അവളുടെ ചിന്തകളിൽ ഉണ്ടായിരുന്നത് ഒരിക്കലും അസ്തമിക്കാത്ത പകലുകളായിരുന്നു….
രാത്രികളെ അവൾ ഭയപ്പെട്ടു….
നിദ്രവിഹീനമായ രാവുകൾ അവൾക്കു സമ്മാനിക്കുന്നത് ഒരിക്കലുമുറങ്ങാത്ത നോവിന്റെ ഗസലുകളായിരുന്നു…..
നീരൊഴുക്ക് വീഴുന്ന പാറക്കെട്ടുകളിലൂടെ സഞ്ചാരിച്ചാലെന്ന പോലെ മനസ്സ് തെന്നി നീങ്ങിക്കൊണ്ടേയിരിക്കും….
അവൾ… മറ്റുള്ളവർക്ക് തിരിച്ചറിയാനാകാത്ത ചിന്തകളുടെ ഉടമ…
സ്വന്തമായി അഭിപ്രായം ഉള്ളവൾ മറ്റുള്ളവർക്കിടയിൽ വേറിട്ടു നിൽക്കുമല്ലോ…
ആർക്കും തിരിച്ചറിയാനാകാത്ത ഭാവതലങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും അവൾ സാധാരണ ഒരു പെൺകുട്ടിയായിരുന്നു…..
കാമുകിയാകാനും ഭാര്യയാകാനും അമ്മയാകാനും ഒക്കെ ആഗ്രഹിക്കുന്ന ഒരു സാധാരണ പെണ്ണ്…
മരണത്തെ പ്പോലും അതിശയിപ്പിക്കുന്ന ജീവിതത്തിന്റെ .മഹത്വത്തെ പറ്റി വാചാ ലയാകുമ്പോഴും അവൾ സ്വയം വിഷാദത്തിന്റെ അകത്തളങ്ങളിൽ തളയ്ക്കപ്പെട്ടു…..
എന്നാലോ അവൾ എന്നും മറ്റുള്ളവർക്ക് വിസ്മയവും ഒപ്പം സഹതാപവും തോന്നിപ്പിക്കുന്നവളാണ്
ആകാശത്തിന്റെ കണ്ണുനീർ ഭൂമിയിൽ പതിക്കുമ്പോൾ സ്വയം മറന്നു പൊട്ടിച്ചിരിക്കാൻ അവൾക്കു കഴിയാറുണ്ട്….
കുട്ടികളോടൊപ്പം മറ്റൊരു കുട്ടിയായി തുള്ളിക്കളിക്കുവാൻ അവൾക്കു കഴിയാറുണ്ട്….
ചില നേരങ്ങളിൽ പൊട്ടിച്ചിരിക്കും….
ചിലപ്പോൾ നെഞ്ചു പൊട്ടിക്കരയും….
മറ്റു ചിലപ്പോൾ മറ്റുള്ളവരുടെ വേദനകളിൽ അലിഞ്ഞില്ലാതാവും….
അതുമല്ലെങ്കിൽ ചിന്തകളുടെ അതിപ്രസരത്താൽ വിദൂരതയിൽ മേഞ്ഞുനടക്കും….
ചുറ്റുമൊരുപാട് പേരുടെ സ്നേഹവലയമുണ്ടെങ്കിലും
അതിലുമൊക്കെ മുകളിലായി അവളുടെ ഭ്രാന്ത് മൂടിയ ചിന്തകൾ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു….
ചിലപ്പോഴെങ്കിലും ആ കെട്ടു പൊട്ടിച്ചു പുറത്തേക്ക് വരുവാൻ അവൾ ആഗ്രഹിക്കും…
കാലം കാത്തുവെച്ചിരിക്കുന്ന ജീവിതത്തിന്റെ പല തലങ്ങളിൽക്കൂടി അവൾ സഞ്ചരിച്ചു കഴിഞ്ഞു….
മനസ്സിന്റെ ഇരുൾ മൂടിയ ഇടനാഴികളിൽ വെളിച്ചമായി ആരോ പിന്തുടരുന്നത് പോലെ തോന്നാറുണ്ട് അവൾക്കു….
ആ വെളിച്ചമാണ് ഒരു പക്ഷെ അവളുടെ ഭ്രാന്തൻ ചിന്തകളെ ഒരു പരിധി വരെ അടക്കി നിർത്തുന്നത്
മരണത്തിന്റെ ഗന്ധം അടുത്തു വരുമ്പോഴും ഭയപ്പാടില്ലാതെ ചിരിക്കാൻ കഴിയുന്നത് ആ ഭ്രാന്തുള്ളത് കൊണ്ടാകാം…
കാത്തിരിക്കാം….. ഒരിക്കലും തന്നെ വിട്ടുപോകില്ലെന്നു അവൾ കരുതുന്ന ആ വെളിച്ചം അവളുടെ ജീവിതത്തിന്റെ വഴികളിൽ വസന്തം വിരിയിക്കുന്നത്…..
ഉന്മാദത്തിന്റെ അത്യുന്നതിയിലേക്ക് എടുത്തുചാടാതെ പതിയെ പിന്തിരിഞ്ഞു നടക്കാൻ അവളെ പ്രേരിപ്പിക്കുന്നത്…..
നിലാവിന്റെ തൂവൽ അവളെ തഴുകട്ടെ….
സൗഗന്ധികങ്ങൾ നിറയെ പൂക്കട്ടെ….
എല്ലാ സ്ത്രീ രത്നങ്ങൾക്കും 🥰വനിതാ ദിനാശംസകൾ 🙏🙏🙏🙏

പ്രിയബിജൂ

By ivayana