രചന : ഇയ്യ വളപട്ടണം ✍
ആദ്യകാലത്ത് , ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് വരെ തറ നിരപ്പിൽ തന്നെയായിരുന്നു അടുപ്പ് കെട്ടിയിരുന്നത്. നിന്നിട്ട് അടുപ്പ് കത്തിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന് പകുതിയോടെയാണ് ഉണ്ടായത്. ഇത് വിദേശികളുടെ രീതിയാണ്. അത് നമ്മൾ പകർത്തി. ഇങ്ങനെയുള്ള അടുപ്പിൽ നിന്നും വസ്ത്രങ്ങൾക്ക് തീ പിടിക്കാൻ സാധ്യത കൂടുതലാണ്.
തറനിരപ്പിലെ അടുപ്പിൽ രാവിലെ അടുപ്പ് കത്തിക്കുന്നതും ഒരു ജോലിയാണ്. ഊതിയൂതി അടുപ്പ് കത്തിക്കുമ്പാൾ കണ്ണിൽ പുകകയറും. ചുറ്റുവട്ടത്ത് നിന്നും അടിച്ചു വാരിയ ഉണങ്ങിയ ഇലളുംചെറിയ ചുള്ളിക്കമ്പുകളും ഉപയോഗിച്ചും കുറച്ച് മണ്ണെണ്ണ ഒഴിച്ചും അല്ലെങ്കിൽ മരമില്ലിലെ ഈർച്ചപൊടിയിൽ എണ്ണ ഒഴിച്ച് കത്തിച്ചു
മൊക്കെയാണ് അടുപ്പിന് തീപിടിപ്പിക്കുക. പലപ്പോഴും അടുപ്പ് ഇടക്കിടെ കെട്ടുപോകും. ചെറിയ ഇരുമ്പിൻ്റെ പെപ്പ് ഉപയോഗിച്ച് ഊതിയൂതി കത്തിക്കുകയാണ് പതിവ്. അക്കാലത്ത് അടുക്കള ചുമരുകൾ പുകയേറ്റ് കരുവാളിച്ചിരിക്കും. ഇരുട്ടായിരിക്കും അടുക്കളയിൽ . ഓടിൻ്റെ മുകളിൽ വെച്ച ചില്ലിലൂടെയാണ് അധിക വെളിച്ചം അടുക്കളയിൽ കിട്ടുക. ഭക്ഷണം ഉണ്ടാക്കുവാനാണ് അടുക്കള ഉപയോഗിച്ചിരുന്നുവെങ്കിൽ ഇന്ന് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന കാഴ്ചബംഗ്ലാവിനെപ്പോലെയായിരിക്കുന്നു അടുക്കള.
അന്ന് ചെറിയ അടുക്കളയും വലിയ അടുക്കളയും ഉണ്ടായിരുന്നു. ചെറിയ അടുക്കളയിൽ നിന്നാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. ഭക്ഷണം കഴിക്കാനും വട്ടം കൂടി ഇരുന്ന് പെണ്ണങ്ങൾക്ക് സംസാരിക്കാനും കിസ്സ പറയാനുമാണ് വലിയ അടുക്കള അക്കാലത്ത് ഉ പയോഗിച്ചത്. നിലത്ത് ഇരുന്നാണ് അക്കാലത്ത് ഭക്ഷണം കഴിക്കുക. എല്ലാവരും വട്ടത്തിൽ അടുക്കളയിൽ ഇരിക്കും. ഭക്ഷണം കഴിച്ച ശേഷം അടിച്ച് വാരിയ അന്നം അടുക്കളപ്പുറത്തെകാക്കക്കും പൂച്ചക്കും കൊടുക്കും. ഇന്ന് അതും ഇല്ല. പിന്നീട് അടുക്കളയിൽ ഭക്ഷണം കഴിക്കാൻ പലക വന്നു. ഇരുവശവും ഉയർന്ന് നിൽക്കുന്ന മരകഷ്ണത്തിൽ ഇരിപ്പിടത്തിന് ആവശ്യമായ പലക അടിച്ചാണ് ഇരിപ്പ് പലക ഉണ്ടാക്കുന്നു. പിന്നെ തീൻമേശയും കസേരകളും വന്നു.
തുടർന്ന് അടുക്കളയുടെ കാഴ്ചപ്പാടുകൾ മാറി. പരസ്യങ്ങളാണ് അടുക്കളയെ കാഴ്ചബംഗ്ലാവാക്കി മാറ്റിയത്. കാഴ്ചക്കാരെ തൃപ്തിപ്പെടുത്തലാണ് ഇന്നത്തെ അടുക്കളയുടെ ലക്ഷ്യം. ഇന്നത്തെ അടുക്കളയിൽ പുകയില്ല. ഒരു രാജ്യത്തെ ഭരണാധികാരിയുടെ ഭരണം മികച്ചതാകുമ്പോഴാണ് ഭൂരിഭാഗം അടുക്കളയും പൊട്ടിച്ചിരിക്കുക. അടുക്കളയെ സ്നേഹിക്കുന്നവരാണ് കടുംബസ്നേഹികളായി മാറുന്നത്. ഒരു വീടിൻ്റെ കഥ പറയുന്നത് അടുക്കളയായിരിക്കും. കഞ്ഞിക്കലത്തിൽ വേവുന്ന കണ്ണീര് കാണാനാണ് മനുഷ്യസ്നേഹിയായ ഖലീഫ രാജാവ് അടുക്കളയിൽ ഒളിഞ്ഞു നോക്കിയത്.
അടുക്കളക്കാരികൾ ചിത്രകാരികളാണ്. പലനിറങ്ങളിലുള്ള കറികളും ഭക്ഷണസാധനങ്ങളും രൂപപ്പെടുത്തി എടുക്കുന്ന അടുക്കള നോക്കിയാണ് ഒരാളുടെ ജീവിതം സുഖകരമാണോയെന്ന് പറയാൻ കഴിയുക.