അയാൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഇരുട്ട് കറുത്തു കട്ടിപിടിച്ചത് മഞ്ഞിൽ കുതിർന്ന്
മുറ്റത്തും തൊടിയിലും കിടപ്പുണ്ട്. അയാൾ ജനാല ചേർത്ത് അടച്ചില്ല.
മഞ്ഞേറ്റാൽ പനി പിടിക്കാം എന്ന് മനസ്സ് മന്ത്രിച്ചു.
‘പ്രാന്തിപ്പഞ്ചമി’യുടെ താഴ്വാരത്തെ വീടിനുമുന്നിൽ ആരോ സന്ധ്യക്ക് കെട്ടിത്തൂക്കിയ വൈദ്യുതി ദീപം മാത്രം തെളിഞ്ഞു നിൽപ്പുണ്ട് . അത് എപ്പോഴാണ് അണയുക. ഇനി ആരാണ് അണയ്ക്കുക?
തന്നെക്കാൾ ഇരുപത്തഞ്ചു വയസ്സിന്റെ പ്രായ കൂടുതലുണ്ടാകും പഞ്ചമിക്ക്. അവരുടെ മകൻ ഇപ്പോൾ എവിടെയാണ്? കർക്കിടകത്തിലെ കറുത്ത വാവിനാണ് അവൻ പിറന്നത്. താനും. അമ്മ എത്രയോ തവണ പറഞ്ഞിരിക്കുന്നു. തോരാത്ത മഴരാത്രി. പുലർച്ചയാണ് തന്റെ ജനനം.
പേറെടുത്ത പതിച്ചിയമ്മ മടങ്ങുന്ന വഴിയോരത്താണ് പഞ്ചമിയുടെ വീട്. അവിടെയെത്തിയപ്പോൾ വല്ലാത്തൊരു ഞരക്കവും തേങ്ങലും കേട്ട് ചൂട്ട് ഒന്നുകൂടി മിന്നിച്ച് അവർ കയറി ചെന്നു.
പതിച്ചിയമ്മ നടുങ്ങി. ഇവൾ ഗർഭിണിയോ?
അന്ന് പഞ്ചമി പെറ്റു.
താൻ അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ പഞ്ചമിയുടെ മകൻതന്റെ ക്ലാസിലായി. മറ്റ് കുട്ടികളുമായി ശണ്ഠ കൂടുന്നതിലായിരുന്നു അവന് താൽപര്യം.
കല്ലുമടയിൽ പണി ചെയ്താണ് പഞ്ചമി നിത്യവൃത്തി കഴിച്ചത്.
പഞ്ചമി കേൾക്കാത്ത പഴികളില്ല.
കുറെയൊക്കെ തന്റെ കാതിലും പതിഞ്ഞിരിക്കുന്നു.
‘ അവൾക്ക് അങ്ങ് ചത്തൂടെ ഇങ്ങനെയൊരു ജന്മം… അശ്രീകരം.’
‘ അവടെ തള്ളയ്ക്കും പ്രാന്തായിരുന്നു. വയസ്സുകാലത്ത്… അസുഖപ്രാന്ത്. നാടായ നാട് മൊത്തം അസുഖം പറഞ്ഞു നടന്നു.
കാണാനൊരു വൈദ്യനും ഇല്ല. അവൾ പാറമടയിൽ ചാടി തീർന്നു. ഇവൾക്കും അത് പോരെ?’
പഞ്ചമി പുത്രനെ ദൂരെയേതോ ഹോട്ടലിൽ പണിക്ക് വിട്ടു. അവൻ അവിടെ നിന്ന് മറ്റ് എങ്ങോട്ടോ പോയി. ഇപ്പോൾ എവിടെ എന്ന് ആർക്കും അറിയില്ല.
സ്കൂളിൽ നിന്നും മടങ്ങിവരും വഴി അക്കാലത്ത് അവനോടൊപ്പം താൻ അവന്റെ വീട്ടിൽ കയറും.
ചാണകം മെഴുകിയ തറ. തെക്കേ തിണ്ണയ്ക്ക് ചുറ്റും ഭിത്തികളായി ഓലമടഞ്ഞു തൂക്കിയിട്ടുണ്ട്. അതിൽ ചാരിയിരുന്ന് താൻ പിറകോട്ട് രണ്ടു തവണ നിലത്ത് വീണിട്ടുണ്ട്. ഒടുവിൽ വലതു കൈക്കുഴ തിരിഞ്ഞു പോയിരുന്നു.
പഞ്ചമി തന്റെ ഓരോ വിരലും പിടിച്ചു വലിച്ചും തടവിയും വിട്ടു.
‘ തൈലമില്ല മോനെ.ഇത് പുന്നക്കായ് ആട്ടിയ എണ്ണയാണ്. സാരമില്ല.’
എന്നൊക്കെ തടവുന്നതിനിടയിൽ പറഞ്ഞു.
എന്തോ ഒരു ആത്മഗതം പോലെ അവർ ഒരിക്കൽ പുലമ്പി
‘ നമുക്കൊക്കെ പണ്ട് പണ്ട് കാലത്ത് ചിറകുകൾ ഉണ്ടായിരുന്നു.
രണ്ടു കൈകളും ചിറകുകളും. എല്ലാവരും മാലാഖമാർ ആയിരുന്നു. പരിശുദ്ധരും ‘
പിന്നീട് ഒരിക്കൽ പഞ്ചമിയുടെ വീട്ടിലേക്കുള്ള കയറ്റം അമ്മവിലക്കി.
‘ അവളുടെ കൂത്തും കാര്യോം.
അവിടെ നിരങ്ങിയിട്ട് വന്നതാണോ? ആരും കയറാത്ത വീട് . നീ വല്യ ആൺകുട്ടി
യായി. ഇനി അവിടെ കയറരുത് ‘
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും താൻ ഓർത്തു എന്താണ് അമ്മ അങ്ങനെയൊക്കെ പറഞ്ഞത്? താൻ വലിയ കുട്ടിയാ
യെന്ന്? ആരും കയറാത്ത വീട് എന്ന് പറഞ്ഞെങ്കിലും… എത്രപേർ കയറിയിറങ്ങുന്ന ഇടം ആണെന്ന് ഒടുവിൽ പറഞ്ഞത് എന്തുകൊണ്ട്?
അമ്മയുടെ പറച്ചിലിൽ വല്ലാത്തൊരു പൊരുത്തക്കേട്. അത് അമ്മയോട് ചോദിക്കണോ?വേണ്ട ശകാരമാവും ഉത്തരമായി കിട്ടുക.
താൻ നല്ല കുട്ടിയല്ലേ ? അനുസരണ യുള്ളവൻ.
‘ അവടെ കണ്ണെഴുത്തും ചന്തോം കണ്ടാൽ ആരും വീണു പോകും…
ആ… എങ്ങനെയെങ്കിലും പിഴക്കട്ടെ.’
ഇതും ഒരുനാൾ പഞ്ചമിയെ കണ്ടപ്പോഴുള്ള അമ്മയുടെ ആത്മ ഗതമാണ്.
പഞ്ചമി മകനെ കാണാതായതോടെ വിഷാദരോഗിയായി. കുളിക്കില്ല. നനക്കില്ല. ആരോടും മിണ്ടില്ല. അവർ മെലിഞ്ഞു. കറുത്തിരുണ്ടു. കണ്ണുകൾ കുഴിഞ്ഞു.
ക്രമേണ ഭ്രാന്തിയായി.
ചില പൗരസമിതിക്കാർ പഞ്ചമി യുടെകാര്യങ്ങൾഏറ്റെടുത്തു.ഭക്ഷണവും വസ്ത്രവും നൽകി തുടങ്ങി.
അവർ വഴിപോക്കളോട് ചിരിക്കും. അവരോട് ശണ്ഠയിടും. ചിലനേരം പൊട്ടിക്കരയും.
പരസ്പരബന്ധമില്ലാതെ പുലമ്പുന്ന ‘പ്രാന്തിപ്പഞ്ചമി’യെ പിള്ളാർക്ക് ഭയമായി. ദേഷ്യം മൂത്താൽ അവർ ചരൽ വാരി എറിയും.
തന്റെ പ്രായമല്ലേ പഞ്ചമിയുടെ മകനും. അയാൾ ഓർത്തു.അവൻ എവിടെ?
‘ നാളെ നിന്റെ ഇരുപതാം പിറന്നാൾ ആണ്. തെന്മലേന്ന് മൂത്തണ്ണനും മകളും വരുമെന്ന് പറഞ്ഞു’
കുറച്ചു മുൻപ് അമ്മ പറഞ്ഞതും അയാൾ ഓർത്തു.
:പ്രാന്തിപ്പഞ്ചമി ‘മരിച്ചുവെന്ന് അവരുടെ മകൻ അറിഞ്ഞിട്ടുണ്ടാവില്ല. അവനും നാളെയല്ലേ പിറന്നാള്.
എന്തുകൊണ്ടോ പഞ്ചമി തന്നെയെന്നും മോനെ എന്ന് മാത്രമേ വിളിച്ചിട്ടുള്ളു.
‘ അവൻ പോയെങ്കി… പോട്ടെ.
നന്ദി കെട്ടവൻ. നീ എന്റെ മോനാ…
നീയും കർക്കിടകത്തിലെ കറുത്തവാവാ.’
എത്ര തവണ പഞ്ചമി ഉരുവിട്ടിരിക്കുന്നു?
പഞ്ചമി മരിച്ചു.
എന്നിട്ട് താൻ ജഡം പോയി കണ്ടോ?
അവരുടെ ജഡം സന്ധ്യയോട് കത്തിയമർന്നു.
ഇല്ല.താൻ കണ്ടില്ല.
കാണണമായിരുന്നു.
അയാളുടെ മനസ്സ് പശ്ചാത്തപിച്ചു.
ഉറക്കം വരുന്നില്ല.
അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.
ജനാലപ്പഴുതിലൂടെ അയാൾ വീണ്ടും പുറത്തേക്കു നോക്കി.
ഇരുളിലെങ്ങോ പഞ്ചമിയുടെ നിഴൽ രൂപം.
ഭ്രാന്തമുഖം!
——–

By ivayana