നാട്ടിലെ
ശവക്കല്ലറകളുടെ സൂക്ഷിപ്പുകാരിയായിരുന്നു
പഴുക്കാമൂപ്പത്തി
രാത്രികാലങ്ങളിൽ ,
മൂപ്പത്തി ശവക്കല്ലറകൾക്കരികിലൂടെ നടക്കുമായിരുന്നുവെന്ന് ,
(പറഞ്ഞു കേട്ട അറിവാന്നേ)
ആ സമയത്ത് ,
ശവങ്ങളെല്ലാം എഴുനേറ്റ് നടന്നു വരുമായിരുന്നെന്ന് ,
അവരെല്ലാം
പുതച്ചിരുന്ന വെള്ളത്തുണികൾ
വായുവിൽ ചുഴറ്റി ,
പഴുക്കാമൂപ്പത്തിയുടെ കാൽച്ചുവട്ടിൽ
കുത്തിയിരിക്കുമായിരുന്നെന്ന് ,
മൂപ്പത്തി ,
ഉപമകളിലൂടെ അവരോട് സംസാരിക്കുമായിരുന്നെന്ന് ,
ശവങ്ങളായ ശവങ്ങളെല്ലാം
മൂപ്പത്തിയുടെ ശിഷ്യരായിരുന്നു .
ചില രാത്രികളിൽ ,
വെള്ളത്തിരയടിച്ച് ശവങ്ങളെല്ലാം
കടലാകുമായിരുന്നു
മൂപ്പത്തി ,
കടലിനു മുകളിൽ തോണിയിൽ ,
അമരത്ത് ,
കിടന്നുറങ്ങുമായിരുന്നു
ഇടയ്ക്ക്
കണ്ണു തുറന്ന് കൈകളുയർത്തുമ്പോൾ
തിരകളടങ്ങി ,
കടൽ ,
കുഴികളിലേക്ക് പിൻവാങ്ങുമായിരുന്നു
( കേട്ടറിവാന്നേ … )
ശവങ്ങളായ ശവങ്ങളെല്ലാം മൂപ്പത്തിയുടെ
കൂട്ടുകാരായിരുന്നു
ഓരോ ശവത്തിൻ്റെയും ചരിത്രം
പഴുക്കാ മൂപ്പത്തിയുടെ
കൈവെള്ളയിലുണ്ടായിരുന്നു
കൂടെപ്പഠിച്ചവർ …
കൂടെക്കളിച്ചവർ …
ഭൂമിയോളം പ്രായം മൂപ്പത്തിയ്ക്കുണ്ടെന്നാണ്
പറയപ്പെടുന്നത്
മാർത്തോമാ ശ്ലീഹാ
ഇൻഡ്യേല് വന്ന കഥ തന്നെ
മൂപ്പത്തി പറഞ്ഞാണ് നാട് കേട്ടത്
മൂപ്പത്തിയുടെ നാവിൽ
ചരിത്രമുറങ്ങിക്കിടന്നു
വസൂരീം കോളറേം
പനിയുമെല്ലാം മുപ്പത്തീടെ
കണ്ണിമ്മുന്നേക്കൂടാണ് കടന്ന് പോയതത്രേ
അന്നു ജനിച്ച ശവങ്ങളെല്ലാം
മൂപ്പത്തീടെ കൂട്ടുകാരായി …
മൂപ്പത്തീടെ ശിഷ്യരായി…
അങ്ങനെ ,
പഴുക്കാമൂപ്പത്തി
ശവക്കുഴികളുടെ സൂക്ഷിപ്പുകാരിയായി.


·

വൈഗ ക്രിസ്റ്റി

By ivayana