മാത്യുക്കുട്ടി ഈശോ✍
ന്യൂജേഴ്‌സി: പ്രമുഖ ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ ഷിജോ പൗലോസിന്റെ ട്വിലൈറ് മീഡിയായും ടോം ജോസഫിന്റെ ഇവൻറ് മാനേജ്‌മന്റ് ഗ്രൂപ്പ് ആയ മസാറ്റോ ഇവൻറ്സും ഇന്ത്യ പ്രസ് ക്ളബ്ബ് ഓഫ് നോർത്ത് അമേരിക്കയും (IPCNA) സംയുക്തമായി സംഘടിപ്പിച്ച മലയാളീ സംഗമത്തിൽ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം യുണൈറ്റഡ്” ആറ് അംഗങ്ങളും ഒറ്റക്കെട്ടായി നിന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരേ മനസ്സോടെ, ഒരേ സ്വരത്തോടെ ആറ് പേരും അവിടെ എത്തിയ എല്ലാ സംഘടനാ ഭാരവാഹികളെയും നേതാക്കന്മാരെയും സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്തപ്പോൾ ഫോമായെ 2024-2026 കാലാവധിയിൽ നയിക്കുവാൻ യോഗ്യരായ നേതാക്കളെ ഒരുമിച്ചു കണ്ട സംതൃപ്തിയിലായി എല്ലാവരും. ഫോമായുടെയും ഫൊക്കാനയുടെയും മറ്റു പല സ്ഥാനാർഥികളും പരിചയപ്പെടലിന്റെയും സൗഹൃദം പതുക്കലിന്റേയും വോട്ടഭ്യർഥനയുടെയും ഒറ്റപ്പെട്ട സമീപനം സ്വീകരിച്ചപ്പോൾ “ടീം യുണൈറ്റഡ്” ഒരുമിച്ച് ഓരോരുത്തയെയും സമീപിച്ചത് ഏവർക്കും വേറിട്ടൊരനുഭവമായി.
ട്വിലൈറ് മീഡിയയുടെ 15-മത് വാർഷികവും പ്രസ് ക്ലബ്ബിന്റെ പുതിയ വർഷത്തെ ചുമതലക്കാരുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും ഒരേ വേദിയിൽ അരങ്ങേറിയപ്പോൾ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, കാനഡയിൽ നിന്നും ധാരാളം സംഘടനാ നേതാക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നു. അതൊരു അസുലഭ അവസരമായി മനസ്സിലാക്കിയ “ടീം യുണൈറ്റഡ്” സ്ഥാനാർത്ഥികളായ ആറു പേരും പല സംസ്ഥാനങ്ങളിൽ നിന്നും ഒരുമിച്ച് ആ വേദിയിൽ എത്തിച്ചേർന്നു എന്നത് പ്രത്യേകത ആയിരുന്നു.
ഫോമായുടെ 2024-2026 കാലാവധിയിലേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പ്രസിഡൻറ് സ്ഥാനാർഥി ബേബി മണക്കുന്നേൽ ടെക്സസിൽ (ഹ്യൂസ്റ്റൺ) നിന്നും, ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗ്ഗീസ് ന്യൂ ജേഴ്സിയിൽ നിന്നും, ട്രഷറർ സ്ഥാനാർഥി സിജിൽ ജോർജ് പാലക്കലോടി കാലിഫോർണിയയിൽ നിന്നും, വൈസ് പ്രസിഡൻറ് സ്ഥാനാർഥി ഷാലൂ പുന്നൂസ് പെൻസിൽവാനിയയിൽ (ഫിലാഡൽഫിയ) നിന്നും, ജോയിൻറ് സെക്രട്ടറി സ്ഥാനാർഥി പോൾ പി. ജോസ് ന്യൂയോർക്കിൽ (ലോങ്ങ് ഐലൻഡ്) നിന്നും ജോയിന്റ് ട്രഷറർ സ്ഥാനാർഥി അനുപമ കൃഷ്ണൻ ഒഹായോയിൽ നിന്നും എത്തിയപ്പോൾ ഫോമാ നേതൃത്വത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രധിനിത്യവും ഒത്തൊരുമയും എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു. അതിനാൽ ‘ടീം യുണൈറ്റഡ്” മത്സരാർത്ഥികളെ വിജയിപ്പിച്ചാൽ അടുത്ത രണ്ടു വർഷത്തെ കാലാവധിയിൽ ഫോമായെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ ഈ ടീമിന് സാധിക്കും എന്ന് അവരുടെ കൂട്ടായ പ്രവർത്തനം കണ്ടപ്പോൾ എല്ലാവർക്കും വിശ്വാസമായി.
തങ്ങളുടെ ടീമിനെ അടുത്ത കാലാവധിയിലേക്ക് വിജയിപ്പിച്ചാൽ ഫോമായുടെ പ്രവർത്തന മികവ് ഇരട്ടിയായി വർദ്ധിപ്പിക്കാമെന്നും ഫോമായുടെ പ്രശസ്തി നിലവിലുള്ളതിനേക്കാൾ മെച്ചപ്പെടുത്താമെന്നും മാത്രമാണ് “ടീം യുണൈറ്റഡ്” വാക്കു നൽകുന്നത്. അല്ലാതെ മുൻ വർഷങ്ങളിലെ സ്ഥാനാർഥികൾ നല്കിയതുപോലെ നടപ്പിലാകാത്ത സ്വപ്ന വാഗ്ദാനങ്ങളൊന്നും ഈ ടീം വാഗ്ദാനം ചെയ്യുന്നില്ല. ഏതായാലും ന്യൂജേഴ്‌സിയിൽ കണ്ടതുപോലുള്ള ഒത്തൊരുമയും കൂട്ടായ്മയും 2024-2026 വർഷം ഫോമായിൽ കാഴ്ചവെച്ച് ഫോമായേ അടുത്ത തലങ്ങളിലേക്ക് ഉയർത്തും എന്ന് മാത്രമാണ് വിവിധ സംഘടനകളിൽ വിജയപ്രദമായ പ്രവർത്തനം കാഴ്ചവച്ച് പരിചയസമ്പന്നരായ ആറു സ്ഥാനാർഥികളും അവകാശപ്പെടുന്നത്. ഈ ആറു പേരെയും ഫോമയുടെ നന്മക്കായി ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് ബേബി മണക്കുന്നേൽ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.