മേളം മുറുകുകയാണ്.
കോമരമുറയുന്നു.
വഴിനിറയെ
രക്തവർണമാർന്ന
കടലാസുപൂക്കൾ.
ആൾക്കൂട്ടം.
ആരവം.
തീവെയിൽ നാളങ്ങൾ.
അമ്പലമുറ്റം നിറയുന്ന
ചെമ്മൺധൂളി.
വിയർപ്പുതുള്ളികൾ.
പഴുത്തുപൊഴിയാൻ
വെമ്പുന്ന
അരയാലിലകൾ.
ചെരിഞ്ഞുപെയ്യുന്ന
ഐവർനാടകശീലുകൾ.
തിടമ്പേറ്റിയ
തലയെടുപ്പുകൾ.
വെൺചാമരത്തലപ്പുകൾ.
ആലവട്ടക്കണ്ണുകൾ.
ആരോ പിൻതുടരുന്നുവോ?
ഒരു ദാരികവേഷം.
തെയ്യക്കോലം.
ആകാശത്തും,
ഭൂമിയിലുമല്ലാതൊരു
കുരുത്തോലക്കാള.
അസുരവാദ്യം.
ദേശമൊരു
ചെണ്ടക്കോലിൽ നിന്നും
വിരിയുന്ന പൂവായ്
കൈയാട്ടി വിളിക്കുന്നു.
ഞാനോ,
ഒരൊറ്റത്തുമ്പിയാവുന്നു.
ചിറകുവിരിക്കുന്നു.
ആകാശം ചുംബിക്കാൻ
പുറപ്പെടുന്നു.
താഴെ ലോകം
അമ്പലമുറ്റത്തേക്ക്
ചുരുങ്ങുന്നു.
ചുവന്നു തുടുക്കുന്നു…
🔴

സെഹ്റാൻ

By ivayana