രചന : മംഗളൻ. എസ് (മംഗളൻ കുണ്ടറ)✍
ഋതുഭേതം കൃത്യമായ് വന്നൊരു കാലം
ഋഷിമാരോ തപസ്യയിലാണ്ട കാലം
വസന്തം ഗ്രീഷ്മവും ശരത് ഹേമന്തവും
വർഷവും ശിശിരവും വന്നൊരു കാലം!
പൂക്കൾ നിറയുന്നു പുവാടികൾ തോറും
പൂമധു നുകരാൻ മധുപനെത്തുന്നു
സൂര്യാംശു ചെമ്പനീർ ജലകണം മുത്തി
സൂര്യതേജസ്സുള്ള വജ്രങ്ങളാക്കുന്നു!
പഞ്ചമലർ ബാണനമ്പുകളെയ്യുന്നു
പഞ്ചമിപ്പെണ്ണോ പ്രണയിനിയാകുന്നു
ഞാറ്റുവേലക്കിളി പാട്ടുകൾ പാടുന്നു
ഞാറുനടാൻ പാടം സജ്ജമായീടുന്നു
പ്രകൃതിതൻ പരിലളനങ്ങളേൽക്കേ
പ്രതിദിനം പുളകം കൊണ്ടന്നു ഭൂമി!
പ്രതിദിനം സ്വാർത്ഥമോഹം മൂത്തു മർത്യൻ
പ്രകൃതിയെ നോവിച്ച് ഭൂമിയെക്കൊല്ലുന്നു!
മണ്ണിൻ കുടകളാം തണൽ മരമെല്ലാം
മനിതന്മാർ വെട്ടി മുറിച്ചെടുക്കുന്നു!
മലയങ്ങിടിച്ച് മണിസൗധം പണിതു
മണ്ണുകൊണ്ടിട്ടു പുഴകൾ നികത്തുന്നു!
മലകളും പുഴകളും പാടങ്ങളും
മനതാരിൽ പൊലിയുന്ന സ്വപ്നങ്ങളായ്!
തെളിനീരൊഴുകും കുടി നീർച്ചാൽ വറ്റി
തെളിയുന്നു മർത്യൻ്റെ തനി സ്വരൂപം!
മാമ്പഴക്കനിയും തണലുമേകിയ
മാഞ്ചോട്ടിൽ കോടാലി വീഴുന്നതു കഷ്ടം!
നാട്ടുമാവെന്നതൊരാത്മനൊമ്പരവും
നാനാവിധത്തിലെ സ്നേഹ സങ്കല്പവും!
മറയുന്നിതോ ഋതുഭേതങ്ങൾ മണ്ണിൽ
മരിക്കുന്നുവോ നിത്യം മനുഷ്യത്വങ്ങൾ!