശ്ശിയായവൾ ഗംഗ
ശാപശരമുനകളാൽ നെഞ്ചകം നീറുമ്പോൾ
തന്നെശ്ശപിക്കുന്ന ഗംഗ
ഹൃദയം മുഴക്കുന്ന ഡമരുവിൻതാളത്തിൽ
ശ്രുതിമറന്നൊഴുകുന്ന ഗംഗ
എരിതീയിലുരുകുന്ന ചോരപ്പൊടിപ്പിനും
ശ്രാദ്ധമൂട്ടുന്നവൾ ഗംഗ
പാതിവെന്തുടലും സ്മൃതിയിൽ കലശവും ഹാ!
ഭ്രാന്തുമായലയുന്ന ഗംഗ .
ആത്മബോധത്തിന്റെ ആദ്യപാഠങ്ങളിൽ
ആത്മാവു ചേർത്തവൾ ഗംഗ
നാക്കിലയിൽ മിഴിനീരു വറ്റുരുട്ടുമ്പോൾ
നോവാൽപ്പിടയ്ക്കുന്ന ഗംഗ.
സർവ്വസംഹാരത്തിന്നഗ്നികാണ്ഡങ്ങളിൽ
രക്ഷയ്ക്കു കേഴുന്ന ഗംഗ
പെരുംശംഖിലുയരുന്നൊരാദ്യാക്ഷരങ്ങളിൽ
നാവൂറു പാടുന്ന ഗംഗ.
പാപസ്‌മൃതികളിൽ പാപപരിഹാരിയായ്
പാദങ്ങൾ തഴുകുന്ന ഗംഗ
പ്രേതങ്ങൾ മരുവുന്ന പ്രാർത്ഥനാതീരത്ത്
തീർത്ഥമായെത്തുന്ന ഗംഗ.
മൃതിഭയം മാറത്തൊരുടവാളുരയ്ക്കുമ്പോൾ
ധന്യചൈതന്യമായ് ഗംഗ
നോവിന്റെ ഹിമശൈലശൃംഗങ്ങൾ തഴുകുന്ന
സ്നേഹപ്രവാഹമീ ഗംഗ.