രചന : രമണി ചന്ദ്രശേഖരൻ ✍
എന്നുമീ പൂമുഖത്തെത്തി ഞാൻ നോക്കും
എന്നമ്മയെങ്ങാനും വരുന്നതുണ്ടോ
ഏതോ കരങ്ങളാ കൈകൾ കവർന്നതും
മറുവാക്കു പറയാതെ പോയതല്ലേ
നെരിപ്പോടു പോലെൻ്റെ ഹൃദയമെരിയുന്നു
ചിറകൊടിഞ്ഞൊരു പക്ഷികേണിടുന്നു
ഈ കവിതകൾക്കെന്നെയുറക്കാൻ കഴിയില്ല
പുലരികൾക്കെന്നെയുണർത്താൻ കഴിയില്ല
ഒടുവിലെന്നോർമ്മകൾ പങ്കുവെച്ചീടുമ്പോൾ
ആ മുഖമിന്നും തെളിഞ്ഞു നിൽപ്പൂ
ഒരു തണൽക്കൂടെന്നെ തേടിയെത്തീടുമ്പോൾ
ആ സ്വരം കാതിൽ നിറഞ്ഞീടുന്നു
കുഞ്ഞിളം മേനിയിലെണ്ണ പുരട്ടി
ചെറു പാളയിലെന്നെ കുളിപ്പിച്ചതും
ഉച്ചിയിൽ വെള്ളമിറങ്ങാതിരിക്കുവാൻ
കരുതലിൻ തൂവൽ പുതച്ചു തന്നു
അമ്മ തൻ മാറിലെ ചൂടു പകർന്നു
വാരിപ്പുണർന്നെനിക്കുമ്മ തന്നു
കണ്ണേറുകിട്ടാതിരിക്കാൻ കവിളത്ത്
കരിമഷി കൊണ്ടൊരു പൊട്ടുകുത്തി
നോവുടഞ്ഞെന്നുമടുക്കളക്കോണിൽ
കനലൂതി മിഴി നിറച്ചമ്മ നിൽക്കും
സ്നേഹം തുളുമ്പും മിഴികളാലെന്നും
എൻ്റെ വരവിനായി കാത്തു നിൽക്കും
ഈ ഓർമ്മകളെല്ലാം പുണരുന്ന നേരത്തും
നോവു പാടങ്ങൾ ഞാൻ കൊയ്തടുക്കി
കരയുവാൻ ഞാനൊരാൾ കേൾക്കുവാനാളില്ല
എൻ വഴിയിനി തെളിയിക്കാനാരുമില്ല
ഒറ്റപ്പെട്ടെന്നൊരു തോന്നലുണ്ടാകുമ്പോൾ
ഒപ്പമുണ്ടെന്നെനിക്കോർമ്മ വരും
മക്കളേ.. എന്നോരാ വിളിയിലെൻ നോവുകൾ
എങ്ങോ അലിഞ്ഞലിഞ്ഞില്ലാതെയാകും