അക്ഷരമാകും പരാഗരേണുക്കളാൽ
ആശയഗർഭംധരിക്കുന്നു വാക്കുകൾ
വാക്കുകൾ ചേർന്നവ വാചകമാകുന്നു
വാചകം വർത്തിച്ചു ഭാഷയായ് മാറുന്നു !

ആംഗ്യഭാഷയ്ക്കൊരു സീമയുണ്ടാ സീമ
ഭേദിച്ച് പോകുവാനുണ്ടായി വാമൊഴി
വാമൊഴികാറ്റിലലിഞ്ഞു പോകുന്നതാ-
ലോർത്തിരിക്കാൻ നമ്മൾ തീർത്തൂ വരമൊഴി !

ഓരോ സ്വരത്തിനും രൂപം കൊടുത്തവ –
യോരോഗണത്തിൽ കുടിയിരുത്തീ പിന്നെ
ഓരോരോമാത്രയും സൂഷ്മാംഗനം ചെയ്തു
രാഗരൂപത്തിലുമാശയം കൈമാറി !

മാത്രകൾ വ്യത്യസ്ത താളത്തിലാക്കിയാ
താളക്രമത്തെ തിരിച്ചു നാം വൃത്തമായ്
വൃത്തത്തിലുള്ളവയുള്ളേറി വാസമായ്
ചിത്തങ്ങളങ്ങനെ കാവ്യഗ്രസിതമായ്!

മൂല്യവത്തായവ താളക്രമത്തിലായ് മൂല്യ –
ങ്ങൾ ചോരാതെ ചൊന്ന കവികളാൽ
മാതൃഭാഷയ്ക്കൊരു ഭാവവും ചന്തവും
മേല്ക്കുമേൽവന്നതിൽ നാമും രസിക്കയായ്

ഭാഷയിലൊത്തിരി ഭാവപ്പകർച്ചകൾ
കാലാന്തരത്തിലായ് വന്നു ഭവിക്കവേ
ആശയം നന്നായ് പ്രകരണം ചെയ്യുവാൻ
നാനവിധത്തിലായ് ഭാഷാപ്രയോഗവും !

വാഗ്മിക്കു വാക്കായി, കാവ്യം കവിക്കായി
നോവലായ് ഗദ്യമായ്, മുക്തകശ്ലോകമായ്
ഭാഷാ പ്രയോഗം ക്രമേണയൊരായിരം
രൂപാന്തരങ്ങളിൽ കലതന്നെയായ് മാറി

വാക്കും പ്രയോഗവും, വാഗ് വിലാസങ്ങളും
സ്വന്തബന്ധങ്ങളെ നിർണ്ണയം ചെയ്യുന്ന
വർത്തമാനത്തിന്റെ വീര്യമായ്മാറവേ
ഓർക്ക നാം വസ്തുത, വാക്കിലാണൊക്കെയും !

തീക്കനൽപോലുള്ള വാക്കാലെയന്യനെ
തീകൊണ്ടതെന്നപോൽ നോവിച്ചു പോകവേ
നോവാറുകില്ലതു ചാകുന്ന നാൾവരെ
നോവായിയുള്ളിലുറച്ചു പോം നിശ്ചയം !

വാക്കിന്റെയൂക്കോളമേതുണ്ടൊരായുധം
വാക്കാലെ വീരരും ശൂരരും വീണിടാം
വാക്കാൽ വളഞ്ഞിടും പെണ്ണിന്നു ജീവിതം
നാല്ക്കാലിയെന്നപോലായിടാമോർക്കുക!

വാക്കിൻ വിലയ്ക്കൊത്തു വാക്കുപാലിക്കു –
വോനാർക്കും സുസമ്മതനായിടും നിർണ്ണയം!
വാരിവലിച്ചു പറയാതെ വാക്കിന്റെ
വീര്യത്തിനൊത്തു പ്രയോഗം പഠിക്കണം!

ജ്ഞാനസ്ഥനാകണം വാഗ്പ്രയോഗങ്ങളെ
സ്ഥാനത്തുതന്നെ പ്രയോഗിച്ചുപോകുവാൻ
താഡനമെന്തിനായേറെ നാം ചെയ്യണം
വാചകം നന്നായ് തൊടുക്കാൻ പഠിക്കുകിൽ?

എൻ.കെ.അജിത് ആനാരി

By ivayana