രചന : കൃഷ്ണമോഹൻ കെ പി ✍
അപ്പുപ്പനൊളിപ്പിച്ച കൊച്ചുടുപ്പൊന്നു കാണാൻ
അർത്ഥിച്ചു കുഞ്ഞുങ്ങളെൻ മുന്നിൽ വന്നെത്തിനില്ക്കേ
അപ്പുപ്പനെനിയ്ക്കതു കാട്ടുവാൻ കഴിയുമോ
അന്ത്യനിദ്രയ്ക്കുള്ള ശുഭ്രവസ്ത്രമതല്ലോ
അങ്ങനെ മനോഗതി കൈവരിച്ചിരിയ്ക്കുന്ന
അപ്പുപ്പൻ കാണിയ്ക്കാമോ ധവളമാം ആ വസ്ത്രത്തെ
അഞ്ഞൂറു വസന്തങ്ങളായിരം സ്വപ്നങ്ങളും
അങ്ങനെയിരിയ്ക്കട്ടേ, ശൈശവ സ്വപ്നങ്ങളിൽ
ആ,വെള്ളയും പുതച്ചങ്ങീ അപ്പുപ്പൻ കിടക്കുന്നാൾ
അങ്ങനെയറിയട്ടേ, സത്യമീ കുഞ്ഞാത്മാക്കൾ
അർത്ഥങ്ങളറിഞ്ഞുള്ള വായനയേകീടുന്ന
അറിവാകുഞ്ഞുങ്ങൾക്കു വെളിച്ചം പകരട്ടേ
അർത്ഥങ്ങൾ പഠിയ്ക്കട്ടേ, അപ്പുപ്പനതിൽപ്പരം
അർദ്ധ നിദ്രയിലേകാൻ ഒന്നുമേ ചൊല്ലാനില്ല
അമ്മയുണ്ടവിടെയാ, അച്ഛനുമുണ്ടേ, കുഞ്ഞേ,
അവരാണുണർത്തുവാൻ,അപ്പുപ്പൻ, വൃഥാ സ്പ്നം
അർച്ചന ചെയ്യുമ്പോലെ, കുട്ടിക്കഥകൾ ചൊല്ലി
അപ്പുപ്പനുറങ്ങിപ്പോം, നിത്യത തേടിപ്പോകും
അച്ചെറുമരത്തിൻ്റെ തണലിൽ നിന്നീ മഹാ
അണ്ഡകടാഹങ്ങളെ കാണുന്നോർ നിങ്ങളെല്ലാം…..