രചന : ബാബുരാജ് കടുങ്ങല്ലൂർ✍
ശവകുടീരത്തിൽ ഉറുമ്പുകൾ
ഇഴയുന്നത് എന്തുകൊണ്ടാ
ണെന്നറിയുമോ?
ഉടുമ്പിൻ്റെ പുറംചട്ടയാണ വറ്റകൾക്ക് !
കൊഴിഞ്ഞു വീണ പൂക്കളുടെ
മധുരം നുണയാത്തവർ!
അടച്ചു വച്ച ശവത്തിൻ്റെ കണ്ണ്
തുരന്ന് അടക്കം ചെയ്ത
സ്വപ്നങ്ങളെ തിന്നു തീർക്കുന്നവർ !
ഉറുമ്പു മണങ്ങൾ.
ഉറുമ്പുജന്മങ്ങൾ.
(2)
ഊറി വരുന്ന വിഷധൂളികളാണ്
ഇവരെ ചുവപ്പിക്കുന്നതും
കറുപ്പിക്കുന്നതും !
ഉറക്കമില്ലാത്തവർ!
ശവകുടീരങ്ങളിൽ ഉറുമ്പുകൾ
ഇഴയുന്നത് എന്തുകൊണ്ടാണെന്ന
റിയുമോ?
ഉപ്പു പുരട്ടിയുണക്കിയ ആത്മാ-
വിൻ്റെ ജഢം തേടിയാണ്
അവറ്റയുടെ സഞ്ചാരങ്ങൾ !
കട്ടുമുടിക്കാൻ – കുലം മുടിക്കാൻ !
ഇവർ കരളിലെ കടൽ പോലും
കലക്കി കുടിക്കും?
(3)
ശവങ്ങളുടെ മണമാണ വറ്റകൾക്ക് ?
ആത്മാക്കളൂതുന്ന കാറ്റിൻ്റെ
തണുവാണ് അവറ്റയുടെ കണ്ണുകൾക്ക്?
സത്യങ്ങൾ അടച്ചു വച്ച പെട്ടകത്തിൽ നിന്നും പൊട്ടിയ
ചിന്തകളുടെ ഉള്ളകം തിന്നുന്നവർ !
അസ്ഥികൂടങ്ങൾ രാത്രിയിൽ
കത്തു പിടിച്ചതു പോലെ
കരഞ്ഞു കൊണ്ടിരിക്കും!
ഉൽക്കകൾ പൊള്ളിച്ച ജീവിത-
ങ്ങളാണത് ?
ഈയുറുമ്പുകൾ അവറ്റകളേയും
തിന്നൊടുക്കിയേക്കും !?
(4)
ഊന്നുവടികൾക്കിടയിൽ പോലും
ഇരുള് കലർന്ന ചോപ്പുനിറങ്ങൾ
ഇഴഞ്ഞു നടക്കുന്നുണ്ട്!
അട്ടയുടെ പുറംചട്ടയാണ വറ്റകൾക്ക് !?
ബലി കൊടുത്തതിൽ പാതിയും
അവറ്റകൾക്ക് !
വെറിളി പിടിച്ചതിൽ പാതിയും
അവറ്റകൾക്ക് !
നിധികൾ പങ്കിട്ടതിൽ പാതിയും
അവറ്റകൾക്ക്!
രമിക്കുന്നതിൽ പാതിയും
അവറ്റകൾക്ക് ?!
രാവ് മാഞ്ഞ് പകല് തെളിയുമ്പോൾ
ചൂടിൻ്റെ പാതിയിൽ പോലും
അവരുണ്ടായിരുന്നു !
(5)
ഉടല് കരണ്ടു തിന്നുന്നവർ
ഉരഗങ്ങളെ പോലും വേട്ടയാടിയേക്കും !
ശവകുടീരങ്ങളിൽ ഇവറ്റകൾ
മേയുന്നത് നിങ്ങളും കാണുന്നുണ്ടാവും?
അവർ ഉദയകിരണങ്ങളിൽ നിന്ന്
ഇരുട്ടിൻ്റെ അറയിലേക്ക് കൊണ്ടു
പോകുന്നത് എന്നെയായിരുന്നു!?
കാലാവധിക്കുമുമ്പ് കാലഹരണ
പ്പെട്ടു പോയവൻ!
നിങ്ങൾ കണ്ട ശവം ഞാനെന്ന
ചിന്തയാണ്?
കണ്ണിൽ അഗ്നി കെട്ടു പോയവൻ :
കരളിൽ കടല് വറ്റി പോയവൻ!
ഉമിത്തിയിൽ വെന്തു തീർന്നാലും
ഇവറ്റകൾ തിന്നു തീർക്കാതിരി
ക്കില്ല ?
(6)
ഉറുമ്പുജന്മങ്ങൾ………
ഉറമ്പുകളുടെ നിറമുള്ള ആകാശം!
ഭൂമി, മേഘങ്ങൾ, തണുവു മേയുന്ന
ശവകുടീരങ്ങൾ……?
ജീവൻ്റെ ഉൽപ്പത്തികളിൽ പോലും?
ഇനി മഴ വന്ന് മണം മാറുന്നതെപ്പോ
ഴാണാവോ?
ഗ്രീഷ്മങ്ങളിങ്ങനെയൊക്കെയാണ്!
ഉറുമ്പുകളെ പോലെ ഇഴഞ്ഞു
കേറി വെട്ടി മുറിച്ച് ആർത്തി
തീർക്കുന്നവർ?
(7)
ശവകുടീരത്തിൽ ഉറുമ്പുകൾ
ഇഴയുന്നത് എന്തുകൊണ്ടാ
ണെന്നറിയുമോ?
തണുവു വീണ നിലാവിൽ
ജഢങ്ങളുടെ ദ്രവിച്ച
മണമുള്ളതുകൊണ്ട്!!!